സോപ്പ് വാങ്ങി തേച്ച്‌ കൊതുകുകടി കൊള്ളുന്നവരാണോ നമ്മള്‍? പുതിയ പഠനം പറയുന്നത് ഇങ്ങനെ

0

നല്ല റോസാപ്പൂവിന്‍റെയും ചന്ദനത്തിന്‍റെയും സ്ട്രോബറിയുടെയുമെല്ലാം സുഗന്ധമുള്ള സോപ്പുതേച്ചുള്ള കുളി എന്ത് രസമാണല്ലേ. എന്നാല്‍, ഒരുകൂട്ടം ഗവേഷകര്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത് സോപ്പുതേച്ചുള്ള കുളി അല്‍പം പ്രശ്നക്കാരനാണെന്നാണ്. എല്ലാ സോപ്പുകളുമല്ല, ചില സുഗന്ധമുള്ള സോപ്പുകള്‍. അപകടകാരിയായ കൊതുകുകളെ സോപ്പിന്‍റെ സുഗന്ധം ആകര്‍ഷിക്കുന്നുവെന്നാണ് കണ്ടെത്തല്‍. സോപ്പുതേച്ചുള്ള കുളിയൊക്കെ കഴിഞ്ഞ് വന്നിരിക്കുമ്ബോള്‍ ചുറ്റും കൊതുകുകള്‍ കൂടുന്നുണ്ടെങ്കില്‍ ഓര്‍ത്തോളൂ, സോപ്പിന്‍റെ സുഗന്ധത്തിന് കൊതുകിനെ വിളിച്ചുവരുത്തുന്നതില്‍ വലിയ പങ്കുണ്ടെന്ന്.യു.എസിലെ വിര്‍ജീനിയ ടെക് സര്‍വകലാശാലക്ക് കീഴിലെ കോളജ് ഓഫ് അഗ്രികള്‍ച്ചര്‍ ആൻഡ് ലൈഫ് സയൻസസിലെ ഗവേഷകരുടെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ശാസ്ത്ര ജേണലായ ‘ഐസയൻസി’ലാണ്. സോപ്പിന്‍റെ സുഗന്ധം കൊതുകിനെ വിളിച്ചുവരുത്തും എന്നാണ് ഇവരുടെ കണ്ടെത്തല്‍.ആളുകളുടെ ശരീരത്തിന്‍റെ സ്വാഭാവിക ഗന്ധവും, സോപ്പുതേച്ച്‌ കുളിച്ച ശേഷമുള്ള ഗന്ധവും ശേഖരിച്ചാണ് പഠനം നടത്തിയത്. വിവിധ ഗന്ധമുള്ള സോപ്പുകളില്‍ ഈ പരീക്ഷണം തുടര്‍ന്നു. ഡോവ്, ഡയല്‍, നേറ്റീവ്, സിംപിള്‍ ട്രൂത്ത് തുടങ്ങിയ പ്രമുഖ സോപ്പുകള്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം.പലഘട്ടങ്ങളിലായി നടത്തിയ പരീക്ഷണത്തില്‍, സോപ്പിന്‍റെ ഗന്ധം കൊതുകുകളെ ആകര്‍ഷിക്കുന്നതായി ഇവര്‍ കണ്ടെത്തി. ചില പ്രത്യേക ഗന്ധങ്ങള്‍ കൂടുതലായി ആകര്‍ഷിക്കുന്നുണ്ടെന്നും കണ്ടെത്തി. മനുഷ്യശരീരത്തിന്‍റെ സ്വാഭാവിക ഗന്ധവും സോപ്പുതേച്ചുള്ള സുഗന്ധവും ശേഖരിച്ച്‌ രണ്ടിടത്തായി വെച്ചായിരുന്നു പരീക്ഷണം. സ്വാഭാവിക ഗന്ധത്തേക്കാള്‍ സോപ്പുതേച്ചുള്ള ശരീരത്തിന്‍റെ ഗന്ധം തേടിയാണ് കൂടുതല്‍ കൊതുകുകളും എത്തിയത്.കുളികഴിഞ്ഞ ശേഷം നമ്മുടെ ശരീരഗന്ധത്തിലെ 60 ശതമാനവും സോപ്പിന്‍റെ ഗന്ധമാണ്. നമ്മുടെ ശരീരത്തിലെ രാസവസ്തുക്കളും സോപ്പിലെ രാസവസ്തുക്കളും സംയോജിക്കുന്നുണ്ട്. ഇത് കൊതുകിനെ ആകര്‍ഷിക്കുകയാണ്. പഴത്തിന്‍റെയും പൂവുകളുടെയും ഗന്ധമുള്ള സോപ്പുകള്‍ കൊതുകുകളെ കൂടുതലായി ആകര്‍ഷിക്കുന്നു. അതേസമയം, തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഗന്ധമുള്ള സോപ്പുകള്‍ കൊതുകുകളെ ആകര്‍ഷിക്കുന്നില്ലെന്നും കണ്ടെത്തി. ഇത് ഒരു ഘടകം മാത്രമാണെന്നും സോപ്പിന്‍റെ ഗന്ധം മാത്രമല്ല കൊതുകിനെ മനുഷ്യനിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

You might also like

Leave A Reply

Your email address will not be published.