നാളികേരത്തിന് ഒന്നിലധികം ആരോഗ്യഗുണങ്ങളുണ്ട് എന്ന കാര്യം പലർക്കും അറിയാം. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളെ ആരോഗ്യകരമായി നിലനിർത്തുകയും രോഗങ്ങളെ അകറ്റി നിർത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.
തേങ്ങ ഉപയോഗിക്കാത്ത ഒരു ദിവസം പോലും ചിലപ്പോൾ നമ്മൾ മലയാളികളുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവില്ല. നാളികേരം വളരെ ആരോഗ്യകരമാണ് എന്ന് മാത്രമല്ല, അതിന്റെ ഭാഗങ്ങളെല്ലാം പല കാര്യങ്ങൾക്കായി നാം ഉപയോഗിക്കാറുമുണ്ട്.
ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് അടങ്ങിയിട്ടുള്ളത് കാരണം തേങ്ങാവെള്ളം കുടിക്കുന്നത് നമുക്ക് തൽക്ഷണ ഊർജ്ജം നൽകുന്നുവെങ്കിൽ, അതിന്റെ അകത്തെ കാമ്പ് മധുരപലഹാരങ്ങളും രുചികരമായ വിഭവങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മനുഷ്യർക്ക് ഉപജീവനത്തിന് ആവശ്യമായ എല്ലാം നൽകുന്ന ഒരു കല്പവൃക്ഷം എന്നാണ് തെങ്ങിനെ നമ്മൾ വിളിക്കുന്നത് പോലും. കൊക്കോസ് ന്യൂസിഫെറ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന തെങ്ങിന്റെ ഫലമാണ് നാളികേരം അഥവാ തേങ്ങ എന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. നാളികേരം അങ്ങേയറ്റം ആരോഗ്യകരമാണ് എന്നതാണ് പ്രധാന കാര്യം. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കണമെങ്കിൽ ഇത് പതിവായി കഴിക്കേണ്ടതുണ്ട്.
നിങ്ങൾ എല്ലായ്പ്പോഴും ആരോഗ്യത്തോടെയിരിക്കുന്നു എന്നത് ഉറപ്പാക്കുന്ന തേങ്ങയുടെ ഗുണങ്ങൾ..
ഉയർന്ന പോഷകഗുണം
ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും സഹായകമാകുന്ന നാരുകൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തേങ്ങയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊളസ്ട്രോൾ എന്നിവയുടെ മെറ്റബോളിസം മെച്ചപ്പെടുത്തുവാനും അസ്ഥികളുടെ ആരോഗ്യത്തിനും അത്യാവശ്യമായ മാംഗനീസിന്റെ സമ്പുഷ്ടമായ ഉറവിടം കൂടിയാണ് തേങ്ങ. എന്തിനധികം, ഇതിൽ ആരോഗ്യകരമായ അളവിൽ ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് സഹായിക്കുന്ന ചെമ്പ്, ഇരുമ്പ് എന്നിവയും, ആന്റിഓക്‌സിഡന്റായ സെലിനിയവും അടങ്ങിയിട്ടുണ്ട്.
ഹൃദയാരോഗ്യത്തിന് ഗുണം
തേങ്ങ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. വാസ്തവത്തിൽ, വെളിച്ചെണ്ണ ശരീരത്തിലെ കൊളസ്ട്രോൾ ആരോഗ്യകരമായ അളവിൽ നിലനിർത്തുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും നല്ലതാണെന്ന് അറിയപ്പെടുന്നു. വയറിലെ അമിത കൊഴുപ്പ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഷുഗർ ലെവൽ നിയന്ത്രണം
തേങ്ങയിൽ നാരുകളും കൊഴുപ്പും കൂടുതലാണ്, എന്നാൽ കാർബോഹൈഡ്രേറ്റുകളുടെ സാന്നിധ്യം കുറവാണ്. അതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ഇത് സഹായിക്കും. അടിസ്ഥാനപരമായി, തേങ്ങ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്ന ഹോർമോണായ ഇൻസുലിൻ ഉത്പാദനം നിയന്ത്രിക്കുന്ന ബീറ്റാ സെൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. തേങ്ങയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള അർജിനൈൻ ബീറ്റാ സെൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. തേങ്ങയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ഫൈബർ അഥവാ നാരുകൾ ദഹന പ്രക്രിയയെ മന്ദീഭവിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുവാൻ സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകൾ ധാരാളം
കോശങ്ങളെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി സഹായകരമെന്ന് അറിയപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ തേങ്ങയിൽ ഉൾപ്പെടുന്നു. നാളികേരത്തിൽ കാണപ്പെടുന്ന ഫിനോളിക് സംയുക്തങ്ങളിൽ ഗാലിക് ആസിഡ്, കഫിക് ആസിഡ്, സാലിസിലിക് ആസിഡ്, പി-കൊമാറിക് ആസിഡ് എന്നിവ ഉൾപ്പെടുന്നു. ഇവ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും കോശങ്ങളുടെ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിൽ ചേർത്ത് കഴിക്കാം
തേങ്ങ ചിരവിയോ അല്ലെങ്കിൽ തേങ്ങാ കൊത്തിന്റെ രൂപത്തിലോ നിങ്ങൾക്ക് എളുപ്പം ഉപയോഗിക്കാം. ഇത് എല്ലാ വിഭവങ്ങൾക്കും നല്ല രുചിയും സൗരഭ്യവാസനയും ചേർക്കുന്നു. മത്സ്യവിഭവങ്ങൾ, കറികൾ, അരി വിഭവങ്ങൾ തുടങ്ങിയ വിഭവങ്ങളിൽ ചേർക്കുമ്പോൾ ഇതിന്റെ സ്വാദും മാംസളമായ ഘടനയും നന്നായി പ്രവർത്തിക്കുന്നു. ചിരകിയ തേങ്ങ ബേക്കിംഗിന് മികച്ചതാണ്, കൂടാതെ റൊട്ടി എന്നിവയ്ക്ക് സ്വാഭാവിക മധുരത്തിന്റെ സ്വാദും ഇത് ചേർക്കുന്നു. ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കലോറി നിയന്ത്രിച്ച് രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള ഉത്തമ മാർഗ്ഗമാണിത്. ഗോതമ്പ് മാവിന് പകരമായി തേങ്ങ മാവ് ഉപയോഗിക്കാറുണ്ട് ചിലർ. ഇത് ഗ്ലൂട്ടൺ രഹിതവും, കാർബോഹൈഡ്രേറ്റ് കുറച്ച് കഴിക്കുന്ന ആർക്കും കഴിക്കാവുന്ന ഒരു ഉത്തമ ഭക്ഷണം കൂടിയാണ്.