കായൽ സംരക്ഷകൻ രാജപ്പനെത്തേടി അന്താരാഷ്ട്ര പുരസ്കാരം

0

കുമരകം:ഉപജീവനത്തിനൊപ്പം ജലാശയ സംരക്ഷണവും ഏറ്റെടുത്ത രാജപ്പനെത്തേടി തായ്വാന്റെ പുരസ്കാരം. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ എൻ.എസ്. രാജപ്പനാണ് തായ്വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ചത്. 10,000 യു.എസ്. ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം .അരയ്ക്കുതാഴേക്ക് തളർന്ന രാജപ്പൻ വള്ളത്തിൽ സഞ്ചരിച്ച് ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ശേഖരിക്കുന്ന വാർത്ത ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ കുപ്പികൾ വിറ്റാണ് അദ്ദേഹം ജീവിക്കുന്നത്. വില്ലൂന്നി സ്വദേശിയായ കെ.എസ്. നന്ദുവാണ് ചിത്രം എടുക്കുന്നതും മാധ്യമങ്ങളെ അറിയിക്കുന്നതും. വലിയ പരിസ്ഥിതി പ്രവർത്തനമാണ് രാജപ്പൻ നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്തിൽ പ്രശംസിച്ചിരുന്നു.

പുരസ്കാരം ഏറ്റുവാങ്ങിയ രാജപ്പന്റെ ബാങ്ക് അക്കൗണ്ടിൽ അവാർഡ് തുകയും എത്തിക്കഴിഞ്ഞു.തുടർന്ന് സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ രാജപ്പന്റെ, സ്വന്തമായൊരു വള്ളവും എൻജിനുമെന്ന സ്വപ്നം സഫലമാക്കി. കിടപ്പാടമെന്ന സ്വപ്നസാക്ഷാത്കാരത്തിനായി പ്രവാസി മലയാളികൾ ആദ്യ ധനസഹായവും ചെയ്തു.

പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകൾ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും തായ്വാൻ പ്രശംസാപത്രത്തിൽ പറയുന്നു.

You might also like

Leave A Reply

Your email address will not be published.