രണ്ടുമാസമായി ഊണും ഉറക്കവുമില്ലാതെ വനംവകുപ്പിന്‍റേതുള്‍പ്പെടെ സംവിധാനങ്ങള്‍ ദൗത്യത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു.ഉദ്യോഗസ്ഥരും ജീവനക്കാരുമായി 40 പേര്‍ ഇതിന് പിറകിലുണ്ടായിരുന്നു. കഴിഞ്ഞമാസം പകുതിയോടെ മുത്തങ്ങയില്‍ നിന്നടക്കം നാല് കുങ്കിയാനകളെ കൊണ്ടുവന്നു. അതിന്‍റെ യാത്ര, ക്യാമ്ബ് ഒരുക്കല്‍, ഭക്ഷണം അടക്കം െചലവുകള്‍ ഇതിന്‍റെ ഭാഗമാണ്. നിരവധി വാഹനങ്ങള്‍ ദൗത്യത്തിന് വേണ്ടി ഇടതടവില്ലാതെ ഓടി.ചിന്നക്കനാലില്‍നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്ബനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തില്‍ തുറന്നുവിടുകയായിരുന്നു. കുമളിയില്‍നിന്ന് 24 കിലോമീറ്റര്‍ അകലെ പെരിയാര്‍ റേഞ്ചിലെ മാവടിക്കും സീനിയറോടക്കും ഇടയില്‍ ഞായറാഴ്ച പുലര്‍ച്ച അഞ്ചിനാണ് തുറന്നുവിട്ടത്. ആന ആരോഗ്യവാനാണെന്നും കുങ്കിയാനകളുടെ ബലപ്രയോഗത്തിനിടെ ശരീരത്തിലേറ്റ മുറിവുകള്‍ ഗുരുതരമല്ലെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.ഉള്‍വനത്തില്‍ തുറന്നുവിടുന്നതിനുമുമ്ബ് ആനക്ക് ആരോഗ്യപരിശോധനകള്‍ നടത്തുകയും മുറിവുകള്‍ക്ക് ചികിത്സിക്കുകയും ചെയ്തിരുന്നു. അരിക്കൊമ്ബന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍നിന്ന് ആദ്യ സിഗ്നലുകള്‍ ലഭിച്ചുതുടങ്ങിയാതായി സി.സി.എഫ് ആര്‍.എസ്. അരുണ്‍ പറഞ്ഞു. മൂന്നാറില്‍നിന്ന് ശനിയാഴ്ച രാത്രി 10മണിയോടെ പെരിയാര്‍ സങ്കേതത്തിലെത്തിയ അരിക്കൊമ്ബനെ ആദിവാസികള്‍ ആചാരമര്യാദയോടെയാണ് വരവേറ്റത്. മഴയില്‍ കുതിര്‍ന്ന കാട്ടിലെ വഴികള്‍ യന്ത്രങ്ങളുടെ സഹായത്തോടെ വൃത്തിയാക്കിയാണ് ആനയുമായി വന്ന വാഹനം ഉള്‍ക്കാട്ടില്‍ എത്തിച്ചത്.കാടിന് നടുവില്‍ മണ്‍തിട്ടയില്‍ ലോറിയുടെ പിന്‍ഭാഗം ചേര്‍ത്തുനിര്‍ത്താവുന്ന രീതിയില്‍ മണ്ണ് നിരപ്പാക്കിയശേഷം ആനയെ ലോറിയില്‍നിന്ന് ഇറക്കി. പാതിമയക്കത്തിലായിരുന്ന ആന ഉണരുന്നതിന് കുത്തിവെപ്പ് നല്‍കി. ഇതിനുമുമ്ബ് ബന്ധിച്ചിരുന്ന കയറുകള്‍ മുഴുവന്‍ നീക്കി. കുത്തിവെപ്പ് നല്‍കി 10 മിനിറ്റിനകം ഉണര്‍ന്ന ആന ചിന്നംവിളിച്ചതോടെ വനപാലകര്‍ ജാഗ്രതയിലായി. ആകാശത്തേക്ക് നിറയൊഴിച്ച് ശബ്ദമുണ്ടാക്കിയപ്പോള്‍ ലോറിയില്‍നിന്ന് പുറത്തിറങ്ങിയ ആന ചുറ്റുപാടും വീക്ഷിച്ചശേഷം തലയുയര്‍ത്തി പെരിയാര്‍ വനമേഖലക്കുള്ളിലേക്ക് നടന്നുകയറി ഉള്‍ക്കാട്ടിലൂടെ പച്ചക്കാട് ഭാഗത്തേക്കുപോയി. പുല്‍ത്തകിടികളും വെള്ളവും ഈറ്റക്കാടുമുള്ള പച്ചക്കാട് പ്രദേശം ആനകളുടെ ഇഷ്ടകേന്ദ്രമാണ്.അരിക്കൊമ്ബന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍ ദൗത്യസംഘം നിരന്തരം നിരീക്ഷിക്കും. ഇതിനായി ദൗത്യസംഘത്തിലെ ഒരു ടീം കുമളിയില്‍ തുടരുന്നുണ്ട്. ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ് ശബ്ദം ലഭിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആനയുടെ സഞ്ചാരപഥം ഉപഗ്രഹം വഴി നിരീക്ഷിക്കാനുള്ള ക്രമീകരണവും തേക്കടിയിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.