ഇത്രയും തുകയെന്തിനാണ് ഈടാക്കുന്നത് എന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്.അതേ, ഒരു സാരി ഉടുപ്പിച്ച് കൊടുക്കുന്നതിന് 35,000 മുതല്‍ 2 ലക്ഷം രൂപ വരെ ഈടാക്കുന്ന ഡോളി ജെയ്ന്‍ അതിനൊരു ഉദാഹരണമാണ്.സാരി ഡ്രാപ്പിംഗ് ആര്‍ട്ടിസ്റ്റാണ് ഡോളി ജെയ്ന്‍. നടി ആലിയ ഭട്ടിന്റെ വെഡ്ഡിംഗ് ലുക്കിന് പിറകിലും നടി കത്രീന കൈഫിന്റെ ബ്രൈഡല്‍ ലെഹങ്കയ്‌ക്ക് പിറകിലും ഡോളിയുടെ കൈകളായിരുന്നു പ്രവര്‍ത്തിച്ചത്. മെറ്റ് ഗാലയില്‍ പങ്കെടുക്കുന്നതിന് വേണ്ടി നതാഷ പൂനവാലയെ വസ്ത്രം ധരിപ്പിച്ചും ഡോളി തന്നെയായിരുന്നു.ഒരു കാലത്ത് സാരി ഉടുക്കുന്നത് പോയിട്ട്, കാണുന്നതും പോലും ദേഷ്യമായിരുന്നു ഡോളിക്ക്. അപ്പോഴാണ് ദിവസവും സാരിയുടുത്ത് നടക്കണമെന്ന് നിര്‍ബന്ധമുള്ള വീട്ടിലേക്ക് അവര്‍ കല്യാണം കഴിഞ്ഞെത്തുന്നത്. അതുകൊണ്ട് തന്നെ ദിവസവും രാവിലെ മുക്കാല്‍ മണിക്കൂറോളം സമയമെടുത്ത് അവര്‍ സാരി ചുറ്റും. സാരി തനിക്ക് പറ്റുന്നില്ലെന്നും വീട്ടില്‍ കുര്‍ത്ത അണിഞ്ഞോട്ടെയെന്നും അവര്‍ തന്റെ ഭര്‍തൃമാതാവിനോട് അപേക്ഷിച്ചുവെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ ദിവസവും സാരി ചുറ്റി തന്നെ നടക്കേണ്ടി വന്നു ഡോളിക്ക്. എന്നാല്‍ ആഴ്ചകളും മാസങ്ങളും പിന്നിട്ടപ്പോള്‍ പതിയെ സാരിയുമായി ഡോളി പ്രണയത്തിലായി.അവിടന്നങ്ങോട്ട് വളരെ ഇഷ്ടത്തോടെയും അഭിനിവേശത്തോടെയുമാണ് അവര്‍ സാരിയണിഞ്ഞിരുന്നത്. വ്യത്യസ്തമായി സാരിയുടുത്ത് ഡോളി ആനന്ദം കണ്ടെത്തുകയും ചെയ്തു. അതിനിടെയാണ് അവര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. നാട്ടില്‍ ഒട്ടുമിക്ക സ്ത്രീകള്‍ക്കും സാരി മടുത്തിരിക്കുന്നു. ഗൗണുകളോടുള്ള സ്ത്രീകളുടെ ഇഷ്ടം യുവതികള്‍ക്കിടയില്‍ വര്‍ധിച്ചതായും അവര്‍ മനസിലാക്കി. അങ്ങനെയെങ്കില്‍ വ്യത്യസ്തമായ രീതിയില്‍ സാരിയുടുത്ത് സ്ത്രീകളുടെ മനസില്‍ വീണ്ടും സാരിയോടുള്ള ഇഷ്ടം തിരികെ കൊണ്ടുവരാന്‍ ഡോളി ശ്രമിച്ചു. അതിലൊരു ബിസിനസ് സാധ്യതയും അവര്‍ മുന്നില്‍കണ്ടിരുന്നു. ഡോളിയുടെ നിശ്ചയദാര്‍ഢ്യത്തിനൊടുവില്‍ രാജ്യം കണ്ട ഏറ്റവും മികച്ച സാരി ഡ്രാപ്പിംഗ് ആര്‍ട്ടിസ്റ്റാകാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇന്ന് ഡോളിയുടെ കൈയ്യില്‍ ഒരു സാരി കിട്ടിയാല്‍ അത് 325 സ്റ്റൈലില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.ഒരാളുടെ ശരീരം, അവര്‍ പങ്കെടുക്കുന്ന ചടങ്ങ്, സാരിയുടെ ഡിസൈന്‍, സാരി നിര്‍മ്മിച്ചിരിക്കുന്ന തുണി, നിറം എന്നീ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഡോളി ജെയ്ന്‍ സ്ത്രീകളെ സാരി ഉടുപ്പിക്കുക. നാം ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലും വിധത്തിലും രൂപത്തിലും അവര്‍ ഒരു സാരിയെ അവതരിപ്പിക്കും. അതുകൊണ്ട് തന്നെയാണ് സാരി അണിയിക്കുന്നതിന് 35,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ അവര്‍ ഈടാക്കുന്നതെന്ന് ഡോളിയുടെ സംതൃപ്തരായ കസ്റ്റമേഴ്സ് പറയുന്നു.