അഞ്ചു വര്‍ഷം പിന്നിടുന്ന കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ആറ് കോടി കടന്നു

0

സര്‍വ്വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ 2022 ജൂലൈ 14 വരെ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് 6,01,03,828 ആളുകളാണ്. കൊവിഡ് വ്യാപനം മൂലം നിരവധി മാസങ്ങളില്‍ കൊച്ചി മെട്രോ സര്‍വ്വീസ് തടസ്സപ്പെട്ടില്ലായിരുന്നുവെങ്കില്‍ നേരത്തെ തന്നെ യാത്രക്കാരുടെ എണ്ണം ആറ് കോടി പിന്നിടുമായിരുന്നുവെന്ന് കെഎംആര്‍എല്‍ വ്യക്തമാക്കി.2021 ഡിസംബര്‍ ഇരുപത്തിയെന്നിനാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ശേഷം ഏഴ് മാസത്തിനകമാണ് യാത്രക്കാരുടെ എണ്ണം ആറ് കോടിക്ക് മുകളില്‍ എത്തിയത് എന്നത് ശ്രദ്ധേയമാണ്.നിലവില്‍ ശരാശരി 65000 പേരാണ് ദിനംപ്രതി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം നാല് തവണയാണ് കൊച്ചി മെട്രോയില്‍ ദിനംപ്രതി യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നത്. കൊവിഡിന് ശേഷം 2022 ജൂണ്‍ 17 ന് ദിനംപ്രതി യാത്രക്കാരുടെ എണ്ണം വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിക്കാന്‍ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. 1,12,628 പേരാണ് കൊച്ചി മെട്രോയുടെ അഞ്ചാം വാര്‍ഷിക ദിനമായ ജൂണ്‍ പതിനേഴിന് മെട്രോയില്‍ യാത്ര ചെയ്തത്. നിര്‍മ്മാണം പൂര്‍ത്തിയായി എസ്‌എന്‍ ജംങ്ഷന്‍, വടക്കേക്കോട്ട സ്‌റ്റേഷനുകളിലേക്ക് കൂടി സര്‍വ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷ.യാത്രക്കാര്‍ക്കായി നിരവധി ഓഫറുകളാണ് കൊച്ചി മെട്രോയില്‍ നിലവിലുള്ളത്. 75 വയസിന് മുകളിലുള്ളവര്‍ക്കും എന്‍സിസി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് , പോലിസ് ഉദ്യോഗസ്ഥര്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഡിസ്‌കൗണ്ട് നിലവിലുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് കൊച്ചി മെട്രോയില്‍ യാത്ര സൗജന്യമാണ്. ഭിന്നശേഷിയുള്ള വ്യക്തിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ടിക്കറ്റിന്റെ 50 ശതമാനം മാത്രം നല്‍കിയാല്‍ മതി. രാവിലെ 6 മുതല്‍ 8 മണി വരെയും രാത്രി 8 മുതല്‍ 11 മണിവരെയും യാത്രക്കാര്‍ക്കായി 50 ശതമാനം ഡിസ്‌കൗണ്ടും നിലവിലുണ്ട്. വിദ്യാര്‍ഥികള്‍ക്കായി 80 രൂപയുടെ ഡേപാസ് പദ്ധതിയും കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്.യാത്രക്കാരുടെയും പൊതുജനങ്ങളുടെയും അഭ്യര്‍ഥന മാനിച്ച്‌ പുതുതായി പ്രതിവാര, പ്രതിമാസ പാസ്സുകളും കൊച്ചി മെട്രോ പുറത്തിറക്കിയിട്ടുണ്ട്. വീക്ക്‌ലി പാസ്സിന് 700 രൂപയും പ്രതിമാസ പാസിന് 2500 രൂപയുമാണ് ഈടാക്കുക. ഒരാഴ്ച്ചക്കാലം ഏത് സ്‌റ്റേഷനില്‍ നിന്നും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്നതാണ് പ്രതിവാര യാത്ര പാസിന്റെ പ്രത്യേകത. പ്രതിമാസ ട്രിപ്പ് പാസ് മുപ്പത് ദിവസം ഏത് ദൂരവും യാത്രകളുടെ എണ്ണത്തില്‍ പരിധികളില്ലാതെ ഉപയോഗിക്കാനാകും. എല്ലാ മെട്രോ സ്‌റ്റേഷനുകളിലെയും ടിക്കറ്റ് കൌണ്ടറില്‍ ഈ യാത്രാ പാസ്സുകള്‍ ലഭ്യമാണെന്നും കെ എം ആര്‍ എല്‍ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.