മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്‌ളാറ്റ്; ഭൂമി വിട്ടു കിട്ടാനുള്ള നടപടികള്‍വേഗത്തിലാക്കാന്‍ നിര്‍ദേശം

0

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ചെല്ലാനം വില്ലേജില്‍ കണ്ടെത്തിയിട്ടുള്ള സര്‍ക്കാര്‍/സ്വകാര്യ ഭൂമികള്‍ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ ജനുവരി 31 നകം പൂര്‍ത്തീകരിക്കണം.പദ്ധതിയുടെ അവലോകന യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുകയായിരുന്നു മന്ത്രി. പുനര്‍ഗേഹം പദ്ധതിയുടെ ഗുണഭോക്താക്കളായി ജില്ലയില്‍ 195 പേരേയാണ് ജില്ലാതല അപ്രൂവല്‍ കമ്മിറ്റി അംഗീകരിച്ചത്. ഈ ലിസ്റ്റിലുള്ള 33 ഗുണഭോക്താക്കള്‍ കണ്ടെത്തിയ സ്ഥലങ്ങളുടെ മാര്‍ക്കറ്റ് വിലയും ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ 16 ഗുണഭോക്താക്കള്‍ കണ്ടെത്തിയ സ്ഥലങ്ങളുടെയും ഒരു ഗുണഭോക്താവ് കണ്ടെത്തിയ വീടുള്‍പ്പടെയുള്ള സ്ഥലത്തിന്റെയും കൂടി ആകെ 17 പേരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇതിനായി 1,01,18,980 രൂപ ചെലവഴിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നൗഷര്‍ ഖാന്‍ അറിയിച്ചു. 50 ഗുണഭോക്താക്കള്‍ കണ്ടെത്തിയ സ്ഥലങ്ങളുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.പദ്ധതി പ്രകാരം തിരഞ്ഞെടുത്ത 195 പേരില്‍ 100 ല്‍ താഴെ പേരാണ് തീരദേശത്ത് നിന്ന് മാറി താമസിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ഫ്‌ളാറ്റിലേക്ക് മാറാനാണ് താല്‍പര്യം അറിയിച്ചിട്ടുള്ളത്. ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

You might also like

Leave A Reply

Your email address will not be published.