ഹെൽമറ്റ് സ്വന്തമായി; റസാഖിന് ഇനി സന്തോഷ യാത്ര

0

കോഴിക്കോട്: സ്വന്തമായി പുരയിടം പോലുമില്ലാത്ത ഭിന്നശേഷിക്കാരനായ പൂവാട്ടുപറമ്പ് സ്വദേശി അബ്ദുൾ റസാഖിന് ഇനി ഹെൽമറ്റ് ധരിച്ചു തന്നെ സ്കൂട്ടറോടിക്കാം. മാത്രമല്ല, പെട്രോളടിക്കാൻ പണമില്ലാതെ യാത്ര മുടങ്ങുകയുമില്ല. മലബാർ ഡവലപ്മെൻ്റ് കൗൺസിൽ പ്രസിഡൻ്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണിയാണ് ഇന്നലെ പ്രസ് ക്ലബ്ബ് പരിസരത്ത് നടന്ന ചടങ്ങിൽ റസാഖിന് ഹെൽമറ്റും ഇന്ധന ചെലവിനുള്ള പണവും കൈമാറിയത്.

ഭിന്നശേഷിക്കാരനായ അബ്ദുൾ റസാഖിന് മലബാർ ഡവലപ്മെൻ്റ് കൗൺസിൽ പ്രസിഡൻ്റ് ഷെവലിയർ സി.ഇ.ചാക്കുണ്ണി ചെക്കും, ഹെൽമറ്റും, ഷീൽഡും കൈമാറുന്നു. സി എം എ പ്രസിഡന്റ്‌ എം ഐ അഷ്റഫ്, ടർട്ടിൽ ഹെൽമെറ്റ് കമ്പനി ജനറൽ മാനേജർ ബിജോയ് ഭരതൻ, അസോസിയേഷൻ ഖജാൻജി സി കെ ബാബു എന്നിവർ.


     എ.ഐ.കാമറ വന്നതോടെ ഹെൽമറ്റ് കടകളിൽ തിരക്കേറിയെങ്കിലും അബ്ദുൾ റസാഖ് ആ വഴിക്കൊന്നും പോയില്ല. തൻ്റെ മുച്ചക്ര സ്കൂട്ടറിൽ റസാഖ് പതിവുപോലെ, തലയിൽ ഹെൽമറ്റ് വെയ്ക്കാതെ പുറത്തിറങ്ങി. എ.ഐ.കാമറയിൽ പല തവണ കുടുങ്ങി. എന്നിട്ടുമെന്തേ ഹെൽമറ്റ് ധരിക്കാത്തതെന്ന ചോദ്യത്തിന് റസാഖ് നൽകിയ ഉത്തരമാണ് മാധ്യമങ്ങളിൽ നിന്ന് ചാക്കുണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടത്. ”സർക്കാറിന് ആധുനിക കാമറകൾ സ്ഥാപിക്കാം, പക്ഷേ, അതിനൊത്ത് ഹെൽമറ്റ് വാങ്ങാൻ കൈയിൽ പണമില്ലെന്നായിരുന്നു റസാഖിൻ്റെ പ്രതികരണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സ്വന്തമായി വീടും സ്ഥലവുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന ഭിന്നശേഷിക്കാരൻ്റെ ദുരിതമത്രയും തിരിച്ചറിഞ്ഞു.


      സിറ്റി മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻറും ടർട്ടിൽ ഹെൽമറ്റ് കമ്പനി മാനേജിംഗ് ഡയറക്ടറുമായ എം.ഐ.അഷറഫിനോട് ചാക്കുണ്ണി ഈ വിവരം പങ്കുവെച്ചു. ഹെൽമറ്റും മൂന്നു മാസത്തേക്ക് ഇന്ധന ചെലവിനുള്ള പണവും റസാഖിന് നൽകാമെന്ന് അഷറഫിൻ്റെ വാഗ്ദാനം. ഇന്ന് പ്രസ് ക്ലബ്ബിലേക്ക് റസാഖിനെ ക്ഷണിച്ചു വരുത്തി ഹെൽമറ്റും ഷീൽഡും പണവും കൈമാറി. നിയമം ലംഘിക്കാതെ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യാൻ സാധിച്ചതിലുള്ള സന്തോഷം റസാഖ് പങ്കുവെച്ചു. ഡൽഹിയിലെ ഫാക്ടറിയിൽ നിർമിച്ച് കേരളത്തിൽ കുറഞ്ഞ വിലയ്ക്ക് ഹെൽമറ്റ് വിൽപ്പന നടത്തുന്ന അഷറഫിൻ്റെ നേതൃത്വത്തിലുള്ള ടർട്ടിൻ ഹെൽമറ്റ് കമ്പനി, ഇന്ന് മുതൽ 30 വരെ കോഴിക്കോട് ബീച്ചിലെ ഇറ്റാലിക്ക ട്രേഡിംഗ് കമ്പനിയിൽ വ്യാപാര മേളയും സംഘടിപ്പിക്കുന്നുണ്ട്. 
ചടങ്ങിൽ സിറ്റി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ടും, ടർട്ടിൽ ഹെൽമറ്റ് കമ്പനി എംഡിയുമായ എം ഐ അഷ്റഫ് അധ്യക്ഷത വഹിച്ചു. ടർട്ടിൽ ഹെൽമെറ്റ് കമ്പനി ജനറൽ മാനേജർ ബിജോയ് ഭരതൻ, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സി.ജി. ലൂയിസ് സാംസൺ എന്നിവർ ആശംസകൾ നേർന്നു. സി എം എ ജനറൽ സെക്രട്ടറി എം.എൻ. ഉല്ലാസൻ സ്വാഗതവും ഖജാൻജി സി.കെ. ബാബു നന്ദിയും പറഞ്ഞു.

ഷെവലിയർ സി. ഇ. ചാക്കുണ്ണി
9847412000
കോഴിക്കോട്
16.06.2023

You might also like

Leave A Reply

Your email address will not be published.