ക്ലൈമാക്‌സ് എടുക്കേണ്ട സമയത്ത് എനിക്ക് കിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല, അതോടെ എല്ലാവര്‍ക്കും ടെന്‍ഷനായി

0

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമാണ് ബ്രൂസിലി ബിജി. ചിത്രത്തില്‍ ടൊവിനോ, ഗുരു സോമസുന്ദരം എന്നിവരെ പോലെ ബ്രൂസിലി ബിജിയെ അവതരിപ്പിച്ച നടി ഫെമിന ജോര്‍ജിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നതിനുള്ള തെലുവാണ് സമൂഹ മാധ്യമങ്ങളിലും മറ്റും ബ്രൂസിലി ബിജിയെ പരാമര്‍ശിച്ചു വരുന്ന കുറിപ്പുകള്‍.ചിത്രത്തില്‍ കുറുക്കന്‍മൂല എന്ന ഗ്രാമത്തിലെ ജനങ്ങളെയും മിന്നല്‍ മുരളിയെയും രക്ഷിക്കുന്നത് ബ്രൂസിലി ബിജിയാണ്. ക്ലൈമാക്‌സിലെ ബ്രൂസിലി ബിജിയുടെ കിക്കിനെ കുറിച്ചാണ് സിനിമ റിലീസ് ചെയ്തത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ സംസാരം. എന്നാല്‍ ക്ലൈമാക്‌സ് കിക്ക് സിനിമയില്‍ കണ്ടത് പോലെ അത്ര എളുപ്പത്തില്‍ അല്ല ചിത്രീകരിച്ചതെന്നാണ് ഫെമിന ജോര്‍ജ് പറയുന്നത്.

ഫെമിന ജോര്‍ജിന്റെ വാക്കുകള്‍:

‘സിനിമയില്‍ ഞാന്‍ ശരിക്കും കിക്ക് ചെയ്യുന്നത് ക്ലൈമാക്‌സിലാണ്. അത് വല്ലാത്തൊരു അനുഭവമായിരുന്നു. വെയിറ്റ് കുറച്ചതിന് ശേഷം പിന്നീട് കിക്ക് ബോക്‌സിങ്ങിന്റെ പരിശീലനമായിരുന്നു. ഈ കഥാപാത്രത്തെ ബ്രൂസിലി ബിജി എന്ന് വിളിക്കുന്നത് അവര്‍ വലിയൊരു ബ്രൂസിലി ഫാന്‍ ആയതിനാലാണ്. പിന്നെ ബ്രൂസിലിയുടെ മെയിന്‍ കിക്കാണ് ബിജിയും ചെയ്യുന്നത്. അതുകൊണ്ടാണ് ബ്രൂസിലി ബിജി എന്ന പേര് വന്നിരിക്കുന്നത്. അപ്പോള്‍ പ്രധാനമായും കിക്കാണ് ഫോക്കസ് ചെയ്തത്. പിന്നെ കുറച്ച്‌ പഞ്ചിങ്ങും ആ മാനറിസങ്ങളുമെല്ലാം പഠിച്ചു. 2019ലാണ് ഞാന്‍ ട്രെയിനിങ്ങ് എല്ലാം ചെയ്യുന്നത്. പക്ഷെ സിനിമയില്‍ കിക്ക് ചെയ്തത് 2021ലാണ്. ഈ രണ്ട് വര്‍ഷം കിക്കിന് വേണ്ടിയുള്ള പരിശീലനങ്ങള്‍ തുടരണമായിരുന്നു. പക്ഷെ അതിന് ഇടയ്ക്കാണ് കൊവിഡ് ലോക്ക്ഡൗണ്‍ വന്നത്. അതുകൊണ്ട് ജിമ്മൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ വെച്ച്‌ തന്നെയായിരുന്നു പരിശീലനം.പിന്നെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ആദ്യത്തെ സീനൊക്കെ കുഴപ്പമില്ലാതെ പോയി. അവസാനത്തെ കിക്ക് ചെയ്യുന്നതിന് മുമ്ബ് ബേസിലേട്ടന്‍ ഒന്ന് ചെയ്ത് കാണിക്കാന്‍ പറഞ്ഞു. അങ്ങനെ രണ്ട് മൂന്ന് തവണ ഞാന്‍ റിഹേഴ്‌സല്‍ ചെയ്തു. പക്ഷെ ഷോട്ട് എടുക്കേണ്ട സമയത്ത് എനിക്ക് കിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. അതോടെ എനിക്കും എല്ലാവര്‍ക്കും ടെന്‍ഷനായി. എനിക്ക് ശ്വാസം എടുക്കാന്‍ കഴിയാത്ത വിധം തളര്‍ന്നു പോയി. അവസാനം എങ്ങനെയൊക്കെയോ ഞാന്‍ കിക്ക് ചെയ്തു. പക്ഷെ എനിക്ക് സംതൃപ്തിയൊന്നും വന്നില്ല. രണ്ട് വര്‍ഷത്തോളം ഈ കിക്കിന് വേണ്ടി പരിശീലനം നടത്തി വേണ്ട സമയത്ത് അത് ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ വല്ലാത്ത അവസ്ഥയായിരുന്നു. പക്ഷെ ഷൂട്ടെല്ലാം കഴിഞ്ഞാണ് ഞാന്‍ കൊവിഡ് പോസ്റ്റീവായിരുന്നുവെന്ന് അറിഞ്ഞത്.’

You might also like

Leave A Reply

Your email address will not be published.