ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ‘ഗഗന്‍യാന്‍ ‘ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രികര്‍ റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കി

0

മോസ്‌കോ: ‘ഗഗന്‍യാന്‍ ‘ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്ന നാല് വ്യോമസേനാ ഉദ്യോഗസ്ഥര്‍ റഷ്യയില്‍ ഒരു വര്‍ഷത്തെ പരിശീലനപരിപാടി പൂര്‍ത്തിയാക്കി. റോസ്‌കോസ്‌മോസ് ബഹിരാകാശ ഏജന്‍സിയുടെ കീഴിലുള്ള ഗഗാറിന്‍ കോസ്‌മോനോട്ട് ട്രെയിനിങ് സെന്ററിലായിരുന്നു വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം. 2020 ഫെബ്രുവരി പത്തിനാരംഭിച്ച പരിശീലനം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.ഐഎസ്‌ആര്‍ഒയും റഷ്യയുടെ വിക്ഷേപ സേവനസ്ഥാപനമായ ഗ്ലാവ്‌കോസ്‌മോസും തമ്മില്‍ 2019 ജൂണിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റഷ്യയില്‍ പരിശീലനം നല്‍കിയത്. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും മൂന്ന് വിങ് കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്ന നാല് വ്യോമസേനാപൈലറ്റുമാരാണ് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് വ്യോമസേന വൃത്തങ്ങള്‍ അറിയിക്കുന്നത് .അതെ സമയം റഷ്യയില്‍ നിന്നുള്ള പരിശീലനത്തിന് ശേഷം ഇവര്‍ക്ക് ഇന്ത്യയില്‍ പ്രത്യേക പരിശീലനം നല്‍കുമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. വൈകാതെ തന്നെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി മനുഷ്യരെ ബഹിരാകാശത്തേക്കയക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ വിദഗ്ധരുമായി നിരന്തരം സമ്ബര്‍ത്തിലേര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയുടെ പ്രഥമസഞ്ചാര പേടകപദ്ധതിയാണ് ‘ഗഗന്‍യാന്‍’. 2021 ഡിസംബറില്‍ പേടകം വിക്ഷേപിക്കാനായിരുന്നു പദ്ധതിയെങ്കിലും കോവിഡ് സാഹചര്യത്തില്‍ 2022 ഓഗസ്റ്റിലായിരിക്കും വിക്ഷേപണമെന്നാണ് നിലവിലെ സൂചന. ആകാശ ദൗത്യത്തിന് 10,000 കോടി രൂപയാണ് പദ്ധതി ചെലവ്. വിജയകരമായി പൂര്‍ത്തിയായാല്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ കുതിക്കും .

You might also like

Leave A Reply

Your email address will not be published.