വീണ്ടും മൂക്കുകുത്തിയ അദാനി എഫ്‌.പി.ഒ. റദ്ദാക്കി , നിക്ഷേപകര്‍ക്ക്‌ പണം തിരികെനല്‍കുമെന്നും അദാനി ഗ്രൂപ്പ്‌ വ്യക്‌തമാക്കി

0

ഇന്നലെ രാത്രി വൈകി നാടകീയമായായിരുന്നു അദാനിയുടെ പിന്മാറ്റം. നിക്ഷേപകതാല്‍പര്യം സംരക്ഷിക്കാനാണ്‌ പിന്മാറുന്നതെന്നും കമ്ബനി അറിയിച്ചു.
അദാനി എന്റര്‍പ്രൈസസിന്റെ എഫ്‌.പി.ഒ ഇന്നലെ സബ്‌സ്‌ക്രിപ്‌ഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും റീട്ടെയ്‌ല്‍ നിക്ഷേപകര്‍ അകന്നു നില്‍ക്കുകയായിരുന്നു.ഇന്നലെ ഈ ഓഹരി വില വിപണിയില്‍ തകര്‍ന്നടിഞ്ഞു. എഫ്‌.പി.ഒ വില 3112-3276 രൂപയായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. എന്നാല്‍ എഫ്‌.പി.ഒയ്‌ക്കു പിന്നാലെ ഇന്നലെ മാര്‍ക്കറ്റില്‍ ഓഹരിവില മൂക്കുകുത്തുകയായിരുന്നു. വ്യാപാരത്തിന്റെ ഒരുഘട്ടത്തില്‍ ഇത്‌ 1,941 വരെ തകര്‍ന്നു വീണ ഓഹരി വ്യാപാരം അവസാനിച്ചപ്പോള്‍ 2,179 രൂപയിലേക്കു കയറിയിരുന്നു.
കഴിഞ്ഞമാസം 4190 രൂപയായിരുന്നു ഓഹരിവില.
അദാനി ഗ്രൂപ്പിന്റെ മറ്റൊരു പ്രമുഖ ഓഹരിയായ അദാനി ടോട്ടല്‍ ഗ്യാസ്‌ വില കഴിഞ്ഞ മാസം 4,000 രൂപയായിരുന്നത്‌ ഇന്നലെ 1897 രൂപയായി ഇടിഞ്ഞു.
തകര്‍ച്ചയോടെ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്ന സ്‌ഥാനവും ഗൗതം അദാനിക്കു നഷ്‌ടമായി. ഫോബ്‌സ്‌ കണക്ക്‌ പ്രകാരം ആദ്യ 10 കോടിശ്വരരുടെ പട്ടികയില്‍നിന്നും അദ്ദേഹം പുറത്തായി. വിപണിയില്‍ ഇന്നലെ വരെ നഷ്‌ടമായത്‌ അദാനിക്ക്‌ 7.03 ലക്ഷം കോടി രൂപയാണ്‌. ഇതോടെ അദ്ദേഹത്തിന്റെ ആസ്‌തി 6.13 ലക്ഷം കോടി രൂപയായി. ഇതോടെ 6.79 ലക്ഷം കോടി രൂപ ആസ്‌തിയുള്ള മുകേഷ്‌ അംബാനി ഇന്ത്യയിലെ കോടീശ്വരരില്‍ ഒന്നാമനായി. ലോകകോടീശ്വരരുടെ പട്ടികയില്‍ അദ്ദേഹം ഒന്‍പതാം സ്‌ഥാനത്തേക്ക്‌ ഉയര്‍ന്നു.
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ്‌ റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട്‌ കഴിഞ്ഞയാഴ്‌ച പുറത്തുവന്നതോടെയാണു വിപണിയില്‍ അദാനിക്കു തിരിച്ചടി തുടങ്ങിയത്‌. ഇന്നലെ മാത്രം അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തില്‍ 28 ശതമാനമാണ്‌ ഇടിവ്‌ ഉണ്ടായത്‌. അദാനി പോര്‍ട്ട്‌സിന്റെ മൂല്യത്തില്‍ 18 ശതമാനം ഇടിവുണ്ടായി.
യൂറോപ്യന്‍ രാജ്യങ്ങളിലും അദാനിക്കു പങ്കാളിത്തമുള്ള സ്‌ഥാപനങ്ങളുടെ മൂല്യമിടിഞ്ഞു. ഫ്രാന്‍സില്‍ അദാനിക്ക്‌ ഓഹരി പങ്കാളിത്തമുള്ള അദാനി ടോട്ടല്‍ ഗ്യാസിനു 2.20 ലക്ഷം കോടി രൂപയുടെ നഷ്‌ടമാണ്‌ ഉണ്ടായത്‌. ക്രെഡിറ്റ്‌ സൂസൈ അദാനി ഗ്രൂപ്പിന്റെ ബോണ്ടുകള്‍ വാങ്ങുന്നത്‌ നിര്‍ത്തിവച്ചതായി ബ്ലൂംബര്‍ഗ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.
കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനോട്‌ വിപണി അനുകൂലമായി പ്രതികരിച്ചിട്ടും അദാനി ഗ്രൂപ്പിനു നേട്ടമുണ്ടാക്കാനാകാത്തതും വിപണി വിദഗ്‌ധര്‍ ചര്‍ച്ചയാക്കുന്നുണ്ട്‌. നിക്ഷേപക താല്‍പര്യത്തിലുണ്ടായ തിരിച്ചടിയാണു വിപണിയില്‍ പ്രതിഫലിക്കുന്നതെന്നു വിപണി നിരീക്ഷകന്‍ അംബരേഷ്‌ ബാലിഗ വ്യക്‌തമാക്കി.
അദാനി ഗ്രൂപ്‌ മാനേജ്‌മെന്റിനോട്‌ വിശദീകരണം തേടുമെന്നു എല്‍.ഐ.സി. അറിയിച്ചു. അദാനി എന്റര്‍പ്രൈസില്‍ 4.23 ശതമാനം എല്‍.ഐ.സിയുടെ നിക്ഷേപമാണ്‌. അദാനി പോര്‍ട്ടസ്‌ ആന്‍ഡ്‌ സ്‌പെഷല്‍ എക്കണോമിക്‌ സോണില്‍ എല്‍.ഐ.സിയുടെ ഓഹരി പങ്കാളിത്തം ഒന്‍പത്‌ ശതമാനമാണ്‌.
കഴിഞ്ഞ ദിവസം അദാനി എന്റര്‍പ്രൈസസ്‌ അനുബന്ധ ഓഹരിവില്‍പ്പന (എഫ്‌.പി.ഒ) ലക്ഷ്യം ഭേദിച്ചത്‌ അദാനി ഗ്രൂപ്പിന്‌ ആശ്വാസം പകര്‍ന്നിരുന്നു. 45.5 ദശലക്ഷം ഓഹരികളാണ്‌ അദാനി എന്റര്‍പ്രൈസസ്‌ ഉന്നമിട്ടത്‌. അതും മറികടന്ന്‌ 50.86 ദശലക്ഷം ഓഹരികളും വിറ്റുപോയി. 112 ശതമാനം സബ്‌സ്‌ക്രിപ്‌ഷന്‍. ഈ നേട്ടമാണ്‌ ഇന്നലെ വിപണിയിലുണ്ടായ തിരിച്ചടിയില്‍ തകര്‍ന്നത്‌. എഫ്‌.പി.യുടെ വിജയം ഹിന്റന്‍ബെര്‍ഗ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള തിരിച്ചടികളില്‍നിന്ന്‌ അദാനി ഗ്രൂപ്പ്‌ കയറുന്നതിന്റെ സൂചനകളായി വിലയിരുത്തപ്പെട്ടിരുന്നു. ഈ പ്രതീക്ഷയാണു ഇന്നലെ വന്‍തകര്‍ച്ചയോടെ തകിടംമറിഞ്ഞത്‌.

You might also like

Leave A Reply

Your email address will not be published.