അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയുടെ വെബ്കാര്‍ഗോ ഏകീകരണത്തിന് ഐബിഎസിന്‍റെ ‘ഐപാര്‍ട്ണര്‍ കസ്റ്റമര്‍’

0

തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ്വെയറിന്‍റെ  നൂതന ടെക്നോളജി പ്ലാറ്റ്ഫോമായ ‘ഐപാര്‍ട്ണര്‍ കസ്റ്റമര്‍’ പ്രയോജനപ്പെടുത്തി ഫ്രെയിറ്റോസ് ഗ്രൂപ്പ് കമ്പനിയായ വെബ്കാര്‍ഗോയുമായി ഏകീകരണത്തിന് അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ.

അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ കാര്‍ഗോ സെയില്‍സ് – ഡിസ്ട്രിബ്യൂഷന്‍  ശൃംഖല ശക്തിപ്പെടുത്തുന്നതിനും  വെബ്കാര്‍ഗോയുമായുള്ള സംയോജനത്തിലൂടെ കൂടുതല്‍ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും. ഐപാര്‍ട്ണര്‍ കസ്റ്റമര്‍ വഴി ലഭ്യമാകുന്ന അതിവേഗ ഡാറ്റാ കൈമാറ്റത്തിലൂടെ അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയ്ക്ക്   മികച്ച വിതരണ തന്ത്രങ്ങള്‍ ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാനാകും.

ഡിജിറ്റല്‍ വിപണന മാര്‍ഗങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വിമാനങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐബിഎസ് സോഫ്റ്റ്വെയര്‍ ഐപാര്‍ട്ണര്‍ കസ്റ്റമര്‍ വികസിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയും ഫ്രെയിറ്റോസുമായുള്ള സംയോജനം  മെച്ചപ്പെട്ടതാക്കാന്‍ ഈ പ്ലാറ്റ്ഫോം ഊര്‍ജമേകും. മികച്ച ഉപഭോക്തൃ ബന്ധം സൃഷ്ടിക്കുക, പ്രവര്‍ത്തന ചെലവ് ചുരുക്കുക, വിപണന പ്രക്രിയ അതിവേഗത്തിലാക്കുക എന്നിവയ്ക്കാണ് ഐപാര്‍ട്ണര്‍ കസ്റ്റമര്‍ പ്രാധാന്യം നല്‍കുന്നത്.

 ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ പ്രവര്‍ത്തന മികവ് കൈവരിക്കുന്നതിന് അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ നൂറ് ശതമാനം പ്രതിജ്ഞാബദ്ധമാണെന്ന്  അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ കൊമേഴ്സ്യല്‍ വിഭാഗം വൈസ് പ്രസിഡന്‍റ്  റോജര്‍ സാംവേസ്  പറഞ്ഞു.  വെബ്കാര്‍ഗോയുമായുള്ള സംയോജനത്തിലൂടെ  തത്സമയ നിരക്ക് മനസ്സിലാക്കുന്നതിനും മികച്ച ഡിജിറ്റല്‍ ബുക്കിംഗ് അനുഭവം ലഭ്യമാക്കുന്നതിനും പുതിയ ഉപഭോക്താക്കളിലേക്കെത്തുന്നതിനും സാധിക്കും. ഐബിഎസിന്‍റെ വൈദഗ്ധ്യം വ്യോമഗതാഗതമേഖലയിലെ ഡിജിറ്റല്‍വല്‍ക്കരണത്തിന് ഏറെ ഗുണകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 നിരന്തര വളര്‍ച്ച ഉറപ്പാക്കാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ വ്യോമചരക്കുനീക്ക മേഖലയെ ആധുനികവല്‍ക്കരിക്കേണ്ടതുണ്ടെന്ന് ഐബിഎസ് സോഫ്റ്റ്വെയര്‍ കാര്‍ഗോ ആന്‍ഡ് ലൊജിസ്റ്റിക്സ്  സൊല്യൂഷന്‍സ്  മേധാവി അശോക് രാജന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സുഗമമായ സേവനങ്ങളും അനുഭവങ്ങളും  പ്രദാനം ചെയ്യാനുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയുടെ യാത്രയില്‍ വീണ്ടും പങ്കാളിയാകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്.  ഐബിഎസുമായുള്ള ദീര്‍ഘകാല ബന്ധത്തില്‍ നിര്‍ണായക നാഴികക്കല്ലാണ് ഐപാര്‍ട്ണര്‍ കസ്റ്റമര്‍ സൊല്യൂഷന്‍ വിന്യാസമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.