സിഎസ്ഐആര്‍-നിസ്റ്റിലെ ചെറുധാന്യ ഭക്ഷ്യമേളയില്‍ വന്‍തിരക്ക്

0

തിരുവനന്തപുരം: റാഗി ബിസ്ക്കറ്റ് മുതല്‍ വിവിധ ധാന്യ ബ്രഡ് വരെ, നൂഡില്‍സ് മുതല്‍ ലഡു വരെ, ഇങ്ങനെ വൈവിദ്ധ്യവും രുചികരവുമായ വിഭവങ്ങളാണ് സിഎസ്ഐആര്‍-നിസ്റ്റ് (കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്- നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി) ഒരുക്കിയ ചെറുധാന്യ ഭക്ഷ്യമേളയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. സിഎസ്ഐആര്‍-നിസ്റ്റ് നടത്തുന്ന വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായി നടക്കുന്ന ഭക്ഷ്യമേളയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

രാവിലെ പത്തു മുതല്‍ വൈകീട്ട് ഏഴുവരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ളത്. 2023 ചെറുധാന്യങ്ങളുടെ വര്‍ഷമായി ഐക്യരാഷ്ട്ര സഭ കൊണ്ടാടുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാനത്ത് നടാടെ ഇത്തരം ഭക്ഷ്യമേള നടക്കുന്നത്.

ചെറു ധാന്യങ്ങള്‍ കൊണ്ടുള്ള ദോശ, ഇഡലിമാവ്, ഉപ്പുമാവ്, പുട്ട്, ചപ്പാത്തി, പുലാവ്, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ ഭക്ഷ്യമേളയിലുണ്ട്. ചെറുധാന്യ സംസ്ക്കരണ ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. നൂഡില്‍സ്, പാസ്ത, വെര്‍മിസെല്ലി, എന്നീ ഉത്പന്നങ്ങളുമുണ്ട്. ലഘുഭക്ഷണ വിഭാഗത്തില്‍ ഐസ്ക്രീം, ബിസ്ക്കറ്റ്, വട മാവ്, ലഡു, കേക്ക്, ബ്രൗണി, മുറുക്ക്, റസ്ക്, പക്കാവട, പിസ്സ, ഭേല്‍പൂരി, സത്തുമാവ് പൊടി മുതലായ വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങളും സന്ദര്‍ശകര്‍ക്ക് രുചിച്ചു നോക്കുകയോ വാങ്ങുകയോ ചെയ്യാം.

ചെറുധാന്യങ്ങളുടെ കൃഷി, ഉപഭോഗം, മൂല്യവര്‍ധനം എന്നിവ ഇന്ന് ഭക്ഷ്യലോകത്തെ സുപ്രധാന ഭാഗമാണ്. കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുകിട സംരംഭകരാണ് ഉത്പന്നങ്ങള്‍ പ്രധാനമായും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തഞ്ചാവൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയുടെ ഒണ്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്മന്‍റിലെ കുടില്‍ വ്യവസായ ഭക്ഷ്യസംസ്ക്കരണ പരിശീലന കേന്ദ്രത്തിലെ സ്റ്റാര്‍ട്ടപ്പുകളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനു പുറമെ വയനാട്, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറുധാന്യോത്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നു.

കൊഴുപ്പുകുറഞ്ഞ, കീടനാശിനിരഹിതമായ ഭക്ഷണമാണ് ചെറുധാന്യങ്ങളുടേതെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ മേന്‍മ. ചെലവ് കുറവാണെന്നതും ഏറെക്കാലം കേടുകൂടാതെയിരിക്കുമെന്നതും ഇതിന്‍റെ ഗുണമാണ്.
പേരാല് (കമ്പം ബജ്റ), തിന, പനിവരക്, പഞ്ഞപ്പുല്ല്, വരക്, കുതിരവാലി, ചാമ എന്നിവ കൊണ്ടുണ്ടാക്കിയ ഭക്ഷ്യോത്പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിലുള്ളത്.

You might also like

Leave A Reply

Your email address will not be published.