മോന്‍സന്‍ കേസ്; ഇരകള്‍ കബളിക്കപ്പെട്ടോ എന്നന്വേഷിക്കണമെന്ന് സിദ്ദീഖ് പുറായില്‍

0

ദോഹ: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ തനിക്ക് നേരിട്ട് യാതൊരു പങ്കുമില്ലെന്ന് ഖത്തറിലെ വ്യവസായിയും ഏബ്ള്‍ ഗ്രൂപ്പ് ചെയര്‍മാനുമായ സിദ്ദീഖ് പുറായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേസിലെ പരാതിക്കാരനായ യാക്കൂബ് പുറായില്‍ തന്റെ സഹോദരനാണെന്നും അദ്ദേം പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ച് കോടികള്‍ പ്രതിക്ക് നല്‍കിയതും അവരുടെ ചതിയില്‍ പെട്ടുപോയതുമാണെന്ന് സിദ്ദീഖ് പുറായില്‍ പറഞ്ഞു.

മോന്‍സന്‍ കേസിലെ പരാതിക്കാരനായ അനൂപ് നേരത്തെ ചതിയില്‍പ്പെട്ടതിന് ശേഷം തന്റെ സഹോദരനെ മനഃപൂര്‍വ്വം ചതിയില്‍പ്പെടുത്തിയതാണെന്ന് താന്‍ സംശയിക്കുന്നതായും ഇക്കാര്യം താന്‍ സഹോദരനോട് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നതായും സിദ്ദീഖ് പുറായില്‍ വ്യക്തമാക്കി.

മോന്‍സനുമായി ബന്ധപ്പെട്ട ഇടപാടില്‍ തന്നോടും പങ്കാളിയാവാന്‍സഹോദരന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിയുടെ കൈവശമുള്ള വസ്തുക്കളെ കുറിച്ച് അറിഞ്ഞപ്പോള്‍ വിശ്വാസക്കുറവ് തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഹോദരനും മറ്റൊരു പരാതിക്കാരനായ ഷമീറും പ്രതിക്ക് കൊടുക്കാന്‍ പണം ആവശ്യപ്പെട്ട സമയത്ത് പരാതിക്കാരനായ ഷമീറിന്റെ ചെക്കുകളും എഗ്രിമെന്റും വാങ്ങിച്ച് രണ്ടു മാസത്തെ കാലാവധി നിശ്ചയിച്ച് ഒരു കോടി രൂപ സഹോദരന് കടമായി നല്‍കിയിട്ടുണ്ട്. അങ്ങനെയല്ലാതെ തനിക്ക് നേരിട്ട് യാതൊരു പങ്കാളിത്തവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരെല്ലാം ഫ്രോഡുകളാണെന്ന തരത്തിലുള്ള പ്രചാരണം തീര്‍ത്തും ഖേദകരമാണ്. ചിലരെങ്കിലും വസ്തുത അറിയാതെ പണം നല്‍കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ നടക്കുമ്പോള്‍ അതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ചു ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്നും സിദ്ദീഖ് പുറായില്‍ ആവശ്യപ്പെട്ടു.

മൈസൂരിലെ തെരുവോരങ്ങളില്‍ നിന്നും വാങ്ങിയ വസ്തുക്കള്‍ മ്യൂസിയം നിര്‍മിച്ച് പ്രദര്‍ശിപ്പിച്ച് വലിയ മൂല്യമുള്ളവയാണെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. മാത്രമല്ല ഇക്കാര്യം വിശ്വസിച്ച് പൊലീസ് അദദ്ദേഹത്തിന്റെ വീടിനു മുമ്പില്‍ എയ്ഡ് പോസ്റ്റ് പോലും സ്ഥാപിക്കുകയുണ്ടായി. ഇതില്‍ ഭരണകര്‍ത്താക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സിനിമ- സാമൂഹിക മേഖലയിലെ പ്രമുഖരും കുടുങ്ങിപ്പോയതായിരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സിദ്ദീഖ് പുറായില്‍ പറഞ്ഞു. എങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഇപ്പോള്‍ പ്രതിയാക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി തനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹവുമായി ഇപ്പോഴും സാമ്പത്തിക ഇടപാടുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും സിദ്ദീഖ് പുറായില്‍ പറഞ്ഞു. ഖത്തറിലെ സംഘടനാപരമായ ചില പ്രശ്‌നങ്ങളുടെ പേരില്‍ രണ്ടുമൂന്നു തവണ അദ്ദേഹത്തെ നേരിട്ട് സന്ദര്‍ശിച്ചിട്ടും വേണ്ടത്ര പരിഗണന നല്‍കാത്തത് കാരണം തനിക്ക് അദ്ദേഹവുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെങ്കിലും സത്യവും നീതിയും മാത്രമേ തനിക്ക് പറയാന്‍ സാധിക്കുകയുള്ളുവെന്നും സിദ്ദീഖ് പുറായില്‍ പറഞ്ഞു.

ആരോഗ്യകാര്യങ്ങള്‍ വളരെ ചിട്ടയോടെ പരിപാലിക്കുന്ന വ്യക്തിയാണ് കെ സുധാകരന്‍. വയനാട്ടിലെ കാട്ടിക്കുളത്തുള്ള കേളന്‍ വൈദ്യര്‍ ഉള്‍പ്പെടെ അദ്ദേഹം സന്ദര്‍ശിച്ച് ചികിത്സ നടത്തുന്നതിനെ കുറിച്ച് തനിക്കറിയാം. അദ്ദേഹം പത്തു ലക്ഷം രൂപയ്ക്ക് വേണ്ടി ഇത്തരമൊരു തട്ടിപ്പിന് കൂട്ടുനിന്നുവെന്നത് സാമാന്യബോധമുള്ള ഒരു മനുഷ്യനും വിശ്വസിക്കില്ല. മാത്രമല്ല അദ്ദേഹം ആവശ്യപ്പെട്ടാല്‍ പത്തോ പതിനഞ്ചോ ലക്ഷം രൂപ നല്‍കാന്‍ താന്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജ്ജരുമാണ്.

രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ഇടപെടുന്ന ആളുകളെ മുഴുവന്‍ തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. പ്രത്യേകിച്ച് അദ്ദേഹം പ്രതിയെ സന്ദര്‍ശിക്കുന്ന സമയങ്ങളില്‍ പ്രതി ഡിപ്ലോമാറ്റ് ആണെന്നും അറിയപ്പെടുന്ന വ്യക്തിയും കേരളത്തിലെ സാമൂഹിക- സാംസ്‌ക്കാരിക മേഖലയിലെ എല്ലാ ഉന്നത ശ്രേണിയിലുള്ള ആളുകളുടേയും അടുത്ത പരിചയക്കാരനുമാണ്. അത്തരം ഒരു വ്യക്തിയെ ആ സമയത്ത് സുധാകരന്‍ സന്ദര്‍ശിച്ചു എന്നതുകൊണ്ട് അദ്ദേഹത്തെ പ്രതിയാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും സിദ്ദീഖ് പുറായില്‍ പറഞ്ഞു. അനാവശ്യമായി കെ സുധാകരന് പിന്തുണ നല്‍കേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ചാനലില്‍ പ്രത്യക്ഷപ്പെടുന്ന സമീര്‍ സി പി എം അനുഭാവിയാണെന്നും അദ്ദേഹവുമായി നോമ്പ് കാലത്തുള്‍പ്പെടെ താന്‍ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയതായും സിദ്ദീഖ് പുറായില്‍ പറഞ്ഞു.

ഇന്‍കാസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍, അബ്ബാസ്, അഷറഫ് വടകര എന്നിവരും സിദ്ദീഖ് പുറായിലിനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.