സ്റ്റേറ്റ് കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

0

ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണനിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.കോവിഡ് കേസുകളുടെ വര്‍ധനവിന്റെ നിരക്കനുസരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. ജില്ലകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലകള്‍ സ്വീകരിച്ചതും സ്വീകരിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. സംസ്ഥാനത്ത് രണ്ടാഴ്ചയിലെ കോവിഡ് കേസുകള്‍ കണക്കെടുത്താല്‍ പ്രതിദിന കേസുകള്‍ 100-ന് താഴെ മാത്രമാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം കൂടുതല്‍ ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലും സീപോര്‍ട്ടിലും ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ആ സാമ്ബിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കും.എല്ലാ ആശുപത്രികളിലുമുള്ള ആശുപത്രി കിടക്കകള്‍, ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, അവയുടെ ഉപയോഗം എന്നിവ നിരന്തരം വിലയിരുത്താനും മന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് വാക്‌സിന്‍ എടുക്കാനുള്ളവര്‍ വാക്‌സിന്‍ എടുക്കണം. കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കും. അവബോധം ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രിസ്മസ് -ന്യൂ ഇയര്‍ സമയമായതിനാല്‍ എല്ലാവരും യാത്രാ വേളകളില്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതുയിടങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കുമ്ബോഴും മാസ്‌ക് ധരിക്കണം. കോവിഡ് പ്രോട്ടോകോള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.വീട്ടിലുള്ള കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ക്കും പ്രത്യേകം കരുതല്‍ വേണം. കോവിഡ് അവര്‍ക്ക് ഉണ്ടാകാതിരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ആര്‍ക്കും മറ്റൊരാളില്‍ നിന്നും കോവിഡ് പകരാതിരിക്കാന്‍ ശ്രദ്ധയുണ്ടാകണം. ഭീതി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍എച്ച്‌എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സര്‍വയലന്‍സ് ഓഫീസര്‍മാര്‍, ആര്‍.സി.എച്ച്‌. ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.