ഇനി എന്തുപറഞ്ഞ് പരിഹസിക്കും ഈ ഇടംകാലനെ !

0

ഒടുവില്‍ 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീന ഒരു മേജര്‍ കിരീടം ചൂടുമ്ബോള്‍ അജയനായ നായകനായി മെസിയുണ്ട്. 1993 ലാണ് അര്‍ജന്റീന അവസാനമായി കോപ്പ കിരീടം ചൂടിയത്.കിരീടമില്ലാത്തതിനാല്‍ എന്നും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിരുന്നത് മെസിയാണ്. കളിമികവ് കൊണ്ട് മൈതാനങ്ങളെ പുളകം കൊള്ളിച്ചിട്ടും മെസിയെ അംഗീകരിക്കാതിരിക്കാന്‍ വിമര്‍ശകര്‍ കണ്ടെത്തിയ ചാട്ടുളിയായിരുന്നു കിരീടമില്ലാത്ത നായകന്‍ എന്ന വിശേഷണം. ആ വിമര്‍ശനങ്ങളുടെയും പരിഹാസങ്ങളുടെയും മുന്നില്‍ പതറിയ മെസി പല തവണ പടിക്കല്‍ കലമുടച്ചു. ഒടുവില്‍ കാലത്തിന്റെ കാവ്യനീതിയായി അത് സംഭവിച്ചു. ‘ഇപ്പോള്‍ ഇല്ലെങ്കില്‍ ഇനിയില്ല’ എന്ന് മനസില്‍ ഉറപ്പിച്ച മെസി വര്‍ധിത പോരാട്ടവീര്യത്തോടെ അര്‍ജന്റീനയ്ക്കായി ഇത്തവണ ബൂട്ടുകെട്ടി. ഒടുവില്‍ സ്വപ്‌ന സമാനമായ ആ കിരീടനേട്ടം മെസി യാഥാര്‍ഥ്യമാക്കി.അര്‍ജന്റീന കോപ്പയില്‍ മുത്തമിട്ടപ്പോള്‍ മെസിയാണ് മികച്ച താരവും ടോപ് ഗോള്‍ സ്‌കോററും. ഒരു തരത്തില്‍ പറഞ്ഞാല്‍ ഫൈനലിലേക്ക് അര്‍ജന്റീനയെ അടുപ്പിക്കുകയെന്ന ദുഷ്‌കരമായ ദൗത്യം മെസി ഒറ്റയ്ക്ക് ഏറ്റെടുക്കുകയായിരുന്നു. മുന്‍പൊന്നും കാണാത്ത തരത്തിലുള്ള ആവേശവും ധൈര്യവും മെസിയുടെ മുഖത്തുണ്ടായിരുന്നു. ചരിത്രങ്ങളുടെ ഈറ്റില്ലമായ മാറക്കാനയില്‍ അവസാന ചിരി തന്റേതായിരിക്കുമെന്ന് മെസി ഉറപ്പിച്ചു. ഒടുവില്‍ അത് യാഥാര്‍ഥ്യമാക്കി. ലോകമെമ്ബാടുമുള്ള അര്‍ജന്റീന ആരാധകര്‍ മെസിയോട് കടപ്പെട്ടിരിക്കുന്നു…വാമോസ് !കിരീടമില്ലാത്തതിന്റെ പേരില്‍ മെസി കേള്‍ക്കേണ്ടിവന്ന പഴികളെ ഓര്‍ത്തെടുക്കാം. 2014 ലെ ഫിഫ ലോകകപ്പില്‍ യൂറോപ്യന്‍ ആധിപത്യം പ്രകടമായപ്പോള്‍ ലാറ്റിന്‍ അമേരിക്കല്‍ കളിശൈലിയില്‍ പിടിച്ചുനിന്നത് അര്‍ജന്റീന മാത്രമാണ്. കരുത്തരായ ജര്‍മനിയെ ഫൈനലില്‍ അര്‍ജന്റീന നേരിട്ടു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അന്ന് ജര്‍മനി കിരീടം ചൂടിയത്. എന്നാല്‍, അര്‍ജന്റീന 2014 ല്‍ ഫൈനല്‍ കളിച്ചത് മെസി കരുത്തിലാണ്. ഏഴ് കളികളില്‍ നിന്ന് നാല് ഗോളും ഒരു അസിസ്റ്റുമായി താരം കളം നിറഞ്ഞു. യൂറോപ്യന്‍ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച ജര്‍മനി ഫൈനലില്‍ മെസിയെ പൂട്ടാന്‍ മാത്രം തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. ഗോള്‍ഡന്‍ ബോള്‍ നേടിയാണ് മെസി 2014 ല്‍ തന്റെ മികവ് പുറത്തെടുത്തത്. അപ്പോഴും കിരീടം നേടാന്‍ കഴിയാത്ത താരമെന്ന പരിഹാസങ്ങളും വിമര്‍ശനങ്ങളും മെസി ഏറ്റുവാങ്ങി.2016 കോപ്പ അമേരിക്ക ഫൈനലിലും അര്‍ജന്റീനയ്ക്ക് കാലിടറി. ഗ്രൂപ്പ് ഘട്ടത്തില്‍ 2-1 ന് തകര്‍ത്ത ചിലെയെ അര്‍ജന്റീന ഫൈനലില്‍ നേരിട്ടു. പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ചിലെയോട് അര്‍ജന്റീന തോല്‍വി വഴങ്ങിയത്. കോപ്പയിലെ മെസിയുടെ പ്രകടനത്തെ അസാധ്യമെന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ. 2016 കോപ്പയില്‍ ആറ് കളികളില്‍ നിന്നായി അഞ്ച് ഗോളും നാല് അസിസ്റ്റും മെസിയുടെ പേരിലുണ്ട്. ഇതില്‍ ഒരു ഹാട്രിക് ഗോള്‍ ഉണ്ട്. എന്നാല്‍, ഇത്തവണയും അര്‍ജന്റീന തോറ്റതോടെ എല്ലാ പഴികളും മെസി കേള്‍ക്കേണ്ടി വന്നു. ടീമിനുവേണ്ടി കളം നിറഞ്ഞു കളിച്ചിട്ടും മെസിയെ ‘ക്ലബ് സൂപ്പര്‍ താരം’ എന്ന തരത്തില്‍ പോലും വിമര്‍ശകര്‍ വിശേഷിപ്പിച്ചു. ഒടുവില്‍ മാറക്കാനയില്‍ മെസി അവസാന വിമര്‍ശകരെയും നിശ്ബദരാക്കി. ആദ്യം മികച്ച താരത്തിനുള്ള കിരീടം ഏറ്റുവാങ്ങി, തൊട്ടുപിന്നാലെ ടോപ് ഗോള്‍ സ്‌കോറര്‍ക്കുള്ള കിരീടം, ഒടുവിലിതാ കോപ്പയില്‍ ഒരു ‘മിശിഹാ മുത്തം’

You might also like

Leave A Reply

Your email address will not be published.