തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം യൂണിയന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വാങ്ങുന്ന പാലിന്‍റെ അളവ് കുറയ്ക്കുമെന്നും ആഭ്യന്തര സംഭരണം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം മേഖല യൂണിയന്‍ കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ അറിയിച്ചു. 2022 ഒക്ടോബര്‍ 21 മുതല്‍ കൂടുതല്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് ലിറ്ററൊന്നിന് 5 രൂപ നിരക്കില്‍ അധിക പാല്‍വില പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭരണത്തേക്കാള്‍ ഉയര്‍ന്ന വില്‍പ്പനയാണ് തിരുവനന്തപുരം യൂണിയനില്‍ നിലവിലുള്ളത്. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റതിന് ശേഷം പാല്‍ വില്‍പ്പന പ്രതിദിനം 6 ലക്ഷം ലിറ്ററില്‍ എത്തിച്ചിട്ടുണ്ട്. അധികം ആവശ്യമായി വരുന്ന പാലിന് കര്‍ണാടക മില്‍ക്ക് ഫെഡറേഷനെയാണ് തിരുവനന്തപുരം, എറണാകുളം യൂണിയനുകള്‍ ആശ്രയിക്കുന്നത്. കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ ആണ് ഇത് വാങ്ങിനല്‍കുന്നത്. മുന്‍കൂര്‍ വില നല്‍കിയാണ് പാല്‍ വാങ്ങാറുള്ളത്. കൃത്യമായി ഇന്‍വോയിസ് ലഭിക്കാത്ത ഇനത്തില്‍ 14.06 കോടി രൂപയാണ് കര്‍ണാടക ഫെഡറേഷന് തിരുവനന്തപുരം മേഖല യൂണിയന്‍ നല്‍കാനുള്ളത്. ഇന്‍വോയിസ് ലഭിക്കുന്ന മുറയ്ക്ക് ഈ തുക നല്‍കും.കര്‍ണാടകയില്‍ ആഭ്യന്തര സംഭരണത്തില്‍ ഉണ്ടായ ഇടിവ് കാരണമാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന് പാല്‍ വിതരണം നടത്താന്‍ സാധിക്കാത്തത്. ഇത് മറികടക്കുന്നതിന് കെസിഎംഎംഎഫ് മഹാരാഷ്ട്രയില്‍ നിന്നും പാല്‍ ലഭ്യമാക്കിയിട്ടുണ്ട്. പാല്‍വിതരണത്തില്‍ യാതൊരു പ്രതിസന്ധിയുമില്ല. കുടിശ്ശിക വരുത്തിയതുകൊണ്ടാണ് പാല്‍ നല്‍കാത്തത് എന്ന ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണ്. മില്‍മയില്‍ ഉന്നത സ്ഥാനങ്ങളില്‍ നിന്നും വിരമിച്ച ചില ഉദ്യോഗസ്ഥര്‍ സ്വകാര്യ ഡെയറികളുമായി ചേര്‍ന്ന് വ്യാജ പ്രചരണം അഴിച്ചുവിടുകയാണെന്നും ഭാസുരാംഗന്‍ പറഞ്ഞു.പ്രതിദിനം 5 ലക്ഷം ലിറ്റര്‍ പാല്‍ പ്രാഥമിക സംഘങ്ങളില്‍ നിന്നും സംഭരിക്കുക എന്നതാണ് യൂണിയന്‍റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന പാലിന് ലിറ്ററൊന്നിന് 4 രൂപ ഇന്‍സെന്‍റീവ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതിനു പുറമേയാണ് അധിക പാല്‍ നല്‍കുന്ന കര്‍ഷകന് 5 രൂപ വീതം അധിക പാല്‍വില നല്‍കുന്നതിന് യൂണിയന്‍ തീരുമാനിച്ചിട്ടുള്ളത്. സഹകരണ മേഖലയുടെ ശക്തി ക്ഷയിപ്പിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ക്ഷീരമേഖലയ്ക്ക് നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്നും ഭാസുരാംഗന്‍ കൂട്ടിച്ചേര്‍ത്തു.