റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തിയതിന്റെ ത്രില്ലിലാണ് പഞ്ചാബ് കിങ്‌സ്

0

206 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു മായങ്ക് അഗര്‍വാള്‍ നയിച്ച പഞ്ചാബ് ബാറ്റ് വീശിയപ്പോള്‍ ജയിക്കാനാവുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ പഞ്ചാബിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ ഫഫ് ഡുപ്ലെസി നയിച്ച ആര്‍സിബിക്കു കീഴടങ്ങേണ്ടി വന്നു. ഒരോവര്‍ ബാക്കിനില്‍ക്കെയാണ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് വിജയറണ്‍സ് കുറിച്ചത്.

1

ഒരു ഡോക്യുമെന്ററി സിനിമയാണ് മല്‍സരത്തില്‍ തങ്ങള്‍ക്കു പ്രചോദനമായതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബിന്റെ വിജയശില്‍പ്പിയും പ്ലെയര്‍ ഓഫ് ദി മാച്ചുമായ ഒഡെയ്ന്‍ സ്മിത്ത്. കളിയില്‍ എട്ടു ബോളില്‍ നിന്നും പുറത്താവാതെ 25 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. മല്‍സരശേഷം സംസാരിക്കുകയായിരുന്നു സ്മിത്ത്.

2

വളരെയധികം പ്രചോദനമേകുന്ന 14 പീക്ക്‌സെന്ന ഡോക്യുമെന്ററി സിനിമ പഞ്ചാബ് കിങ്‌സിലെ എല്ലാവരും ഒരുമിച്ച്‌ കണ്ടിരുന്നതായും ഇതാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നല്‍കിയ വെല്ലുവിളി മറികടക്കാന്‍ സഹായിച്ചതെന്നും ഒഡെയ്ന്‍ സ്മിത്ത് പറയുന്നു.
പഞ്ചാബ് കിങ്‌സ് ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ വിശ്വാസമെന്നത് വളരെ പ്രധാനമാണ്. ഞങ്ങള്‍ മല്‍സരത്തിനുമുമ്ബ് 14 പീക്ക്‌സെന്ന (14 കൊടുമുടി) സിനിമ കണ്ടിരുന്നു. ഇത് ആദ്യത്തെ കൊടുമുടിയാണ്, ഇനി 13 എണ്ണം കൂടിയുണ്ട്. സിനിമ തങ്ങളെയെല്ലാം വളരെയധികം പ്രചോദിപ്പിച്ചതായും താരം വെളിപ്പെടുത്തി.

3

ടൂര്‍ണമെന്റില്‍ നല്ലൊരു തുടക്കം വേണമെന്നത് ഞങ്ങള്‍ ഊന്നിപ്പറഞ്ഞിരുന്നു. എല്ലാത്തിലും വിശ്വാസം പ്രധാനപ്പെട്ട കാര്യമാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള റണ്‍ചേസില്‍ നല്ലൊരു തുടക്കം ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് അതു മുതലെടുത്ത് ടീമിനെ വിജയിപ്പിക്കാന്‍ കഴിയുന്ന ശക്തി വാലറ്റത്തിനുണ്ടെന്നു അറിയാമായിരുന്നുവെന്നും ഒഡെയ്ന്‍ സ്മിത്ത് പറഞ്ഞു.
വ്യക്തിഗത സ്‌കോര്‍ ഒന്നില്‍ നില്‍ക്കെ സ്മിത്തിന്റെ ക്യാച്ച്‌ ആര്‍സിബി പാഴാക്കിയിരുന്നു. അതിനു വലിയ വില തന്നെ അവര്‍ക്കു നല്‍കേണ്ടി വരികയും ചെയ്തു. അടുത്ത നാലു ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചാണ് സ്മിത്ത് ആര്‍സിബിയെ ശിക്ഷിച്ചത്.

4

ബാറ്റിങില്‍ കസറിയെങ്കിലും സ്വന്തം ബൗളിങ് പ്രകടത്തില്‍ ഒഡെയ്ന്‍ സ്മിത്ത് ഹാപ്പിയല്ല. നാലോവറില്‍ 13 ഇക്കോണമി റേറ്റില്‍ 52 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. പഞ്ചാബ് നിരയില്‍ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയവരില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയതും സ്മിത്തായിരുന്നു.
ബൗളിങില്‍ പ്ലാന്‍ ചെയ്തതു പോലെ എനിക്കു ബൗള്‍ ചെയ്യാന്‍ സാധിച്ചില്ല. അതില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുകയും മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. പക്ഷെ ബാറ്റിങിലൂടെ എന്റെ ടീമിനു വിജയം നേടിക്കൊടുക്കാനായതില്‍ ഞാന്‍ സന്തോഷവാനാണ്. പ്ലാന്‍ ചെയ്തതു പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ കാര്യമുള്ളൂ. എന്റെ ബൗളിങില്‍ പക്ഷെ അതു സംഭവിക്കാതിരുന്നതാണ് തിരിച്ചടിയായി മാറിയതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

5

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 205 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. നായകന്റെ ഇന്നിങ്‌സുമായി ഫഫ് ഡുപ്ലെസി ടീമിനെ മുന്നില്‍ നിന്നു നയിച്ചു. 57 ബോളില്‍ ഏഴു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം അദ്ദേഹം 88 റണ്‍സ് വാരിക്കൂട്ടി. മുന്‍ നായകന്‍ വിരാട് കോലി 41* (29 ബോള്‍, 2 സിക്‌സര്‍, 1 ബൗണ്ടറി), ദിനേശ് കാര്‍ത്തിക് 32* (14 ബോള്‍, 3 ബൗണ്ടറി, 3 സിക്‌സര്‍), അനൂജ് റാവത്ത് 21 (20 ബോള്‍, 2 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.
മറുപടിയില്‍ പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍ സ്ഥാനം രണ്ടു പേര്‍ പങ്കിട്ടു. ശിഖര്‍ ധവാനും ഭാനുക രാജപക്‌സയും 43 റണ്‍സ് വീതം നേടി പുറത്തായി. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ 32 റണ്‍സെടുത്തു.

You might also like

Leave A Reply

Your email address will not be published.