ക്ഷീരമേഖലയിലേക്ക് സംരംഭകരെ ആകര്‍ഷിക്കുന്നതിന് നൂതന ആശയങ്ങള്‍ നടപ്പാക്കണം: മില്‍മ ചെയര്‍മാന്‍

0

തിരുവനന്തപുരം: ക്ഷീരമേഖലയിലേക്ക് കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കുന്നതിനായി നൂതന ആശയങ്ങള്‍ നടപ്പാക്കണമെന്നും ഇത് മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറില്‍ 49-ാമത് ഡെയറി ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സില്‍ ‘ആനിമല്‍ ഹസ്ബന്‍ഡറി ഇന്നൊവേഷന്‍സ്’ എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ 49-ാമത് ഡെയറി ഇന്‍ഡസ്ട്രി കോഫറന്‍സില്‍ ‘ആനിമല്‍ ഹസ്ബന്‍ഡറി ഇന്നൊവേഷന്‍സ്’ എന്ന വിഷയത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി സംസാരിക്കുന്നു.

പാലുത്പാദനച്ചെലവ് കുറയ്ക്കുകയും പാലിന്‍റെ ഗുണനിലവാരവും അളവും മെച്ചപ്പെടുത്തുകയും വേണമെന്ന് കെ.എസ് മണി ചൂണ്ടിക്കാട്ടി. കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും രോഗങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുക, മലിനീകരണം കുറയ്ക്കുക, തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക തുടങ്ങിയവയും പ്രധാനമാണ്. ഉത്പാദനശേഷിയും രോഗപ്രതിരോധ ശേഷിയും മെച്ചപ്പെടുത്തല്‍, വന്ധ്യത പരിഹരിക്കല്‍, കൃത്രിമ ബീജസങ്കലനം മെച്ചപ്പെടുത്തല്‍, പ്രാരംഭ ഗര്‍ഭാവസ്ഥയിലെ രോഗനിര്‍ണയം തുടങ്ങിയവയും പശുപരിപാലനത്തില്‍ ശ്രദ്ധിക്കണം. തീറ്റ, വളം, മരുന്നുകള്‍, പ്രജനനം, തൊഴുത്ത് എന്നിവ  മൃഗപരിപാലനത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ട മേഖലകളാണെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു.

പശുക്കളിലെ ലംപി സ്കിന്‍ ഡിസീസ്, ബ്രൂസെല്ലോസിസ്, തെയിലിയോസിസ്, മാസ്റ്റിറ്റിസ് തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ നടപ്പിലാക്കണമെന്ന് കെ.എസ് മണി ആവശ്യപ്പെട്ടു. രോഗനിര്‍ണയ സംവിധാനങ്ങള്‍ വികസിപ്പിക്കുക, അപകടകാരികളായ സൂക്ഷ്മാണുക്കള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുക, അകിടുവീക്കം ശ്രദ്ധിക്കുക എന്നിവയും മൃഗചികിത്സയില്‍ പ്രധാനമാണ്. മൃഗചികിത്സാ ചെലവും ക്ഷീരമേഖലയിലെ ആന്‍റിബയോട്ടിക് ഉപയോഗവും കുറയ്ക്കാന്‍ മലബാര്‍ മില്‍മ പുറത്തിറക്കിയ എത്തനോ-വെറ്റിനറി മരുന്നുകള്‍ക്കാകുമെന്ന് കെ.എസ് മണി പറഞ്ഞു.

കന്നുകാലികള്‍ക്ക് ചെലവ് കുറഞ്ഞതും സമീകൃതവുമായ തീറ്റ നല്‍കാന്‍ ശ്രദ്ധിക്കണം. കാലിത്തീറ്റ ക്ഷാമവും ചെലവും കുറയ്ക്കാന്‍ സൈലേജുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ബൈപാസ് ഫാറ്റ്, മില്‍ക്ക് റീപ്ലേസര്‍, കാഫ് സ്റ്റാര്‍ട്ടര്‍ തുടങ്ങിയവ തീറ്റയില്‍ ഉള്‍പ്പെടുത്താം. കറവയ്ക്കിടയിലെ ഇടവേള പാലിന്‍റെ ഗുണനിലവാരത്തിലും അളവിലും പ്രയോജനം ചെയ്യും. പ്രസവ ഇടവേള ശാസ്ത്രീയ രീതിയില്‍ ക്രമീകരിക്കുവാനുള്ള ബോധവല്‍ക്കരണം കര്‍ഷകര്‍ക്കിടയില്‍ ആവശ്യമാണ്.

കാലിത്തൊഴുത്ത് നിര്‍മ്മാണത്തിന് ചെലവ് കുറഞ്ഞ രീതികള്‍ വികസിപ്പിക്കണമെന്ന് മില്‍മ ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ചാണകം നീക്കം ചെയ്യുന്നതിനും കീടങ്ങളെയും വിരകളെയും നിയന്ത്രിക്കുന്നതിനും കന്നുകാലികളെ വൃത്തിയാക്കുന്നതിനും നൂതന രീതികള്‍ അവലംബിക്കേണ്ടതുണ്ട്. ചാണകത്തില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളും വളവും വികസിപ്പിക്കാനും ബയോഗ്യാസ് ഊര്‍ജ്ജോത്പാദനത്തിനായി ഫലപ്രദമായി വിനിയോഗിക്കാനുമാകും. പാലിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ശുചിത്വപാലനത്തിനും കൂലിച്ചെലവ് കുറയ്ക്കുന്നതിനും മേഖലയിലെ യന്ത്രവത്കരണത്തിലൂടെ സാധിക്കുമെന്നും കെ.എസ് മണി കൂട്ടിച്ചേര്‍ത്തു.

You might also like

Leave A Reply

Your email address will not be published.