പലപ്പോഴും കടയിൽ നിന്നും വാങ്ങുന്ന മുട്ടയുടെ പഴക്കം ഒറ്റക്കാഴ്ചയിൽ മനസ്സിലാക്കാനാവില്ല. പലപ്പോഴും മുട്ട പൊട്ടിച്ചുനോക്കുമ്പോഴാവും മുട്ടയുടെ പഴക്കം മനസ്സിലാവുക. എന്നാൽ മുട്ട പൊട്ടിച്ചു നോക്കാതെ തന്നെ പഴക്കം മനസ്സിലാക്കാൻ ചില എളുപ്പ വഴികളുണ്ട്. അതെന്താണെന്ന് അറിയാം.
ഫ്ളോട്ടിംഗ് ടെസ്റ്റ് ആണ് ഇതിൽ പ്രധാനം. ഒരു പാത്രത്തില്‍ അല്‍പം തണുത്ത വെള്ളം എടുത്ത് അതില്‍ മുട്ട ഇടുക. മുട്ട പാത്രത്തിനടിയില്‍ താഴ്ന്ന് കിടക്കുകയാണെങ്കില്‍ മുട്ട ഫ്രഷ് ആണ് എന്നാണ് അർത്ഥം. മുട്ട പാത്രത്തിൽ താഴ്ന്നു കിടക്കാതെ അൽപ്പം പൊങ്ങി കിടക്കുകയാണെങ്കില്‍ അവ എത്രയും പെട്ടെന്ന് ഉപയോഗിച്ചു തീർക്കുക. അതേസമയം, മുട്ട ജലോപരിതലത്തിൽ പൊങ്ങി കിടക്കുകയാണെങ്കിൽ അതേറെ പഴകിയതും ചീത്തയായതുമാണ്.
വാട്ടർ ഫ്ലോട്ട് ടെസ്റ്റിൽ സംഭവിക്കുന്നത് എന്താണെന്നു നോക്കാം. മുട്ടകൾ പഴകുമ്പോൾ അവയുടെ തോട് കൂടുതൽ സുഷിരങ്ങളുള്ളതായി മാറുന്നു. ഇത് അവയ്ക്ക് അകത്തെ വായുസഞ്ചാരം കൂട്ടുന്നു. മുട്ടയ്ക്കുള്ളിലെ എയർ സെൽ വലുതാവുന്നു. അതുകൊണ്ടാണ് പഴകിയ മുട്ടകൾ വെള്ളത്തിലിടുമ്പോൾ അവ പൊങ്ങി വരുന്നത്.
മുട്ട പൊട്ടിക്കുമ്പോഴും അവയുടെ കാലപഴക്കം മനസ്സിലാക്കാൻ സാധിക്കും. ഫ്രഷായ മുട്ടയാണെങ്കിൽ പൊട്ടിച്ച് ഒരു ബൗളിലേക്ക് ഒഴിക്കുമ്പോൾ അതിന്റെ വെള്ള അധികം വ്യാപിക്കില്ല. മഞ്ഞക്കരു നല്ല മഞ്ഞനിറത്തിലോ ഓറഞ്ച് നിറത്തിലോ കാണപ്പെടും. അതേസമയം പഴക്കമുള്ള മുട്ടയാണെങ്കിൽ വെള്ള ബൗളിലാകെ വ്യാപിക്കുകയും മഞ്ഞക്കരു പൊന്തികിടക്കുകയും ചെയ്യും. മുട്ടയ്ക്ക് പൊട്ടിക്കുമ്പോൾ ദുർഗന്ധം അനുഭവപ്പെടുകയാണെങ്കിൽ ഇതൊരു കാരണവശാലും ഉപയോഗിക്കരുത്. മുട്ട കാലപഴക്കം കൊണ്ട് ചീത്തയാവുമ്പോഴാണ് മണത്തിൽ വലിയ വ്യത്യാസം സംഭവിക്കുന്നത്.
മുട്ടകൾ കുലുക്കി നോക്കിയും അവയുടെ പഴക്കം മനസ്സിലാക്കാനാവും. മുട്ട കുലുക്കി നോക്കുമ്പോൾ അതിനകത്തുനിന്ന് ദ്രാവകം തെന്നിമാറുന്ന ഒരു ശബ്ദം കേൾക്കും. മഞ്ഞക്കരു വളരെ പഴക്കമുള്ളതായതുകൊണ്ടാണ് ആ ശബ്ദം കേൾക്കുന്നത്. എന്നാൽ പുതിയ മുട്ടകളാണെങ്കിൽ ഈ ശബ്ദം കേൾക്കില്ല.