അവധിക്കാലമൊഴിഞ്ഞ് ഗോളോടെ വരവറിയിച്ച്‌ സലാഹും ഹാലന്‍ഡും

0

സ്വന്തം രാജ്യങ്ങള്‍ കളിക്കാനില്ലാത്തതിനാല്‍ ലോകകപ്പ് കാലത്ത് പൂര്‍ണ വിശ്രമത്തിലായിരുന്ന രണ്ട് മുന്‍നിര താരങ്ങളും ഇംഗ്ലീഷ് ലീഗില്‍ ഇ.എഫ്.എല്‍ കപ്പ് പ്രീക്വാര്‍ട്ടറിലാണ് വീണ്ടും മൈതാനത്തെത്തിയത്. ഇത്തിഹാദ് മൈതാനത്തെ ആവേശത്തേരിലാക്കിയ കളിയില്‍ സന്ദര്‍ശകരെ 3-2ന് സിറ്റി വീഴ്ത്തി.മൂന്നുവട്ടം സിറ്റി മുന്നിലെത്തിയ മത്സരത്തില്‍ രണ്ടുവട്ടം തിരിച്ചടിച്ച്‌ ലിവര്‍പൂള്‍ പിടിച്ചുനിന്നെങ്കിലും അവസാനം സ്വന്തം കളിമുറ്റത്ത് ആതിഥേയര്‍ തന്നെ ജയവുമായി മടങ്ങി.10ാംമിനിറ്റില്‍ വല കുലുക്കി ഹാലന്‍ഡാണ് സ്കോറിങ് തുടങ്ങിയത്. 10 മിനിറ്റിനിടെ തിരിച്ചടിച്ച്‌ കര്‍വാലോ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റിയാദ് മെഹ്റസിലൂടെ വീണ്ടും ലീഡ് പിടിച്ച്‌ സിറ്റി ആധിപത്യം കാട്ടിയപ്പോള്‍ തൊട്ടടുത്ത മിനിറ്റില്‍ സലാഹ് ഒപ്പം പിടിച്ചു. പുതുമുഖ താരം അകെയാണ് 58ാം മിനിറ്റില്‍ വിജയ ഗോള്‍ നേടിയത്.ആദ്യാവസാനം അവസരങ്ങള്‍ തുറന്ന് ഇരു ടീമുകളും കരുത്തുകാട്ടിയ മത്സരത്തില്‍ തുല്യശക്തികളുടെ പോരാട്ടമാണ് കണ്ടത്. എന്നാലും, സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം കളിയില്‍ കാട്ടിയ ടീം മനോഹര ഫുട്ബാളുമായി ജയിച്ചുമടങ്ങുകയായിരുന്നു.നോര്‍വേ ലോകകപ്പിനില്ലാത്തതാണ് സ്കോറിങ് മെഷീനായ ഹാലന്‍ഡിന് ലോകകപ്പ് നിഷേധിച്ചത്. നീണ്ട അവധിക്കാലം താരത്തിന്റെ കാലുകളെ തളര്‍ത്തുമെന്ന ശങ്കകള്‍ അസ്ഥാനത്താക്കിയായിരുന്നു സുവര്‍ണാവസരം മുതലാക്കി ഗോള്‍ നേടിയത്. കളി തുടങ്ങി 20 സെക്കന്‍ഡില്‍ തന്നെ താരം ഗോളിനരികെയെത്തിയിരുന്നെങ്കിലും നിര്‍ഭാഗ്യത്തിന് അവസരം നഷ്ടമാകുകയായിരുന്നു. കളിയവസാനിക്കാന്‍ 17 മിനിറ്റ് ശേഷിക്കേ താരത്തെയും ഫില്‍ ഫോഡനെയും കോച്ച്‌ പിന്‍വലിച്ചതും ശ്രദ്ധേയമായി.വരുംദിവസം പ്രിമിയര്‍ ലീഗില്‍ കളി സജീവമാകാനിരിക്കെ ഇരുടീമുകള്‍ക്കും പ്രാക്ടീസ് മത്സരം കൂടിയായി ഇത്.

You might also like

Leave A Reply

Your email address will not be published.