അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പിന് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
ദോഹ: അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കേരള സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
ഇന്ത്യാ രാജ്യത്തിന്റെ വികസനത്തില്‍ വിശേഷിച്ച് കേരള സംസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ചവരാണ് പ്രവാസികള്‍. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാനും സാംസ്‌ക്കാരിക വിനിമയത്തിലും പ്രവാസികള്‍ക്ക് വലിയ പങ്കുണ്ട്. രാജ്യത്തിന്റെ സംസ്‌ക്കാരവും പാരമ്പര്യവും വിദേശ രാജ്യങ്ങളില്‍ പ്രചരിപ്പിക്കുന്ന അംബാസഡര്‍മാരാണ് പ്രവാസികളെന്നും അദ്ദേഹം വിശദമാക്കി.
എന്നാല്‍ പ്രവാസികളേയും പ്രവാസി പ്രശ്‌നങ്ങളേയും വേണ്ടത്ര ഗൗരവത്തില്‍ കാണാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. വിമാന യാത്ര ടിക്കറ്റിന്റെ മറവില്‍ പ്രവാസികള്‍ കൊള്ളയടിക്കപ്പെടുകയാണ്. കൂടുതല്‍ പ്രവാസികള്‍ യാത്ര ചെയ്യുന്ന സീസണുകളില്‍ വിമാനക്കമ്പനികള്‍ നടത്തുന്നത് പകല്‍ക്കൊള്ളയാണ്. ഇത് പരിഹരിക്കാന്‍ ഗള്‍ഫ് സെക്ടറിലേക്കുള്ള വിമാന യാത്രാക്കൂലിക്ക് സീലിംഗ് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും പാര്‍ട്ടി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ബജറ്റ് എയര്‍ലൈന്‍ എന്നതിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നും നിരവധി ആനുകൂല്യങ്ങള്‍ പറ്റുന്ന വിമാനക്കമ്പനികള്‍ പോലും കൂടുതല്‍ യാത്രക്കാരുള്ള സീസണുകളില്‍ മൂന്നും നാലും ഇരട്ടിയാണ് ചാര്‍ജ് ചെയ്യുന്നത്. ഇത് അവസാനിപ്പിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ആലോചന കേന്ദ്ര സര്‍ക്കാര്‍ ഭാഗത്തു നിന്നും നടക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇത് പ്രവാസികളെ മാത്രമല്ല രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ പോലും തകര്‍ക്കുമെന്നും ഇത്തരം ആലോചനകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസം ഏറെ സ്വാധീനിച്ച സംസ്ഥാനമാണെങ്കിലും പ്രവാസി പ്രശ്‌നങ്ങളെ അര്‍ഹിച്ച ഗൗരവത്തോടെ കാണാന്‍ കേരള സര്‍ക്കാറിന് സാധിച്ചിട്ടില്ല. പ്രവാസികളുടെ പേരില്‍ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്ത് സാമ്പത്തിക ധൂര്‍ത്ത് നടത്തുന്നു എന്നല്ലാതെ പ്രവാസി പ്രശ്‌നങ്ങളെ കാര്യക്ഷമമായും പ്രവാസ ലോകത്ത് മാറിവരുന്ന തൊഴില്‍ പ്രതിസന്ധികളേയും തൊഴില്‍ നഷ്ടങ്ങളേയും അഡ്രസ് ചെയ്യാന്‍ കേരള സര്‍ക്കാറിന് സാധിച്ചിട്ടില്ല. പ്രവാസി കുടുംബങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മക്കളുടെ തുടര്‍പഠനം എന്നതാണ്. പ്രതിസന്ധി പരിഹരിക്കാന്‍ പ്രവാസി യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കണമെന്ന ആവശ്യം കേരള സര്‍ക്കാര്‍ ഗൗരവത്തില്‍ കാണണം. അത്തരം സ്ഥാപനങ്ങളില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് സാധാരണ ഫീസില്‍ പഠിക്കാന്‍ കൂടുതല്‍ അവസരമുണ്ടാകണം.
മെഡിക്കല്‍ സീറ്റുകളില്‍ ഉള്‍പ്പെടെ എന്‍ ആര്‍ ഐ ക്വാട്ട എന്ന പേരില്‍ നടക്കുന്ന ഫീസ് കൊള്ള അവസാനിപ്പിക്കണം. എന്‍ ആര്‍ ഐ റിസര്‍വേഷനില്‍ വിദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് സാധാരണ ഫീസില്‍ പഠിക്കാന്‍ അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ഗവണ്‍മെന്റിന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതികള്‍ ഗള്‍ഫ് രാജ്യങ്ങളിലും കൂടി വ്യാപിപ്പിച്ച് നാട്ടില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള അറിവും പരിശീലനവും വിദേശങ്ങളിലെ മലയാളികള്‍ക്കും നല്‍കണം. ഗള്‍ഫിലെ അനുഭവ പരിചയവും കേരളത്തിന്റെ സാധ്യതയും സര്‍ക്കാര്‍ പരിശീലനം ലഭിക്കുമ്പോള്‍ പ്രവാസികള്‍ക്ക് നാട്ടില്‍ ചെറിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും അത് സംസ്ഥാനത്തിന്റെ വികസനത്തില്‍ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികള്‍ക്കായി നിരവധി സ്ഥാപനങ്ങളും സംരംഭങ്ങളും കേരള ഗവണ്‍മെന്റ് കീഴില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളുടേയും സംവിധാനങ്ങളുടേുയം പ്രവര്‍ത്തനങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഓഡിറ്റ് നടത്തി കാലാനുസൃതമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികള്‍ക്കായുള്ള പല ബോഡികളിലും നടക്കുന്ന നിയമനങ്ങള്‍ രാഷ്ട്രീയ നിയമനങ്ങളാണ്. അനുഭവങ്ങളും കാഴ്ചപ്പാടുകളും ഉള്ള പ്രവാസികളെ നിയമിച്ച് വിവിധ ബോഡികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്‍ ഉണ്ടായിരുന്ന കാലത്ത് ഇടതുമുന്നണിയുമായി ചേര്‍ന്ന് നിരവധി പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് ജയം നേടിയിട്ടുണ്ട്. എന്നാല്‍ യു ഡി എഫിന് പിന്തുണ നല്‍കിയതോടെയാണ് സി പി എം തങ്ങളെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്ന് ആരോപിച്ചതെന്നും അദ്ദേഹം പറഞ്ഞു. തത്ക്കാലം ഇരുമുന്നണികളിലും ചേരാന്‍ ഉദ്ദേശ്യമില്ലെന്നും റസാക്ക് പാലേരി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മൂനീഷ് എ സി, ഷാനവാസ് ഖാലിദ്, റബീഅ് എന്നിവരും പങ്കെടുത്തു.