വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉണര്‍ന്നു
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലി (ഡിടിപിസി)ന്റെ കീഴിലുള്ള വിലങ്ങന്‍ കുന്ന്, സ്‌നേഹതീരം ബീച്ച്, പൂമല ഡാം എന്നിവിടങ്ങളില്‍ സന്ദര്‍ശകരെത്തിത്തുടങ്ങി. 50 പേരില്‍ താഴെയായിരുന്നു ഇന്നലെ പല കേന്ദ്രങ്ങളിലും എത്തിയവരുടെ എണ്ണം. എല്ലാവരെയും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സ്ഥലങ്ങളില്‍ പ്രവേശിപ്പിച്ചത്. അതേസമയം പൂജ അവധി അടുക്കുന്നതിനാല്‍ സന്ദര്‍ശകരെത്തുമെന്ന പ്രതീക്ഷയില്‍ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡിടിപിസി സെക്രട്ടറി ഡോ. എ.കവിത പറഞ്ഞു.സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിന് അനുസരിച്ചാകും കൂടുല്‍ ആളുകളെ പ്രവേശിപ്പിക്കുക. 50 പേര്‍ക്കാണ് ഇപ്പോള്‍ പ്രവേശനാനുമതി. കൊറോണ രോഗലക്ഷണമുള്ളവരെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന നിര്‍ദേശമുണ്ട്. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കണം. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം.നിശ്ചിത ഇടവേളകളില്‍ ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നുണ്ട്. ഹോട്ടല്‍ ബുക്കിംഗും വിനോദ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് എടുക്കുന്നതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ചെയ്യാനാണ് ഇപ്പോഴുള്ള നിര്‍ദ്ദേശം. ഇതെല്ലാം പാലിക്കുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. അതേസമയം ബോട്ടങ്ങിനും മറ്റും അനുമതി ലഭിച്ചിട്ടില്ല. കളക്ടറുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.