ഹൃദയസ്തംഭനത്തിന് മുമ്പ് ശരീരം നല്‍കുന്ന സൂചനകള്‍

0

മുന്‍കാലങ്ങളെ അപേക്ഷിച്ച് ചെറുപ്പക്കാരില്‍ ഹൃദ്രോഗങ്ങളും അതുവഴി ഹൃദയാഘാതം- ഹൃദയസ്തംഭനം എന്നിവയും വര്‍ധിക്കുന്ന സാഹചര്യം ഇന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യയില്‍ യുവാക്കള്‍ക്കിടയിലെ ഹൃദയാഘാതം കൂടിവരികയാണെന്നാണ് ‘ഇന്ത്യന്‍ ഹാര്‍ട്ട് അസേസിയേഷന്‍’ അടക്കമുള്ള വിദഗ്ധസംഘങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.മടി പിടിച്ചുള്ള ജീവിതരീതി, വ്യായാമം ഇല്ലാത്തത്, മോശം ഭക്ഷണം, പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത മദ്യപാനം- പുകവലി – മറ്റ് ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം എന്നിവയാണ് ചെറുപ്പക്കാരില്‍ ഹൃദയാഘാതം- ഹൃദയസ്തംഭനം എന്നിവ വര്‍ധിപ്പിക്കുന്നത്. ഇതോടൊപ്പം തന്നെ ഒരു വിഭാഗം ആളുകളില്‍ പാരമ്പര്യഘടകങ്ങളും ഹൃദയാഘാതത്തിലേക്കും ഹൃദയസ്തംഭനത്തിലേക്കും നയിക്കുന്നു.പെട്ടെന്ന് സംഭവിക്കുന്ന ഹൃദയസ്തംഭനത്തില്‍ നിന്ന് പലപ്പോഴും ആളുകള്‍ക്ക് തിരിച്ചുകയറാന്‍ സാധിക്കാറില്ല. ഹൃദയസ്തംഭനം സംഭവിച്ച് ആദ്യ ആറ് മിനുറ്റിനുള്ളില്‍ തന്നെ പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കിയെങ്കില്‍ മാത്രമേ ഇവരുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കൂ. സിപിആര്‍ ആണ് ഹൃദയസ്തംഭനം സംഭവിച്ചവര്‍ക്ക് നല്‍കേണ്ട ആദ്യ ചികിത്സ. ഇത് കൃത്യമായി ചെയ്യുകയും വേണം.പല ഘടകങ്ങളാണ് ഇത്തരത്തില്‍ പെട്ടെന്നുള്ള ഹൃദയസ്തംഭനമുണ്ടാക്കുന്നതെന്ന് പറഞ്ഞുവല്ലോ. ചില കേസുകളില്‍ പക്ഷേ, ഈ സാധ്യത നേരത്തേ തന്നെ മനസിലാക്കിയെടുക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ചില ലക്ഷണങ്ങള്‍ നേരത്തേ തന്നെ കണ്ടുവരാം. അവ തിരിച്ചറിയാന്‍ സാധിച്ചാല്‍ ഒരുപക്ഷേ മരണത്തെ തന്നെ തടുത്തു നിര്‍ത്താന്‍ കഴിഞ്ഞേക്കാം. നെഞ്ചില്‍ അസ്വസ്ഥത, കനം, ചെറിയ രീതിയില്‍ ശ്വാസതടസം, ഹൃദയസ്പന്ദനങ്ങളില്‍ വ്യത്യാസം, പെട്ടെന്നുള്ള തളര്‍ച്ച, തലകറക്കം, ചിലപ്പോള്‍ തലകറങ്ങി ബോധം വരെ നഷ്ടപ്പെടുന്ന അവസ്ഥ- ഇവയെല്ലാം ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ശാരീരികമായ സൂചനകളാകാം.അതിനാല്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന പക്ഷം അടുത്തുള്ള ആശുപത്രിയില്‍ ഉടനെ രോഗിയെ എത്തിക്കേണ്ടതാണ്.ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ഉറക്കം, മദ്യപാനം-പുകവലി പോലുള്ള ശീലങ്ങള്‍ ഉപേക്ഷിക്കുന്നത് എന്നിവയെല്ലാം ഹൃദയത്തെ ഒരു പരിധി വരെ സംരക്ഷിക്കും. എങ്കിലും ഒളിഞ്ഞിരിക്കുന്ന പല ഘടകങ്ങളും ഭാവിയില്‍ വില്ലനാകാം. അതിനാല്‍ കഴിയുമെങ്കില്‍ ഇടവേളകളില്‍ ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുള്ള ചരിത്രമുണ്ടെങ്കില്‍.

You might also like

Leave A Reply

Your email address will not be published.