തിരുവനന്തപുരം: ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ യുവാക്കള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് അംഗീകരിച്ചുകൊണ്ട് ‘മയക്കുമരുന്ന് ഉപയോഗം തടയല്‍’ എന്ന വിഷയത്തില്‍ കേരള യൂത്ത് ഫോറം (ഗോഫോര്‍ത്ത്) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മയക്കുമരുന്ന് ഭീഷണിയെ മറികടന്ന് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഫോറം യുവാക്കളോട് ആഹ്വാനം ചെയ്തു.
കൊളംബോ പ്ലാന്‍ ഡ്രഗ് അഡ്വൈസറി പ്രോഗ്രാമുമായി (ഡിഎപി) സഹകരിച്ചാണ് ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍റെ (എഫ്ഡബ്ല്യുഎഫ്) യൂത്ത് ഫോറം വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിനുള്ള നയങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തുന്നതില്‍ യുവാക്കളുടെ അര്‍ഥവത്തായ ഇടപെടല്‍ ആവശ്യപ്പെട്ടത്.
ലഹരിവിമുക്ത ബാല്യം എന്ന വിഷയത്തില്‍ യുഎന്‍ പിന്തുണയോടെ നവംബര്‍ 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് നടന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം തയ്യാറാക്കിയത്.
ലഹരിവിപത്തിനെതിരെ സുരക്ഷിതത്വം സൃഷ്ടിക്കാന്‍ സര്‍ക്കാരിനോടും പൗരസമൂഹത്തോടും യൂത്ത് ഫോറം അഭ്യര്‍ഥിച്ചു. യുവാക്കളെ കേള്‍ക്കാനും അവരെ സ്വതന്ത്രമായി പ്രകടിപ്പിക്കാനും അവസരം നല്‍കുന്ന സുരക്ഷിത ഇടങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. മയക്കുമരുന്നിന്‍റെയും മദ്യത്തിന്‍റെയും ചിത്രീകരണത്തെ സമൂഹമാധ്യമങ്ങളില്‍ പ്രകീര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യൂത്ത് ഫോറം ആവശ്യപ്പെട്ടു.