മുച്ചുണ്ടും മുറിയണ്ണാക്കും’ വ്യത്യസ്തതകള്‍ അംഗീകരിക്കൂ

0

ചുണ്ടിന്‍റെ സ്വാഭാവികമായുള്ള ആകൃതിയില്‍ വ്യത്യാസങ്ങള്‍ വരുത്തുന്ന ഒരു അവസ്ഥയാണ് മുച്ചുണ്ടും മുറിയണ്ണാക്കും. അത് ചുണ്ടിന്‍റെ ഒരു വശത്തോ അല്ലെങ്കില്‍ രണ്ടു വശത്തുമോ കാണപ്പെടാറുണ്ട്. ചിലരില്‍ ഇത് അണ്ണാക്കിലേയ്ക്ക് നീളുകയും ചെയ്യുന്നു. ചെറുനാവില്‍ (soft palate) മാത്രമായും ഇത് സംഭവിക്കാറുണ്ട്.


ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ എല്ലാ കുട്ടികളുടെയും ചുണ്ടുകള്‍ തുടക്കത്തില്‍ രണ്ടായി വേര്‍പിരിഞ്ഞാണ് കാണപ്പെടുക. ഗര്‍ഭത്തില്‍ കുട്ടി വളരുമ്പോള്‍ ചുണ്ടുകള്‍ ഒന്നാകുന്നു. എന്നാല്‍ ഇത് ഒരുമിച്ചു ചേരാതെ വേര്‍പിരിഞ്ഞ് തന്നെ ഇരുന്നാല്‍ അത് മുച്ചുണ്ടിലേയ്ക്ക് വഴിതെളിക്കും. ഇതുപോലെ അണ്ണാക്കിന്‍റെ പാളികളും ഒരുമിച്ചു ചേരാതെ, വേര്‍പിരിഞ്ഞ് ഇരിക്കുമ്പോഴാണ് മുറിയണ്ണാക്ക് എന്ന അവസ്ഥയിലേയ്ക്ക് എത്തുന്നത്. വിദഗ്ധമായ ശസ്ത്രക്രിയയിലൂടെ ഈ അവസ്ഥ ഒരു പരിധിവരെ പരിഹരിക്കാനാകും.
മുച്ചുണ്ടും മുറിയണ്ണാക്കുമുള്ള കുട്ടികളുടെ സമഗ്രമായ പരിശോധന ജൂണ്‍ 11-ാം തീയതി തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്-ല്‍) സംഘടിപ്പിക്കുകയുണ്ടായി. മുച്ചുണ്ട്, മുറിയണ്ണാക്ക് എന്നീ അവസ്ഥയുള്ള 50ല്‍ പരം പേരെ കൂടാതെ, ഈ അവസ്ഥക്കൊപ്പം മുഖത്തിന്‍റെ സ്വാഭാവികമായ ആകൃതിയില്‍ വ്യത്യാസമുള്ളവര്‍, ശബ്ദതകരാറുള്ളവര്‍, ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരും ക്യാംപില്‍ പങ്കെടുത്തു. സര്‍ജന്‍മാര്‍, ദന്താരോഗ്യ വിദഗ്ധര്‍, സൈക്കോളോജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, ഓഡിയോളോജിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, നഴ്സ് എന്നിവരടങ്ങിയ വിദഗ്ധസംഘമാണ് ക്യാംപ് നയിച്ചത്.
ചുണ്ടിലും അണ്ണാക്കിലും ഉള്ള പിളര്‍പ്പ് കുട്ടികളില്‍ പാല്‍ കുടിക്കാനും ആഹാരം കഴിക്കാനും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറുണ്ട്. ഇത് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്, മാത്രമല്ല കുട്ടികളില്‍ ശബ്ദ വ്യത്യാസങ്ങളും ഉണ്ടാക്കാറുണ്ട്. സംസാരത്തിലും മുഖത്തിലും വ്യത്യാസം ഉള്ളതുകൊണ്ട് ഈ കുട്ടികള്‍ക്ക് ബുദ്ധിക്കുറവ് ഉണ്ട് എന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഭൂരിപക്ഷം കുട്ടികളിലും സംസാരത്തിന് താമസം, മൂക്കിലൂടെ സംസാരിക്കുന്നത് പോലെ ഉള്ള ശബ്ദം, പല്ലുകളുടെ വളര്‍ച്ചയിലും ഘടനയിലുമുള്ള വ്യത്യാസങ്ങള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ കാണാറുണ്ട്.
ശസ്ത്രക്രിയയാണ് ഈ അവസ്ഥയ്ക്ക് ഏറ്റവും നല്ല പരിഹാരം. മുച്ചുണ്ടിന്‍റെ സര്‍ജറി സാധാരണയായി മൂന്നാം മാസത്തില്‍ ആണ് ചെയ്യുന്നത്. അണ്ണാക്കില്‍ ആദ്യത്തെ സര്‍ജറി എട്ടാം മാസത്തിലും ചെയ്യും. ചില കുട്ടികളില്‍ വ്യത്യസ്ത കാരണങ്ങളാല്‍ കൂടുതല്‍ സര്‍ജറികള്‍ വേണ്ടി വരാം.
പക്ഷേ സര്‍ജറിക്ക്  മുന്‍പുതന്നെ  കുട്ടികളുടെ  സംസാരത്തിന്‍റയും ഭാഷയുടേയും വികാസത്തിനായി സ്പീച്ച് തെറാപ്പി തുടങ്ങേണ്ടതുണ്ട്. ഇത് സംസാരത്തിലെ വ്യത്യാസങ്ങള്‍ കുറയ്ക്കാനും ഭാഷയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു. കുട്ടിയുടെ ഉച്ചാരണ തെറ്റുകള്‍ മാറുന്നതുവരെ സ്പീച്ച് തെറാപ്പി നല്‍കേണ്ടതുണ്ട്. 6 മുതല്‍ 8 വയസ്സിനുള്ളില്‍ അണ്ണാക്കിന്‍റേയും പല്ലിന്‍റേയും വളര്‍ച്ചയ്ക്കായി ഡെന്‍റല്‍ ട്രീറ്റ്മെന്‍റും ചെയ്തു തുടങ്ങേണ്ടതുണ്ട്. ആയതിനാല്‍ കുട്ടികള്‍ വര്‍ഷങ്ങളോളം നിരന്തരമായി ആശുപത്രികളുമായും  തെറാപ്പി ക്ലിനിക്കുകളുമായും ബന്ധപ്പെടേണ്ടതായിട്ടുണ്ട്.
മുച്ചുണ്ടും മുറിയണ്ണാക്കും വ്യക്തികളുടെ മാത്രമല്ല അവരുടെ കുടുംബത്തിന്‍റേയും ആത്മവിശ്വാസത്തെ വളരെയേറെ ബാധിക്കുന്നുണ്ട്. വ്യത്യസ്തതകള്‍ ഏതൊരു വ്യക്തിയിലും സംഭവിക്കാമെന്നും സമാനതകള്‍ക്കൊപ്പം വ്യത്യസ്തതകളും ഉള്‍ക്കൊള്ളാന്‍ നാം വളരണം എന്നുമുള്ള സന്ദേശം പുതുതലമുറയിലേയ്ക്ക് എത്തേണ്ടതുണ്ട്. സ്കൂളുകളും അധ്യാപകരും തന്നെയാണ് ഇതിനുള്ള ഏറ്റവും നല്ല മാധ്യമം. സഹപാഠിയുടെ വ്യത്യസ്തതയുടെ കാരണങ്ങള്‍ മറ്റു കുട്ടികളെ മനസ്സിലാക്കിക്കാനും അവന്/അവള്‍ക്ക് ബുദ്ധിമുട്ടുള്ള മേഖലകളില്‍ താങ്ങായി നില്‍ക്കാനും കുട്ടികളെ പ്രചോദിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിയും. പരീക്ഷയില്‍ വാങ്ങുന്ന ഉയര്‍ന്ന മാര്‍ക്കല്ല ഒരു നല്ല വ്യക്തിയെ സൃഷ്ടിക്കുന്നതെന്നും മറിച്ച് സഹജീവിയോടുള്ള കരുതലും സ്നേഹവുമാണെന്നും നമ്മുടെ പുതിയ തലമുറ മനസ്സിലാക്കട്ടെ.

You might also like

Leave A Reply

Your email address will not be published.