യുവതലമുറയിലെ 82 ഗായകര്‍ ഇന്ന് തിരുവനന്തപുരത്ത് യേശുദാസിന്റെ 82 ഗാനങ്ങള്‍ ആലപിച്ച് ഗാനാഞ്ജലി നടത്തും.അതേസമയം കോവിഡ് ഭീഷണിമൂലം പിറന്നാള്‍ ദിനത്തിലെ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര ദര്‍ശനം ഇത്തവണയും ഒഴിവാക്കി. അമേരിക്കയിലാണ് യേശുദാസ് ഇപ്പോഴുള്ളത്. 1940 ജനുവരി പത്തിനാണ് അദ്ദേഹം ജനിച്ചത്.
മൂകാംബികയിലെത്താതെ തുടര്‍ച്ചയായ രണ്ടാം പിറന്നാള്‍
ഇത്തവണയും പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ എത്താനാവില്ലെങ്കിലും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥനയുമായി സുഹൃത്തുക്കള്‍ ക്ഷേത്ര സന്നിധിയിലെത്തി. യുഎസിലുള്ള യേശുദാസ്, ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യാത്ര റദ്ദാക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെയായുള്ള പിറന്നാള്‍ദിന ക്ഷേത്രദര്‍ശനമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മുടങ്ങുന്നത്.
യേശുദാസിനു വേണ്ടി പ്രാര്‍ത്ഥനയുമായി സുഹൃത്ത് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഇന്നലെ കൊല്ലൂരിലെത്തി. ഇന്നു രാവിലെ ദേവീ സന്നിധിയില്‍ പ്രാര്‍ത്ഥിച്ച് ദാസേട്ടനു വേണ്ടി കീര്‍ത്തനം ആലപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 48 വര്‍ഷങ്ങളായി മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാന ഗന്ധര്‍വ്വന്റെ പിറന്നാള്‍ ആഘോഷം. ലോകത്തിന്റെ ഏതു കോണിലായാലും ജനുവരി 10ന് തന്റെ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രസന്നിധിയില്‍ എത്തും. 48 വര്‍ഷമായി തുടരുന്ന പതിവിനാണ് കഴിഞ്ഞതവണയാണ് മുടക്കം വന്നത്. 2020ല്‍ എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ഭാര്യ പ്രഭയ്ക്കും മക്കളായ വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ക്കും ഒപ്പമാണ് യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയില്‍ എത്തിയത്. സംഗീത സാഹിത്യ രംഗങ്ങളിലെ പ്രഗല്‍ഭരായ നിരവധി പേരാണ് അന്ന് പിറന്നാള്‍ ആശംസകള്‍ നേരാനായി ക്ഷേത്രനഗരിയില്‍ എത്തിയത്.
ഗാനാഞ്ജലി മലയാളത്തിന്റെ സ്വരമാധുരിക്ക് പിറന്നാള്‍ ദിനത്തില്‍ ഗാനാഞ്ജലി ഒരുക്കി ആദരവറിയിക്കുകയാണ് ഭാരത്‌ഭവനും സ്വരലയയും പുരോഗമന കലാ സാഹിത്യ സംഘവും. തിങ്കള്‍ പകല്‍ രണ്ടുമുതല്‍ രാത്രി 10.20 വരെ എട്ടു മണിക്കൂര്‍ 20 മിനിറ്റ് മെഗാവെബ് സ്ട്രീമിങ്ങില്‍ യുവതലമുറയിലെ 82 ഗായകര്‍, യേശുദാസ് പാടി അനശ്വരമാക്കിയ ഗാനങ്ങള്‍ ആലപിക്കും.ചടങ്ങില്‍ സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍, സ്വരലയ ചെയര്‍മാന്‍ എന്‍ കൃഷ്ണദാസ്, ഭാരത് ഭവന്‍ മെമ്ബര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സ്വരലയ സെക്രട്ടറി ടി ആര്‍ അജയന്‍, കഥാകൃത്ത് അശോകന്‍ ചരുവില്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കരിവെള്ളൂര്‍ മുരളി തുടങ്ങിയവര്‍ ജന്മദിനസന്ദേശം നല്‍കും. ഭാരത് ഭവന്‍, പാലക്കാട് സ്വരലയ എന്നിവയുടെയും “മഴമിഴി മള്‍ട്ടി മീഡിയ’ സംപ്രേഷണം ചെയ്ത വിവിധ ഫെയ്സ്ബുക്ക് പേജുകളിലൂടെയും ഗാനാഞ്ജലി പ്രേക്ഷകരിലെത്തിക്കും.
ഡിജിറ്റല്‍ ലൈബ്രറി തിരുവനന്തപുരത്തെ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കെ ജെ യേശുദാസ് താമസിച്ച കാര്‍ ഷെഡ് തനിമ നിലനിര്‍ത്തി ഇന്നും ഭാരത് ഭവന്‍ സൂക്ഷിച്ചിട്ടുണ്ട്. അവിടം യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. യേശുദാസിന്റെ ജീവിതനാള്‍വഴി അടയാളപ്പെടുത്തുന്നതാകും ലൈബ്രറി. ഗവേഷണകേന്ദ്രവും നിര്‍മിക്കും.