കൃഷിയ്ക്ക് മൊബൈല്‍ ആപ്പ് മുതല്‍ ഡ്രോണ്‍ വരെ; പ്ലാന്‍റേഷന്‍ എക്സ്പോ ശ്രദ്ധേയം

0

തിരുവനന്തപുരം: തോട്ടം മേഖലയിലെ കൃഷികള്‍ക്ക് പുത്തന്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ വഴികാട്ടുന്ന സ്റ്റാളുകള്‍ പ്ലാന്‍റേഷന്‍ എക്സ്പോയിലെ വേറിട്ട കാഴ്ചയായി. വിതയ്ക്കാനുള്ള മണ്ണ് പരിശോധിക്കുന്നത് മുതല്‍ അതിന്‍റെ പരിപാലനം, വിളവെടുപ്പ് എന്നിവയിലെല്ലാം ഈ സാങ്കേതിക വിദ്യാ സംവിധാനങ്ങള്‍ നിര്‍ണായകമാണ്.  വ്യവസായ-വാണിജ്യ വകുപ്പിന്‍റേയും പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റേയും നേതൃത്വത്തില്‍ കനകക്കുന്ന് സൂര്യകാന്തി എക്സിബിഷന്‍ ഗ്രൗണ്ടില്‍ നടന്ന എക്സ്പോ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.

കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നതാണ് ലോകത്തിലെ ആദ്യ നിര്‍മ്മിതബുദ്ധി അധിഷ്ഠിത വിള സംരംക്ഷണ ഡ്രോണായ അഗ്രിം- എക്സ്. കൃഷിത്തോട്ടങ്ങളില്‍ മരുന്ന് തളിക്കാന്‍ കര്‍ഷകനെ സഹായിക്കുന്നതും സ്വയം പ്രവര്‍ത്തിക്കുന്നതുമായ ഡ്രോണാണിത്. 10 ലിറ്റര്‍ വരെ മരുന്ന് ഡ്രോണില്‍ നിറയ്ക്കാനാകും. ഭൂമിയുടെ കിടപ്പനുസരിച്ച് വിളയുടെ സുരക്ഷ ഉറപ്പാക്കി ഡ്രോണ്‍ മരുന്ന് തളിക്കും. മരുന്ന് തളിക്കേണ്ട സ്ഥലത്തിന്‍റെ അതിര്‍ത്തി തിരഞ്ഞെടുത്ത് സ്റ്റാര്‍ട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രം മതി. ബാക്കിയെല്ലാം ഡ്രോണ്‍ സ്വയം ചെയ്യും. തോട്ടം മേഖലയ്ക്കാണ് അഗ്രിം-എക്സ് കൂടുതല്‍ സഹായകമാകുക.

ഇന്ത്യക്കാരനായ കുനാല്‍ ശ്രീവാസ്തവയും സ്വിറ്റ്സര്‍ലണ്ട് സ്വദേശി കെവിന്‍ കെബ്ളറും സ്ഥാപിച്ച സ്വിന്‍ഡ് എന്ന സ്റ്റാര്‍ട്ടപ്പിന്‍റേതാണ് ഇത്. സ്വിന്‍ഡിലെ ആശിഷ് രഞ്ചന്‍, അലക്സാണ്ടര്‍ ഹെല്‍ഡ്, ഡേവിഡ് സ്കര്‍മൂസാ, രാഘവ് റെഡ്ഢി, കെ. ചേതന്‍ കുമാര്‍ എന്നിവരാണ് അഗ്രിം- എക്സിന് പിന്നില്‍. ആന്ധ്രാപ്രദേശ്, ചിക്കമംഗലൂരു എന്നിവിടങ്ങളില്‍ പരീക്ഷണം നടത്തി. പരീക്ഷണങ്ങള്‍ പൂര്‍ത്തിയായാല്‍ വ്യവസായികമായി നിര്‍മ്മിച്ച് വിപണിയിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.

‘അഗ്രോ നെക്സ്റ്റ് ഭൂ പരീക്ഷക്’ എന്ന കുഞ്ഞന്‍ മണ്ണ് പരിശോധനാ ഉപകരണവും എക്സ്പോയിലെത്തിയവര്‍ക്ക് പുതിയ കാഴ്ചയാണ്. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ അഗ്രോ നെക്സ്റ്റ് ഭൂ പരീക്ഷകിലൂടെയുള്ള മണ്ണ് പരിശോധനയുടെ ഫലം 90 സെക്കന്‍റ് കൊണ്ട് കിട്ടുമെന്നത് ഇതിനെ വേറിട്ടതാക്കുന്നു. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ മണ്ണില്‍ എത്രത്തോളം അടങ്ങിയിട്ടുണ്ടെന്നും കൃഷി ചെയ്യുന്ന വിളകള്‍ക്ക് ആവശ്യമുള്ള പോഷകഘടകങ്ങള്‍ ഏതൊക്കെയാണെന്നും മണ്ണ് പരിശോധിക്കുന്നതിലൂടെ തിരിച്ചറിയാനാകും.

ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ 15 മിനിട്ട് പരിശീലനം മാത്രമാണ് വേണ്ടി വരിക.രാസവസ്തുക്കള്‍ ഉപയോഗിക്കാതെയുള്ള മണ്ണ് പരിശോധനാ ഉപകരണം എന്ന പ്രത്യേകതയുമുണ്ട്. 250 ഗ്രാമിന് താഴെ മാത്രം ഭാരമുള്ള ഇത് കൊണ്ടുനടക്കാനും എളുപ്പമാണ്. ഉത്തര്‍പ്രദേശിലെ അഗ്രോ നെക്സ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റേതാണ് അഗ്രോ നെക്സ്റ്റ് ഭൂ പരീക്ഷക്. ഒരു ദിവസം മണ്ണിന്‍റെ 250 സാമ്പിള്‍ വരെ ടെസ്റ്റ് ചെയ്യാനാകും. നാല് വര്‍ഷത്തെ വാറന്‍റിയും ഉപകരണത്തിന് ലഭിക്കും.

ഹാരിസണ്‍ മലയാളത്തിന്‍റെ ‘നൈട്രോസമൈന്‍ ഫ്രീ ലാറ്റക്സ് ‘ കൊണ്ടു നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ സ്റ്റാളായിരുന്നു മറ്റൊരു ആകര്‍ഷണം. തോട്ടം മേഖലയിലെ ഉത്പന്നങ്ങളിലെ നൂതന കണ്ടെത്തലുകളില്‍ ഒന്നാണിത്. നിലവില്‍ റബ്ബര്‍ മരത്തില്‍ നിന്ന് ലാറ്റക്സ് എടുക്കുന്നത് മുതല്‍ റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് വരെ റബ്ബര്‍ കേടാവാതെ സൂക്ഷിക്കാന്‍ അമീനുകളുടെ അംശമുള്ള പ്രിസര്‍വേറ്റീവുകളാണ് ഉപയോഗിക്കുന്നത്. ബലൂണ്‍ ഉള്‍പ്പെടെയുള്ള റബ്ബറുല്പന്നങ്ങള്‍ വായില്‍ വയ്ക്കുമ്പോള്‍ അപകടകാരിയായ ഈ പ്രിസര്‍വേറ്റീവും ഉള്ളിലെത്തും. കുട്ടികളാണ് ഇതിന്‍റെ വലിയ ഇരകള്‍.

കാന്‍സറിന് വരെ കാരണമാകുന്ന ഇത്തരം പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയ റബ്ബര്‍ ഉത്പന്നങ്ങള്‍ക്ക് ബദലായി നൈട്രോസമൈന്‍ ഫ്രീ ലാറ്റക്സ് കൊണ്ടുള്ള ഉല്പന്നങ്ങള്‍ ഉപയോഗിക്കാനാകും. ക്വാണ്ടം, സര്‍ജിക്കല്‍ ഗ്ളൗസുകള്‍, കുട്ടികള്‍ക്കായുള്ള ഉത്പന്നങ്ങള്‍, ആരോഗ്യ സംരംക്ഷണ- സൗന്ദര്യവര്‍ധക ഉത്പ്ന്നങ്ങള്‍ തുടങ്ങിയവ നൈട്രോസമൈന്‍ ഫ്രീ ലാറ്റക്സ് ഉപയോഗിച്ച് ഹാരിസണ്‍ മലയാളം ലിമിറ്റഡ് നിര്‍മ്മിക്കുന്നുണ്ട്.

കൃഷിയിലെ ജലസേചനത്തിനായുള്ള ഓട്ടോമാറ്റിക് മൊബൈടെക് വയര്‍ലെസ് സങ്കേതങ്ങളാണ് തമിഴ്നാട് നിന്നുള്ള മൊബൈടെക് സൊലൂഷന്‍സിന്‍റെ സ്റ്റാളിലുണ്ടായിരുന്നത്. കൃഷിസ്ഥലത്ത് പോകാതെ വീട്ടിലിരുന്നു വിളകള്‍ക്ക് വെള്ളമൊഴിക്കാന്‍ സഹായിക്കുന്ന ഇവരുടെ ഡികോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആകര്‍ഷകമാണ്. ഒരേ സമയം അഞ്ചു പേര്‍ക്ക് ഒരു കൃഷി സ്ഥലത്തിലെ ജലസേചന സംവിധാനം മൊബൈല്‍ ആപ്പ് വഴി നിയന്ത്രിക്കാനാകും.

കൃഷിസ്ഥലത്തെ കാലാവസ്ഥ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ജലസേചനം ക്രമീകരിക്കാന്‍ അഗ്രോ സൊലൂഷന്‍സിന്‍റെ സാങ്കേതിക വിദ്യാ ഉപകരണങ്ങള്‍ സഹായകമാകും. കാലാവസ്ഥയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റഡ് വെതര്‍ സ്റ്റേഷന്‍, മണ്ണിന്‍റെ ചൂടും ആര്‍ദ്രതയും തിരിച്ചറിയുന്ന സോയില്‍ മോയിസ്ചര്‍ സെന്‍സര്‍, ഫാബ്രിക്കേഷന്‍ ഓട്ടോമേഷന്‍, ജലസേചന പൈപ്പുകള്‍ സ്വയം വൃത്തിയാക്കുന്ന സംവിധാനമായ ഓട്ടോമാറ്റിക് ഫില്‍റ്റര്‍ ബാക്ക് വാഷ്, ഓട്ടോമാറ്റിക് ഇറിഗേഷന്‍ സോളിനോയിഡ് വാല്‍വ് , വിവിധ തരം സ്പ്രിന്‍ക്ലറുകള്‍ തുടങ്ങിയവ ഈ സ്റ്റാളുകളില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.

You might also like

Leave A Reply

Your email address will not be published.