തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇനി മുതല്‍ അന്‍പത് ശതമാനം ഫീസ് ഇളവ് ലഭിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗഹൃദമായി സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഈ തീരുമാനമെടുത്തതെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സമൂഹവുമായി ഇടപഴകുന്നതിന് ഈ ഇളവ് പ്രോത്സാഹനമേകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള നിയമസഭയുടെ മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2016-19) മുമ്പാകെ കോഴിക്കോട് ഹ്യൂമന്‍റൈറ്റ്സ് ഫോറം പ്രസിഡന്‍റ് സമര്‍പ്പിച്ച ഹര്‍ജിലാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഫീസ് ഇളവ് നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് നിയമസഭാ സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.
വിഷയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ച സമിതി ഉത്തരവിറക്കി നിയമസഭ സമിതിയെ അറിയിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇപ്രകാരം ഇളവ് അനുവദിക്കാന്‍ വിനോദസഞ്ചാര വകുപ്പ് ഡയറക്ടറും ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.