മത്സരത്തില്‍ ആദ്യം ലീഡെടുത്തത് കാമറൂണായിരുന്നു.പിന്നീട് തുടര്‍ച്ചയായി സെര്‍ബിയ മൂന്നു ഗോളുകള്‍ മടക്കി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച് കാമറൂണ്‍ രണ്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്തതോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി.കാമറൂണിനായി 29ാം മിനിറ്റില്‍ കാസ്റ്റെലെറ്റോയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ രണ്ട് മിനിറ്റിന്റെ വ്യത്യാസത്തില്‍ രണ്ട് ഗോള്‍ നേടി സെര്‍ബിയ ആഞ്ഞടിച്ചു. ഇഞ്ചുറി ടൈമില്‍ പാവ് ലോവിച്ചാണ് സെര്‍ബിയക്കായി സമനില ഗോള്‍ നേടിയത്. അടുത്ത രണ്ട് മിനിറ്റിനുള്ളില്‍ സാവിച്ച് അടുത്ത ഗോള്‍ നേടി ലീഡുയര്‍ത്തി.53ാം മനിറ്റില്‍ മിത്രോവിച്ച് സെര്‍ബിയക്കായി മൂന്നാം ഗോള്‍ നേടി. 64ാം മിനിറ്റില്‍ സെര്‍ബിയയെ ഞെട്ടിച്ച് കാമറൂണിന്റെ രണ്ടാം ഗോള്‍ പിറന്നു. വിന്‍സെന്റ് അബൂബക്കറാണ് സെര്‍ബിയന്‍ വല കുലുക്കിയത്. രണ്ട് മിനിറ്റിനുള്ളില്‍ കാമറൂണിന്റെ സമനില ഗോളും പിറന്നു. അബൂബക്കറിന്റെ അസിസ്റ്റില്‍ ചുവോപോ-മൊതിങാണ് സമനില ഗോള്‍ നേടിയത്. ഇതോടെ ഖത്തര്‍ ലോകകപ്പില്‍ ഇരുടീമുകളും അക്കൗണ്ട് തുറന്നു. ഓരോ പോയിന്റ് വീതം ഇരുടീമുകളും പങ്കുവെച്ചു. ആദ്യ മത്സരത്തില്‍ ബ്രസീലിനോടാണ് സെര്‍ബിയ തോറ്റത്. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ 1-0നായിരുന്നു കാമറൂണിന്റെ ആദ്യ മത്സരത്തിലെ തോല്‍വി.