ഇടക്കാലത്ത് ടീമിനെ കൈവിട്ട മഞ്ഞപ്പട ഇനിയും ഗ്യാലറി നിറക്കുന്ന തലത്തിലേക്ക് ബ്ലാസ്റ്റേഴ്സ് ഒരു വിജയസംഘമായി മാറി. മുമ്ബെങ്ങുമില്ലാതെ ഒത്തിണക്കത്തോടെ കളിച്ച ഈ ടീം സമീപ ഭാവിയില്‍ തന്നെ ഐഎസ്‌എല്‍ കിരീടത്തില്‍ മുത്തമിട്ടേക്കാം.കേരളത്തിന്റെ ആകാശത്ത് മഞ്ഞക്കണിക്കൊന്നകള്‍ പൂത്തുതുടങ്ങിയ കാലമാണ്. അതിന് താഴെ ഭൂമിയില്‍ മഞ്ഞക്കടലോളങ്ങളില്‍ നീരാടേണ്ടവരായിരുന്നുനമ്മള്‍. പക്ഷേ തോറ്റുപോയി. എങ്കിലും പ്രിയപ്പെട്ട വുകുമാനോവിച്ച്, നിങ്ങളെയും ടീമിനെയും കൈവിട്ടുകളയാനൊരുക്കമല്ല ഞങ്ങള്‍ ആരാധകര്‍. പൊരുതിയാണ് കീഴടങ്ങിയത്. നിര്‍ഭാഗ്യമാണ് പെയ്തിറങ്ങിയത്.ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഫൈനല്‍ കളിച്ചു ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണില്‍ ഏറ്റവും പിന്നിലായിപ്പോയ സംഘം. ഒട്ടും പ്രതീക്ഷ ഇല്ലാതിരുന്നിടത്ത് നിന്നായിരുന്നു ഇത്തവണ തുടക്കം. ആദ്യ കളിയില്‍ തന്നെ തോറ്റു. അവിടെ നിന്നും ഒരു സീസണിലെ ഏറ്റവും കൂടുതല്‍ ജയത്തിന്റെ എണ്ണപ്പെരുക്കത്തിലേക്ക് ബ്ലാസ്റ്റേഴ്സ് വഴിവെട്ടി. മുന്‍ സീസണുകളില്‍ ഗോള്‍ വാങ്ങിക്കൂട്ടി എങ്കില്‍ ഇത്തവണ തുടരെ ഗോളടിച്ചു ആരാധകരെ ആനന്ദിപ്പിച്ചു. സഹലെന്ന താരം പ്രതിഭയോട് നീതിപുലര്‍ത്തുന്ന തലത്തിലേക്ക്. യൂറോപ്യന്‍ ഫുട്ബോളില്‍ കണ്ടുകൊതിച്ച അതിവേഗവും വണ്‍ടച്ചുകളും ബ്ലാസ്റ്റേഴ്സും കളിച്ചു. സ്വന്തം പകുതിയില്‍ നിന്ന് എതിര്‍വല കുലുക്കിയ അത്ഭുത ഗോളുകള്‍ പിറന്നു.അസാധ്യ ആംഗിളുകളില്‍ നിന്നുള്ള സെറ്റ്പീസ് ഗോളുകള്‍ കണ്ടു. എന്തുസംഭവിച്ചെന്ന് എതിരാളി മനസ്സിലാക്കും മുന്‍പ് പന്ത് റാഞ്ചുന്ന പ്രതിരോധ മികവ് കണ്ടു. ഒരു ചാമ്ബ്യന്‍ സംഘം രൂപപ്പെടുന്നത് ഒരു പ്രക്രിയയാണ്.. ബ്ലാസ്റ്റേഴ്സ് അതിന്റെ ഉരുവപ്പെടലുകളിലാണ്. ഒന്നും പ്രതീക്ഷിക്കാത്തിടത്ത് നിന്നും കിരീടം മോഹിപ്പിച്ച നിലയിലേക്ക് ആരാധകരെ തള്ളിയിട്ട ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോവയില്‍ നിന്ന് മടങ്ങുന്നത്. ടീമിനെ ഇതിനകം ചാമ്ബ്യന്‍ സംഘമാക്കി മാറ്റിയ മാജിക് മാത്രം മതി മഞ്ഞയില്‍ ഇനിയും നീരാടുവാന്‍.ഈ പരിശീലകനും താരങ്ങളും നെഞ്ചില്‍ പതിച്ച ബ്ലാസ്റ്റേഴ്സ് എന്ന പേരിലേക്ക് അത്രമേല്‍ ഇഴചേര്‍ത്തുകഴിഞ്ഞു. ടീമില്‍ തുടരുമെന്നുള്ള അവരുടെ പ്രഖ്യാപനം മാത്രം മതി ആരാധകരെ ഉത്തേജിപ്പിക്കാന്‍. തോല്‍വികള്‍ ജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് നാളെകള്‍ ബോധ്യപ്പെടുത്തും. ഈ സംഘം പ്രതീക്ഷകളുടേതാണ്. ഇന്ന് ഞങ്ങള്‍ കരഞ്ഞെങ്കില്‍ നാളെ ചിരികളുടേതാണെന്നുറപ്പുണ്ട്. കമോണ്‍ ബ്ലാസ്റ്റേഴ്സ്. നിങ്ങള്‍ക്ക് മുന്നില്‍ മഞ്ഞപുതച്ച വഴികളുണ്ട്, കൈവിടാത്ത ആരാധകരുണ്ട്.. അടുത്തവര്‍ഷം കൊച്ചിയിലെ മഞ്ഞക്കടലില്‍ നിങ്ങള്‍ കപ്പുയര്‍ത്തുന്ന നിമിഷം സ്വപ്നം കണ്ടുകൊണ്ട് നിര്‍ത്തുന്നു. നന്ദി, ഈ സീസണിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍ക്ക്..