കുട്ടികളിലെ ലഹരി- ശ്രദ്ധ വേണ്ടത് രക്ഷിതാക്കള്‍ക്ക്- അന്താരാഷ്ട്ര വിദഗ്ധര്‍

0

തിരുവനന്തപുരം: കുട്ടികളിലെ ലഹരി ഉപയോഗത്തില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് ഒഴിവാക്കാനാവില്ലെന്ന് ലഹരി വിരുദ്ധ അന്താരാഷ്ട്ര സെമിനാറായ ചില്‍ഡ്രന്‍ മാറ്ററില്‍ പങ്കെടുത്ത അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിസ്സാരമെന്ന് കരുതുന്ന ചെയ്തികള്‍ പോലും കുട്ടികളില്‍ ദോഷഫലമുണ്ടാക്കുന്നുവെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. 60 രാജ്യങ്ങളില്‍ നിന്നായി 300 ല്‍പ്പരം പ്രതിനിധികളാണ് സെമിനാറില്‍ പങ്കെടുത്തത്.

കൂട്ടുകുടുംബമെന്ന ജീവിതക്രമത്തില്‍ നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റം ഇന്ത്യയില്‍ ദ്രുതഗതിയിലാണ് നടക്കുന്നതെന്ന് ലോക പ്രശസ്ത വനിതാ സന്നദ്ധ സംഘടനയായ വിമന്‍ വിത്തൗട്ട് ബോര്‍ഡറിന്‍റെ സ്ഥാപക ഈഡിത്ത് ഷ്ളാഫര്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യ മദ്യപാനം പോലുള്ള നവസാധാരണത്വം ഇന്നത്തെ കാലത്തിന്‍റെ മാറ്റമായിക്കഴിഞ്ഞു. നാല് മുതല്‍ പത്തു വയസ്സുവരെയുള്ള കാലത്തിലാണ് കുട്ടികള്‍ തങ്ങളുടെ സ്വഭാവ മാതൃക രൂപപ്പെടുത്തുന്നത്. ഈയവസരത്തില്‍ രക്ഷിതാക്കളുടെ മദ്യവും പുകവലിയുമുള്‍പ്പെടെ ലഹരി ഉപയോഗം കുട്ടികളെ വല്ലാതെ സ്വാധീനിക്കുമെന്നും അവര്‍ പറഞ്ഞു.

അമിത വാത്സല്യം നിമിത്തം കുട്ടികളെ അന്ധമായി ന്യായീകരിക്കുന്ന രക്ഷിതാക്കളുടെ എണ്ണം താരതമ്യേന കൂടി വരികയാണെന്ന് ഈഡിത്ത് ചൂണ്ടിക്കാട്ടി. ലഹരിയെന്ന വിപത്ത് അയല്‍പക്കത്ത് മാത്രമല്ല എപ്പോള്‍ വേണമെങ്കിലും സ്വന്തം കുടുംബത്തിലുമുണ്ടാകാം എന്ന ധാരണ എല്ലാ രക്ഷിതാക്കള്‍ക്കുമുണ്ടാകണമെന്നും അവര്‍ പറഞ്ഞു.

രക്ഷിതാക്കള്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതില്‍ നല്‍കേണ്ട ബോധവത്കരണം ഏറെ പ്രധാനമാണെന്ന് ഈഡിത്ത് പറഞ്ഞു. മറ്റ് പ്രശ്നങ്ങള്‍ സുഗമമായി കൈകാര്യം ചെയ്യുന്നവര്‍ പോലും ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുട്ടികള്‍ക്കുണ്ടാകുമ്പോള്‍ പരാജയപ്പെടുന്നതാണ് കാണുന്നത്. ഇതിനായി ലഹരി വിഷയത്തില്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേക ബോധവത്കരണം നല്‍കണമെന്നും അവര്‍ പറഞ്ഞു.

കുട്ടികളെ ലഹരിയ്ക്കടിപ്പെടാതിരിക്കാന്‍ ആദ്യം രക്ഷിതാക്കള്‍ പരസ്യമായി ലഹരി ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടതെന്ന് ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ സ്ഥാപക ഡയാന വിന്‍സന്‍റ് പറഞ്ഞു. പത്തു വയസ്സുവരെ രക്ഷിതാക്കളാണ് കുട്ടികളുടെ ഹീറോ. അവരുടെ വാക്കും പ്രവര്‍ത്തിയും രണ്ടായാല്‍ ബാല്യത്തിലുണ്ടാകുന്ന ആശയക്കുഴപ്പം ചില്ലറയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രായമറിഞ്ഞ് മാത്രമേ കുട്ടികളോട് പെരുമാറാവൂ എന്ന് ഫോര്‍ത്ത് വേവ് ഫൗണ്ടേഷന്‍ ഉപദേഷ്ടാവ് രാജാ ഷണ്‍മുഖം പറഞ്ഞു. 24 വയസ്സ് വരെ ലഹരിയിലേക്ക് വഴുതി വീഴാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ചെറുപ്രായത്തില്‍ തന്നെ മുതിര്‍ന്നവരോട് പെരുമാറുന്നതു പോലെ കുട്ടികളെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.

മതസ്ഥാപനങ്ങളും സാമുദായിക സംഘടനകളും വിവാഹപൂര്‍വ കൗണ്‍സലിംഗ് നല്‍കാറുണ്ട്. ഇത്തരം കൗണ്‍സലിംഗ് എല്ലാ സമൂഹത്തിലേക്കും വ്യാപിപ്പിക്കണം. അതില്‍ ലഹരി ഉപയോഗമെന്ന വിഷയം പ്രത്യേകമായി തന്നെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

Leave A Reply

Your email address will not be published.