കേരളത്തിൽ നിന്നുമുള്ള ഒരു ഡോക്ടറും, പ്രമുഖ വ്യവസായിയുമാണ് ആസാദ് മൂപ്പൻ. മലപ്പുറം ജില്ലയിലെ കല്പകഞ്ചേരിയിൽ 1953 ഏപ്രിൽ 15-നാണ് ജനനം. ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം. 1978-ൽ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും സ്വർണ്ണ മെഡൽ നേടിയാണ് എം.ബി.ബി.എസ്. പാസായത്. അവിടെ നിന്നുതന്നെ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഡെൽഹി സർവകലാശാലയിൽ നിന്ന് നെഞ്ചുരോഗത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ എടുത്തു.1982ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗം ലക്ചററായി ജോലിയിൽ പ്രവേശിച്ച ഡോ. ആസാദ് മൂപ്പൻ 1987ൽ നടത്തിയ ദുബൈ യാത്രയാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ഏറെ വൈകാതെ ദുബൈയിൽ അൽറഫാ പോളിക്ലിനിക്ക് എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. ഒരു ക്ലിനിക്കിൽ നിന്ന് തുടങ്ങി, ആസ്പത്രികളും പോളി ക്ലിനിക്കുകളും ഫാർമസികളും രോഗനിർണ്ണയ കേന്ദ്രങ്ങളും ആയി നൂറിൽ അധികം സ്ഥാപനങ്ങൾ അടങ്ങുന്നതാണ് ഇന്ന് ഡോക്ടർ മൂപ്പന്റെ ആരോഗ്യ പരിപാലന ശൃംഖല.യു.എ.ഇയിലെ പ്രശസ്തമായ ഫാർമസികളും, മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കുകളും, ആശുപത്രികളും, ഡയഗ്ണോസ്റ്റിക് സെന്ററുകളും ഡോക്ടറുടെ കാൽനൂറ്റാണ്ടിലേറെയായുള്ള അധ്വാനത്തിന്റെ ഫലമാണ്. പിന്നീട് അദ്ദേഹം നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെല്ലാം ‘ആസ്റ്റർ’ എന്ന ബ്രാന്റ് നാമത്തിലേക്ക് മാറ്റുകയായിരുന്നു.ഡോ.ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ഡി.എം ഹെൽത്ത് കെയറിന് കീഴിൽ ആസ്റ്റർ, മെഡ്കെയർ എന്നീ പേരുകളിൽ യു.എ.ഇ, ഖത്തർ, ഒമാൻ, സൗദിഅറേബ്യ,കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും, കോഴിക്കോട് മിംസ് ആശുപത്രി, കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി,, മഹാരാഷ്ട്രയിലും ഹരിയാനയിലുമെല്ലാം ഗ്രൂപ്പിന് കീഴിൽ ആശുപത്രി, ഡിഎം വയനാട് മെഡിക്കൽ കോളേജ് എന്നിങ്ങനെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നൂറിലേറെ സ്ഥാപനങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടാതെ ക്രെഡെൻസ് സ്കൂൾ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും ദുബായിൽ പ്രവർത്തിക്കുന്നുണ്ട്.ഡി.എം ഹെൽത്ത്കെയറിന് കീഴിൽ ഇപ്പോൾ വിവിധ തസ്തികകളിലും സ്ഥലങ്ങളിലായി പതിനയ്യായിരത്തിലേറെ പേർ തൊഴിലെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ അന്തർദേശീയ നിലവരത്തിലുള്ള പല സ്പെഷ്യാലിറ്റിയിലുള്ള ഡോക്ടർമാർ ഒരോ വർഷവും എട്ടു മില്ല്യണിലേറെ രോഗികളെയാണ് പരിശോധിക്കുന്നത്.ഇപ്പോൾ ഫിലിപ്പീൻസ്, ജോർദാൻ, ബഹറിൻ എന്നിവിടങ്ങളിലും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു.ഡി എം ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനം ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം തുടക്കമിട്ട കമ്യൂണിറ്റി ഡയാലിസിസ് സെന്ററുകൾ കുറഞ്ഞ ചെലവിൽ ഡയാലിസിസ് നടത്തുന്നതിന് നിർധന വൃക്ക രോഗികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.യു.എ.ഇയിലെ ആസ്തറ്റിക് എന്ന പേരിലുള്ള ക്ലിനിക്കുകൾ കുറഞ്ഞ ചിലവിൽ ചികിൽസാ സഹായം നൽകുന്നുണ്ട്. ഇറാഖിലെ സംഘർഷ ബാധിത പ്രദേശത്തുനിന്നും അടിയന്തര സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരേണ്ടിവന്ന മലയാളി നഴ്‌സുമാർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും നോർക്ക ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ ജോലിയും 25,000 രൂപ വീതവും നൽകി.’ഹീലിങ്ങ് ടച്ച്’ എന്ന പദ്ധതിയുടെ ഭാഗമായി നിർദ്ധനരായ കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നിർവ്വഹിച്ച് കൊടുക്കുന്നുണ്ട്.
ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം(2011)
ഭാരത സർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ(2010)
അറബ് ഫോറം നൽകുന്ന അറബ് ഹെൽത്ത് അവാർഡ്](2010)
കേരള സർക്കാരിന്റെ ബെസ്റ്റ് ഡോക്ടർ അവാർഡ്(2009)
അറേബ്യൻ ബിസിനെസ്സ് അച്ചീവ്മെന്റ് അവാർഡ്(2010)
കൂടാതെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾക്ക് പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.