അത്യപൂർവ്വ രോഗം ബാധിച്ച 68 വയസ്സുകാരിയുടെ ശ്വാസകോശം ചികിൽസിച്ച് ഭേദമാക്കി കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം

0

‘പൾമണറി അൽവിയോളാർ പ്രോട്ടീനോസിസ്’ (PAP) എന്ന അപൂർവ രോഗാവസ്ഥ മൂലം ശ്വാസതടസം നേരിട്ടിരുന്ന രോഗി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓക്സിജൻ സപ്പോർട്ടിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്ത്യയിൽ ഇത്തരം കേസുകൾ അത്യപൂർവമായി മാത്രമാണ് റിപ്പോട്ട് ചെയ്തിരിക്കുന്നത്.ലക്ഷത്തിൽ ഒരു വ്യക്തിയിൽ മാത്രം കണ്ടുവരുന്ന, 30 നും 60 നും ഇടയിൽ പ്രായമുള്ളവരിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന ഒരു അപൂർവ അവസ്ഥയാണ് പിഎപി (PAP).  രോഗിയിൽ നടത്തിയ വിശദമായ ബ്രോങ്കോസ്കോപ്പിക് പരിശോധനയിലാണ് ശ്വാസകോശത്തിൽ ഈ രോഗാവസ്ഥ ഉണ്ടായിരുന്നതായി കണ്ടെത്തുന്നത്, ഇത് ശ്വാസകോശത്തിലെ വായു സഞ്ചികളിൽ പ്രോട്ടീൻ പോലുള്ള ഒരു പദാർത്ഥം അടിഞ്ഞുകൂടി ഓക്സിജൻ കൈമാറ്റം കുറയുന്നതിന് കാരണമാകുകയും കഠിനമായ ശ്വാസതടസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തെ കിംസ്ഹെൽത്തിലെ ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്- റെസ്പിറേറ്ററി മെഡിസിൻ ഡിപ്പാർട്ട്‌മെന്റ്, അനസ്തേഷ്യ വിഭാഗം എന്നിവയുടെ സംയോജിത പരിശ്രമത്തിലൂടെ ഹോൾ ലംഗ് ലവാജ് (WLL) എന്ന സങ്കീർണ്ണമായ ചികിത്സാ പ്രക്രിയയിലൂടെയാണ് ശ്വാസകോശത്തിലെ പ്രോട്ടീൻ നിക്ഷേപങ്ങൾ നീക്കം ചെയ്തത്. ‘‘ജനിതക വൈകല്യങ്ങളും മറ്റ് ചില കാരണങ്ങളാലും കണ്ടു വരുന്ന ഒരു അപൂർവ രോഗമാണിത്, സാധാരണയായി ശ്വാസകോശത്തിന്റെ പ്രവർത്തനം നിലനിർത്താൻ ആവശ്യമായ സർഫക്ടന്റ് പ്രോട്ടീൻ, ശ്വാസകോശത്തിനുള്ളിൽ അമിതമായി അടിഞ്ഞുകൂടുകയും ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു’’ കൺസൾട്ടന്റ് ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ. അജയ് രവി പറഞ്ഞു.അനസ്തേഷ്യയുടെ സഹായത്തോടെ ഗുരുതരാവസ്ഥയിലുണ്ടായിരുന്ന ശ്വാസകോശത്തെ ഒരു സർക്യൂട്ടുമായി ബന്ധിപ്പിക്കുയും കഴുകാൻ സഹായിക്കുന്ന സലൈൻ ഫ്ലൂയ്ഡ് പമ്പ് ചെയ്യുകയും ചെയ്യുന്നു. അതേസമയം രോഗി വെന്റിലേറ്റർ സഹായത്തോടെ മറ്റേ ശ്വാസകോശത്തിലൂടെ ജീവൻ നിലനിർത്തുന്നു. സലൈൻ ഫ്ലൂയ്ഡ് സർക്യൂട്ട് വഴി ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യുകയും ശ്വാസകോശം കഴുകിയ ശേഷം തിരികെ ശേഖരിക്കുകയും ചെയ്യുന്നു. തിരികെ വരുന്ന ഫ്ലൂയ്ഡ് പ്രോട്ടീൻ നിക്ഷേപങ്ങളിൽ നിന്ന് മുക്തമാകുന്നതുവരെ, 10 ലിറ്ററിലധികം സലൈൻ ഫ്ലൂയ്ഡ് ഉപയോഗിച്ച് ഈ സൈക്കിൾ ആവർത്തിക്കുന്നു. ‘‘പ്രക്രിയയ്ക്ക് ശേഷം രോഗിക്ക് ഓക്സിജൻ സപ്പോർട്ട് ഇല്ലാതെ തന്നെ സുഖമായി ശ്വസിക്കാൻ കഴിയുന്നു. 2-3 ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം അടുത്ത ശ്വാസകോശത്തിലും അതേ നടപടിക്രമം ആവർത്തിക്കുന്നതോടെ ഇരുശ്വാസകോശങ്ങളും പൂർണ്ണമായും ആരോഗ്യമുള്ളതായിത്തീരും’’ – ഡോ. അജയ് രവി കൂട്ടിച്ചേർത്തു. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. അമീർ കെ.എ, കാർഡിയാക് അനസ്‌തെറ്റിസ്റ്റുകളായ ഡോ. എസ്. സുബാഷ്, ഡോ. സ്വപ്ന ശശിധരൻ എന്നിവരും നടപടിക്രമത്തിന്റെ ഭാഗമായിരുന്നു.

You might also like

Leave A Reply

Your email address will not be published.