ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ അഴിമതി ഭരണകൂടമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസും എ.എ.പിയും രംഗത്തെത്തി.കച്ചിലേക്ക് വെള്ളമെത്തിക്കുന്ന കനാലിന്‍റെ ഒരു ഭാഗം തകര്‍ന്നതോടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാവുകയും വിളകള്‍ നശിക്കുകയും ചെയ്തു. അഴിമതി നിറഞ്ഞ ഗുജറാത്ത് മോഡലിനെയാണ് ഇത് തുറന്നുകാട്ടുന്നതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അതേസമയം, അഴിമതിക്കാരായ ബി.ജെ.പിയുടെ വികസന മാതൃകയാണിതെന്നും ബി.ജെ.പി സര്‍ക്കാര്‍ നികുതിപ്പണം ധൂര്‍ത്തടിക്കുകയാണെന്നുമായിരുന്നു എ.എ.പിയുടെ ട്വീറ്റ്.
ഗുജറാത്ത് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് നേതാവ് സരള്‍ പട്ടേലും രംഗത്തെത്തി. കനാലിന്റെ ഒരു ഭാഗം തകര്‍ന്ന് കൃഷിയിടങ്ങളില്‍ വെള്ളം കയറി കൃഷി നശിച്ചതോടെ കച്ചിലെ കര്‍ഷകര്‍ക്ക് അനുഗ്രഹമാകുമെന്ന് കരുതിയ പദ്ധതി അവര്‍ക്ക് ശാപമായെന്ന് അദ്ദേഹം പറഞ്ഞു.
നര്‍മദ കനാലിന്‍റെ ഉദ്ഘാടനം ഗുജറാത്ത് സര്‍ക്കാര്‍ വലിയ ആഘോഷമാക്കിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ബുധനാഴ്ചയാണ് കച്ച് ബ്രാഞ്ച് കനാല്‍ ഉദ്ഘാടനം ചെയ്തത്. കച്ചിലെ മോദ്കുബയിലും ഭുജ്പൂര്‍ കനാലിലും നര്‍മദയിലെ വെള്ളം എത്തിയപ്പോള്‍ ആര്‍ത്തുവിളിക്കുന്നവരുടെ വിഡിയോ അദ്ദേഹം തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായിരുന്നെന്നും അദ്ദേഹത്തിന്‍റെ പരിശ്രമവും പ്രചോദനവും കൊണ്ടാണ് ഇത് സാധ്യമായതെന്നും പറഞ്ഞ അദ്ദേഹം, കച്ചിലെ കാര്‍ഷിക-വ്യാവസായിക മേഖലകളില്‍ ഇതിലൂടെ വെള്ളമെത്തുമെന്നും അറിയിച്ചിരുന്നു.