കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും സസ്യജന്യ തുകല്‍- സാങ്കേതികവിദ്യാകൈമാറ്റത്തിന് ധാരണാപത്രം ഒപ്പിട്ട് സിഐഎസ്ആര്‍-എന്‍ഐഐഎസ്ടി
തിരുവനന്തപുരം: കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും സസ്യജന്യ തുകല്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുള്‍പ്പെടെ മൂന്ന് ധാരണാപത്രം ഒപ്പിട്ട് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഎസ്ഐആര്‍-നിസ്റ്റ്(നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി). ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വണ്‍വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയടക്കമുള്ള പങ്കാളികളുമായി ധാരണാപത്രം ഒപ്പിട്ടത്.
ആശുപത്രി മലിന്യങ്ങള്‍ ജൈവവളമാക്കി മാറ്റാനുള്ള സാങ്കേതികവിദ്യ, ബയോ-ഇലക്ട്രോകെമിക്കല്‍ റിയാക്ടര്‍, നാളികേര മാലിന്യം കാര്‍ഷികാവശിഷ്ടം എന്നിവയില്‍ നിന്ന് സ്പൂണ്‍ പോലുള്ള ഉത്പന്നങ്ങള്‍, നൈെപുണ്യവികസനം തുടങ്ങിയ മേഖലകളിലും സിഎസ്ഐആര്‍-നിസ്റ്റ് വിവിധ പൊതു-സ്വകാര്യ പങ്കാളികളുമായി ധാരണാപത്രം ഒപ്പു വച്ചു.
സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലും ഡിഎസ്ഐആര്‍ സെക്രട്ടറിയുമായ ഡോ. എന്‍ കലൈസെല്‍വി, സിഎസ്ഐആര്‍-നിസ്റ്റ് റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. ജാവേദ് ഇഖ്ബാല്‍, സിഎസ്ഐആര്‍-നിസ്റ്റ് ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
മുംബൈയിലെ സ്ത്രീകായ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡുമായാണ് നിസ്റ്റ് ധാരണാപത്രം ഒപ്പിട്ടത്. കൃത്രിമമായോ മൃഗങ്ങളില്‍ നിന്നോ തുകല്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയകളില്‍ അപകടകരമായ രാസവസ്തുക്കളും, ധാരാളം മലിനജലം ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജ ഉപഭോഗപ്രക്രിയകളും ഉള്‍പ്പെടുന്നു. ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഗവേഷണങ്ങള്‍ ആഗോളതലത്തില്‍ നടന്നു വരികയാണ്. ഇതിന്‍റെ ഭാഗമായാണ് വിവിധ കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും ഉപോല്‍പ്പന്നങ്ങളില്‍ നിന്നും സസ്യജന്യമായ തുകല്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സിഎസ്ഐആര്‍-നിസ്റ്റ് ശാസ്ത്രജ്ഞര്‍ ഏറ്റെടുത്തത്. മാമ്പഴത്തോല്‍, വാഴത്തണ്ട്, കൈതച്ചക്കയുടെഅവശിഷ്ടം, കള്ളിച്ചെടി, കുളവാഴ, നെല്ലുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍, മറ്റ്കാര്‍ഷികാവശിഷ്ടങ്ങള്‍, ഉപോല്‍പ്പന്നങ്ങള്‍ തുടങ്ങിയ അസംസ്കൃതവസ്തുക്കളില്‍ നിന്ന് വികസിപ്പിച്ചെടുത്ത തുകലില്‍ 50 ശതമാനം വരെ കൃത്രിമ രാസവസ്തുക്കള്‍ കുറവാണെന്നു മാത്രമല്ല ചെലവും പകുതിയേ ആകുന്നുള്ളൂ.
കാര്‍ഷിക-മാലിന്യത്തിന്‍റെ തരം അടിസ്ഥാനമാക്കി വ്യത്യസ്തനടപടിക്രമങ്ങള്‍ അനുസരിച്ചാണ് സസ്യജന്യ തുകല്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ നിസ്റ്റിലെ ശാസ്ത്രജ്ഞര്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. ജനങ്ങളുടെയും സര്‍ക്കാരിന്‍റെയും മികച്ച പിന്തുണയുള്ളതിനാല്‍ ഈ സാങ്കേതിക വിദ്യയ്ക്ക് വിപണിയില്‍ മികച്ച സ്ഥാനം നേടിയെടുക്കാനാകും. മൃഗജന്യ തുകലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച ടെന്‍സൈല്‍ ശക്തി, ഫിനിഷിംഗ്, ജലപ്രതിരോധശേഷി, താപപ്രതിരോധശേഷി, സ്ഥിരത തുടങ്ങിയവ ഇതിനുണ്ട്. ഉല്‍പ്പന്നത്തിന്‍റെ ആയുസ്സ് മൂന്ന് വര്‍ഷത്തിലധികമാണ്.
വിമാനങ്ങളിലെ നിയന്ത്രണ സംവിധാനത്തില്‍ ഉപയോഗിക്കുന്ന അലുമിനിയം സില്ിക്കണ്‍ കാര്‍ബൈഡ് കോമ്പോസിറ്റാണ് എയ്റോനോട്ടിക്കല്‍ ഡെവലപ്മന്‍റ് എസ്റ്റാബ്ലിഷ്മന്‍റ്(എഡിഇ)-ഡിആര്‍ഡിഒയും സിഎസ്ഐആര്‍-നിസ്റ്റും ചേര്‍ന്ന് വികസിപ്പിച്ചെടുത്തത്. ഈ വിഭാഗത്തില്‍ ഇറക്കുമതി ചെയ്യുന്ന ഘടകത്തേക്കാള്‍ ഏറെ മികച്ച് നില്‍ക്കുന്നതാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ഉത്പന്നം. ആത്മനിര്‍ഭര്‍ ഭാരത് നയത്തിലൂടെ രാജ്യത്തിന്‍റെ തന്ത്രപ്രധാനമേഖലയ്ക്ക് ഈ ഉത്പന്നം പുത്തനുണര്‍വ് നല്‍കും.
സിഎസ്ഐആര്‍-നിസ്റ്റ് വികസിപ്പിച്ചെടുത്ത ഈ ഉത്പന്നം ഡോ. എന്‍ കലൈസെല്‍വി എഡിഇ ഡിആര്‍ഡിഒയ്ക്ക് കൈമാറി.
ദുര്‍ഗന്ധം വമിക്കുന്ന ആശുപത്രി മാലിന്യങ്ങളെ വളമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ സിഎസ്ഐആര്‍-നിസ്റ്റ് പങ്ക് വയ്ക്കുന്നത് അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പായ ബയോ വസ്തും സൊല്യൂഷന്‍സമായാണ്. ഡ്യുവല്‍ ഡിസിന്‍ഫെക്ഷന്‍ സോളിഡിഫിക്കേഷന്‍ എന്ന സാങ്കേതികവിദ്യയാണ് നിസ്റ്റ് വികസിപ്പിച്ചെടുത്തത്. ഇതു വഴി രക്തം, കഫം, മൂത്രം, മറ്റ് ശരീര സ്രവങ്ങള്‍, ദന്തമാലിന്യങ്ങള്‍, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മാലിന്യങ്ങള്‍, കോട്ടണ്‍ ബാന്‍ഡേജ്, ലാബ് മാലിന്യങ്ങള്‍ എന്നിവ വളരെ പെട്ടന്ന് തന്നെ അണുനശീകരണം നടത്തുകയും ഖരമാലിന്യമാക്കി മാറ്റുകയും ചെയ്യും.
ആശുപത്രി മാലിന്യങ്ങള്‍ ഉറവിടത്തില്‍ വച്ച് തന്നെ സംസ്ക്കരിക്കാനാകുമെന്നതാണ് മെച്ചം. ആധുനികകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യസംസ്ക്കരണത്തിന് ഒരു പരിധി വരെ പരിഹാരമാകുന്നതിനോടൊപ്പം ആശുപത്രി മാലിന്യങ്ങളില്‍ നിന്നും ഗുരുതരമായ രോഗചംക്രമണം ഉണ്ടാകുന്നത് തടയാനും സാധിക്കും.