കേരളവും അബുദാബിയും സഹകരണത്തിന് ധാരണ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അബുദാബി ടൂറിസം സാംസ്കാരിക ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കുമായി കൂടിക്കാഴ്ച നടത്തി

0

ടൂറിസം മേഖലയില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ അബുദാബിയും കേരളവും തീരുമാനിച്ചു. യുഎഇയില്‍ സന്ദര്‍ശനം നടത്തുന്ന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അബുദാബി ടൂറിസം സാംസ്കാരിക ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കുമായി അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.

ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാനും യോഗം തീരുമാനിച്ചു. തുടര്‍ചര്‍ച്ചകള്‍ക്കായി മെയ് മാസത്തില്‍ അബുദാബി വിനോദസഞ്ചാര ഉന്നതതല സംഘം കേരളത്തില്‍ എത്തും.
ആഗോള വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്‍റെ പ്രാധാന്യവും പെരുമയും മന്ത്രി മുഹമ്മദ് ഖലീഫയ്ക്ക് വിവരിച്ചു. കേരളത്തിന്‍റെ പ്രകൃതിഭംഗിയും ആതിഥ്യ മര്യാദയുമാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഈ മേഖലയിലുള്ള നിക്ഷേപ സാഹചര്യങ്ങളെ കുറിച്ചും മുഹമ്മദ് റിയാസ് വിശദീകരിച്ചു. വിനോദസഞ്ചാര മേഖലയിലെ പരസ്പര സഹകരണം ഈ മേഖലയില്‍ കൂടുതല്‍ ഉണര്‍വുണ്ടാക്കും. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സഞ്ചാരികളെ യുഎഇയില്‍ നിന്നും പ്രത്യേകിച്ച് അബുദാബിയില്‍ നിന്നും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മെയ് ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാന്‍ മന്ത്രി അബുദാബി ടൂറിസം ചെയര്‍മാനെ ക്ഷണിച്ചു. 
വിനോദസഞ്ചാര മേഖലയില്‍ കേരളവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച മുഹമ്മദ് ഖലീഫ അല്‍ മുബാറക് യോഗത്തില്‍ അറിയിച്ചു. 
അബുദാബി സര്‍ക്കാര്‍ കമ്പനിയും അടിസ്ഥാനസൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫിലെ തന്നെ ഏറ്റവും വലിയ കമ്പനികളൊന്നുമായ അല്‍ദാറുമായി സഹകരിച്ച് കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ നിക്ഷേപ സാധ്യതകളെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധമാണെന്നും അല്‍ദാര്‍ കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ മുഹമ്മദ് ഖലീഫ അല്‍ മുബാറക് അറിയിച്ചു.
ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

You might also like

Leave A Reply

Your email address will not be published.