കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

0

40,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ടെര്‍മിനല്‍ ഒരുക്കിയിട്ടുളളത്. ഇതിന് പുറമേ അതീവ സുരക്ഷ ആവശ്യമുളള വിവിഐപി അതിഥികള്‍ക്കായി 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്.ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും സ്വകാര്യവിമാനങ്ങള്‍ക്കും അവയിലെ യാത്രക്കാര്‍ക്കും പ്രത്യേക സേവനം നല്‍കുന്നതാണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍. ബിസിനസ് കോണ്‍ഫറന്‍സുകള്‍ അനുബന്ധ വിനോദസഞ്ചാരം എന്നിവ ഏകോപിപ്പിക്കാന്‍ സിയാലിന് ഇതിലൂടെ കഴിയും. കുറഞ്ഞ ചെലവില്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇവിടെ എത്തിക്കാനും സിയാലിന് സാധിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പുതിയ പദ്ധതികള്‍ നിരന്തരം ഏറ്റെടുക്കാനും നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും സിയാല്‍ കാണിക്കുന്ന ശ്രദ്ധ എടുത്തു പറയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.വിപുലമായ അഞ്ച് ലോഞ്ചുകള്‍, ചെക്ക് ഇന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഹെല്‍ത്ത്, സെക്യൂരിറ്റി, ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ് തുടങ്ങിയവ ബിസിനസ് ജെറ്റ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ചാര്‍ട്ടര്‍ ഗേറ്റ് വേയ്‌ക്ക് കൂടി കൊച്ചി വിമാനത്താവളത്തില്‍ തുടക്കമാകുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബിസിനസ് ജെറ്റ് ടെര്‍മിനല്‍ എന്നതിനപ്പുറമുളള ഒരു ചുവടുവെയ്പിന്റെ ഭാഗമായിട്ടാണ് ചാര്‍ട്ടര്‍ ഗേറ്റ് വേയ്‌ക്ക് തുടക്കമാകുന്നത്.സംസ്ഥാനത്തിന്റെ മൊത്തം വിമാനയാത്രക്കാരില്‍ 65 ശതമാനവും ഉപയോഗിക്കുന്നത് കൊച്ചി വിമാനത്താവളമാണെന്ന കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 10 മാസം കൊണ്ടാണ് ബിസിനസ് ജെറ്റ് ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കായുള്ള രണ്ട് ടെര്‍മിനലുകള്‍ക്ക് പുറമേയാണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍ ഒരുക്കിയിട്ടുളളത്. ബിസിനസ് ജെറ്റ് ടെര്‍മിനല്‍ സജ്ജീകരിക്കുന്ന രാജ്യത്തെ നാലാമത്തെ വിമാനത്താവളമാണ് കൊച്ചി.മന്ത്രിമാരായ പി. രാജീവ്, കെ രാജന്‍ തുടങ്ങിയവരും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുളളവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.