വെള്ളിയാഴ്ച മുതല്‍ മാച്ച് ടിക്കറ്റില്ലാത്ത കാണികള്‍ക്ക് ഹയ്യാകാര്‍ഡ് വഴി ഖത്തറിലെത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ലോകകപ്പ് അക്കമഡേഷന്‍ പോര്‍ട്ടല്‍ വഴി ഹോട്ടല്‍ ബുക്കിങ്ങ് ഉറപ്പാക്കുകയും 500 റിയാല്‍ ഫീസ് അടക്കുകയും ചെയ്ത് ഹയ്യാ കാര്‍ഡിന് (https://hayya.qatar2022.qa/) അപേക്ഷിക്കാവുന്നതാണ്. ഹയ്യാ അംഗീകാരം ലഭിക്കുന്നതോടെ, ഇ-മെയില്‍ വഴി ലഭിക്കുന്ന എന്‍ട്രി പെര്‍മിറ്റ് സഹിതം ഖത്തറില്‍ പ്രവേശിക്കാം. 12 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് എന്‍ട്രി ഫീസായ 500 റിയാല്‍ അടക്കേണ്ടതില്ല. https://www.qatar2022.qa/book എന്ന ലിങ്ക് വഴിയാണ് താമസ ബുക്കിങ് നടത്തേണ്ടത്.ഇതുവരെ, മാച്ച് ടിക്കറ്റുള്ള കാണികള്‍ക്ക് മാത്രമായിരുന്നു ഹയ്യാ കാര്‍ഡ് അനുവദിച്ചിരുന്നത്. ലോകകപ്പിന്റെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ വെള്ളിയാഴ്ച രാത്രിയിലെ ബ്രസീല്‍-കാമറൂണ്‍, സെര്‍ബിയ-സ്വിറ്റ്സര്‍ലന്‍ഡ് മത്സരത്തോടെ അവസാനിക്കും. ശനിയാഴ്ച മുതലാണ് പ്രീക്വാര്‍ട്ടര്‍ അങ്കങ്ങള്‍ ആരംഭിക്കുന്നത്.