നാളെ നവംബർ 23ന് രാജ്യത്ത് ഉടനീളം ഭരണകൂടം പൊതു അവധി പ്രഖ്യാപച്ചു. പൊതു-സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും നാളെ അവധിയായിരിക്കുമെന്ന് ഭരണകൂടം വ്യക്തമാക്കി. കൂടാതെ സ്കൂളുകൾക്കും അവധിയായിരിക്കും. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൗദി അറേബ്യ ലാറ്റിൻ അമേരിക്കൻ ശക്തി തോൽപ്പിച്ചുകൊണ്ട് ചരിത്രം കുറിച്ചത്. പത്താം മിനിറ്റിൽ ലയണൽ മെസി നേടിയ പെനാൽറ്റിക്ക് രണ്ടാം പകുതി മറുപടി നൽകിയാണ് സൗദി അറേബ്യ ജയം സ്വന്തമാക്കിയത്. സാലേഹ് അൽഷെഹ്റി, സലീം അൽ ഡാവ്സാരി എന്നിവരാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്. മത്സരം 12 മിനിറ്റിൽ അധികം നീണ്ടെങ്കിലും മെസിക്കും സംഘത്തിനും സമനില ഗോൾ കണ്ടെത്താൻ സാധിച്ചില്ല.മത്സരത്തിൽ അർജന്റീനയെ ഒരു തരത്തിലും ഗോൾ അടിപ്പിക്കില്ല എന്ന ലക്ഷ്യത്തോടെയായിരുന്നു സൗദി താരങ്ങൾ ലുസൈൽ സ്റ്റേഡിയത്തൽ അണിനിരന്നത്. എന്നാൽ മത്സരം തുടങ്ങി പത്താം മിനിറ്റിൽ വാറിലൂടെ ലഭിച്ച പെനാൽറ്റി മെസി അനയാസം സൗദിയുടെ ഗോൾ വലയിലേക്കെത്തിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഉണ്ടായത് സൗദി പ്രതിരോധത്തിന്റെ കണിശതയായിരുന്നു. സൗദി ഒരുക്കിയ ഓഫ്സൈഡ് ട്രാപ്പിൽ നിരവധി തവണയാണ് മെസി ഉൾപ്പെടെയുള്ള അർജന്റീനിയൻ മുന്നേറ്റ താരങ്ങൾ പെട്ടത്. രണ്ടാം പകുതിയിലാണ് സൗദി ആക്രമണത്തിനായി ശ്രമിച്ചത്. ലാറ്റിൻ അമേരിക്കൻ രാജ്യം അൽപം ലാഘവത്തോടെയാണ് കളിക്കുന്നത് എന്ന് മനസ്സിലാക്കിയ സൗദി വിങ്ങിലൂടെ കയറി അവസരം സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ചു. അതെ തുടർന്നാണ് അഞ്ച് മിനിറ്റുകൾക്കുള്ളിൽ രണ്ട് ഗോളുകൾ നേടി മെസിയെയും സംഘത്തെയും സൗദി ഞെട്ടിച്ചത്. സലേഹ് അൽ ഷെഹ്രിയിലൂടെയാണ് അറബ് രാജ്യം ആദ്യം ഗോൾ നേടുന്നത്. തുടർന്ന് 53-ാം മിനിറ്റിൽ സലീം അൽ ഡാവ്സാരി സൗദിയുടെ തിരിച്ച് വരവ് പൂർത്തിയാക്കുകയും ചെയ്തു. ഒരു ഗോളിന്റെ ലീഡ് നേടിയതിന് ശേഷം സൗദി തങ്ങളുടെ പ്രതിരോധ കോട്ട സൃഷ്ടിക്കുകയായിരുന്നു. ത്രൂപാസിലൂടെയും വിങ്ങിലൂടെ ക്രോസിലൂടെയും അവസരങ്ങൾ സൃഷ്ടിക്കാൻ സ്കലോണിയുടെ മെസി സംഘം ശ്രമിച്ചെങ്കിലും രണ്ടാമത്തെ ഗോൾ മാത്രം അർജന്റീനയ്ക്ക് ലഭിച്ചില്ല. ഗോൾകീപ്പർ അൽ ഒവൈസിന്റെ കൈയ്യും ശരീരവും മറന്നുകൊണ്ടുള്ള പ്രകടനമായിരുന്നു സൗദിയുടെ ഒരു ഗോൾ ലീഡ് മത്സരം തുടങ്ങി 100 മിനിറ്റ് പിന്നിട്ടിട്ടും സുരക്ഷിതമായി നിലനിന്നത്. ഇതാദ്യമായിട്ടല്ല അർജന്റീനയ്ക്കെതിരെ ലോകകപ്പിൽ ജയം സ്വന്തമാക്കിയതിന്റെ പേരിൽ ഒരു രാജ്യം പൊതു അവധി പ്രഖ്യാപിക്കുന്നത്. 1990 ലോകകപ്പിൽ അർജന്റീനയെ കാമറൂൺ തോൽപ്പിച്ചതിന് പിന്നാലെ ആഫ്രിക്കൻ രാജ്യത്തിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അവിശ്വസനീയമായ തോൽവിയായി കണക്കാക്കുന്നതാണ് 1990ലെ കാമറൂണിനെതിരെയുള്ള അർജന്റീയുടെ തോൽവി.