പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യത;അലി അല്‍ ഹന്‍സബ്

0

ദോഹ. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ തുടര്‍ച്ചയായി നടക്കേണ്ട നടപടിയാണെന്നും പ്രമുഖ ഖത്തരി പരിസ്ഥി പ്രവര്‍ത്തകന്‍ അലി അല്‍ ഹന്‍സബ് അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഡോ. സിമി പോളിന്റെ ഗാര്‍ഹികോദ്യാനത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഉയര്‍ത്തുന്ന ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികള്‍ക്കുള്ള കാര്യക്ഷമമായ പരിഹാരമാണ് മരം നടുകയും പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തുകയും ചെയ്യുകയെന്നത്. ഈ രംഗത്ത് ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥയായ ഡോ. സിപി. പോള്‍ ചെയ്യുന്ന പ്രവര്‍ത്തനം മാതൃകാപരമാണ്. ചെടികളും പൂക്കളും നിറഞ്ഞുനില്‍ക്കുന്ന കാഴ്ച കണ്ണിനും കരളിനും കുളിരുപകരുന്നതാണെന്നും ഓരോരുത്തരും തങ്ങളുടെ വീട്ടിലും പരിസരത്തും ഓരോ ചെടികളെങ്കിലും നട്ടുവളര്‍ത്താന്‍ തയ്യാറായാല്‍ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് പ്രവര്‍ത്തകര്‍ സന്ദേശ പ്രധാനമായ പ്‌ളക്കാര്‍ഡുകളുമായി പരിസ്ഥിതി പദയാത്രയും ചര്‍ച്ചയും സംഘടിപ്പിച്ച് പരിസ്ഥിതി ദിനാഘോഷം സവിശേഷമാക്കി . ഡെസേര്‍ട്ട് ഫാമിംഗിലും ഹോം ഗാര്‍ഡനിംഗിലും ചെയ്തുവരുന്ന മികച്ച സംഭാവനക്ക് പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം നേടിയ ഡോ. സിമി പോളിനുള്ള മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഉപഹാരം അലി അല്‍ ഹന്‍സബ് സമ്മാനിച്ചു.

അലി അല്‍ ഹന്‍സബനുളള ഉപഹാരം മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് നേതാക്കള്‍ ചേര്‍ന്ന് സമ്മാനിച്ചു.

മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര, സെക്രട്ടറി ജനറല്‍ മശ് ഹൂദ് തിരുത്തിയാട്, ഖത്തര്‍ കമ്മ്യൂണ്‍ ചെയര്‍മാന്‍ മുത്തലിബ് മട്ടന്നൂര്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഉസ് മാന്‍ കല്ലന്‍, ഹാജി കെ.വി. അബ്ദുല്ലക്കുട്ടി, അബ്ദുല്ല പൊയില്‍, വാസു വാണിമേല്‍ , ഡോ. അന്‍വര്‍, ബഷീര്‍ അഹ് മദ്, മുഹമ്മദ് റഫീഖ് തങ്കയത്തില്‍, മൂനീര്‍, ഷമീര്‍ പി.എച്ച്. വി.ഐ.പോള്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ. ഖത്തരി പരിസ്ഥി പ്രവര്‍ത്തകന്‍ അലി അല്‍ ഹന്‍സബും മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് നേതാക്കളും പരിസ്ഥിതി ദിന പ്‌ളക്കാര്‍ഡുമായി ഡോ. സിമി പോളിന്റെ ഉദ്യാനത്തില്‍

You might also like

Leave A Reply

Your email address will not be published.