മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ ഉള്ളി ലോഡ് കയറ്റിയ ലോറി മറിഞ്ഞുണ്ടായ അപകടം ചാലക്കുടിയിലെ രണ്ട് കുടുംബങ്ങളെ തോരാ കണ്ണീരിലാക്കി
മരിച്ച മൂന്നുപേരില്‍ രണ്ടുപേര്‍ ചാലക്കുടിക്കാരാണ്. ലോറി ഉടമയുടെ മകന്‍ ചാലക്കുടി വടക്കുംഞ്ചേരി ഐനിക്കാടന്‍ ജോര്‍ജിന്റെ മകന്‍ അരുണിന്റെ മരണം നാട്ടുകാര്‍ക്ക് ഞെട്ടലായി.17 ദിവസം മുമ്ബാണ് അരുണിന്റെ മാതാവ് മരിച്ചത്. മാനസിക ദൗര്‍ബല്യങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബത്തിന്റെ കണ്ണുനീര് ഉണങ്ങും മുമ്ബ് പിതാവിനെയും സഹോദരി ഏയ്ഞ്ചലിനെയും തനിച്ചാക്കി അരുണും വിടപറഞ്ഞു.ജോര്‍ജിന് അസൗകര്യങ്ങള്‍ വരുന്ന ഘട്ടത്തില്‍ അരുണ്‍ വല്ലപ്പോഴുമൊക്കെയേ ലോറിയില്‍ പോകാറുള്ളൂ. ഏതാനും ദിവസം മുമ്ബാണ് ലോഡുമായി ലോറിയില്‍ രാജസ്ഥാനിലേക്ക് പോയത്. ഉള്ളി ലോഡുമായി മടക്ക ട്രിപ് വരുമ്ബോഴാണ് അപകടം. അപകടത്തില്‍ മരിച്ച ലോറി ഡ്രൈവര്‍ അലമറ്റംകുണ്ട് ചൂളക്കല്‍ രാജപ്പന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (55) ചാലക്കുടി സ്വദേശിയാണ്.ഇദ്ദേഹം ഒരു വര്‍ഷമേ ആയിട്ടുള്ളു ജോര്‍ജിന്റെ ലോറിയിലെ ഡ്രൈവറായിട്ട്. കുഴൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ പടിഞ്ഞാറേ ചാലക്കുടിയില്‍ ഭാര്യഗൃഹത്തോട് ചേര്‍ന്നാണ് താമസം. പുതിയ വീട് നിര്‍മിച്ച് താമസം തുടങ്ങിയിട്ട് അധിക നാളുകളായിട്ടില്ല. ജീവിതം പച്ചപിടിക്കാന്‍ തുടങ്ങുന്നതിനിടയിലാണ് ഭാര്യ ഷിബി, മക്കളായ ആദിത്യ, അദ്വൈത് എന്നിവരെ വിട്ടുപിരിയുന്നത്.