യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരെ പ്രസിഡന്റ് ട്രംപ് അപമാനിച്ചെന്ന് റിപ്പോര്‍ട്ട്

0

കൊല്ലപ്പെട്ട സൈനികരെ ട്രംപ് ‘ലൂസേഴ്‌സ്’ എന്ന് വിശേഷിപ്പിച്ചെന്ന് അറ്റ്‌ലാന്റിക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. 2018ല്‍ പാരിസിലെ യുഎസ് സൈനികരെ അടക്കിയ സെമിത്തേരിയില്‍ സന്ദര്‍ശനം റദ്ദാക്കിയ ശേഷമാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയതെന്ന് അറ്റ്‌ലാന്റിക് മാഗസിന്‍ വ്യക്തമാക്കി.മാധ്യമ വാര്‍ത്തകള്‍ തള്ളി ട്രംപ് രംഗത്തെത്തി. ട്രംപിന്റെ പ്രസ്താവന സത്യമാണെങ്കില്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹം അര്‍ഹനല്ലെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പറഞ്ഞു. അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയും സംഭവം റിപ്പോര്‍ട്ട് ചെയ്തു. സൈനികരെ അപമാനിച്ച ട്രംപ് മാപ്പ് പറയണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. എന്നാല്‍, വ്യാജവാര്‍ത്തയാണെന്നും മാപ്പ് പറയില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിനെ പ്രതിരോധിച്ച്‌ മെലാനിയ ട്രംപും രംഗത്തെത്തി.‘ഞാനെന്തിന് ആ സെമിത്തേരിയില്‍ പോകണം. അവിടെ മൊത്തം തോറ്റവരാണ്’- എന്ന് ട്രംപ് മുതിര്‍ന്ന ഉദ്യോഗസ്ഥനോട് പറഞ്ഞതെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മോശം കാലാവസ്ഥ കാരണമാണ് സെമിത്തേരി സന്ദര്‍ശനം റദ്ദാക്കിയതെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. 1918ലെ ഒന്നാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട 1800ഓളം സൈനികരെ ട്രംപ് ‘സക്കേഴ്‌സ്’ എന്ന് വിശേഷിപ്പിച്ചെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കള്‍ ട്രംപിനെതിരെ രംഗത്തെത്തി. ട്രംപ് സൈന്യത്തെയും രാജ്യത്തെയും അപമാനിച്ചെന്ന് റിട്ട. മേജര്‍ ജനറല്‍ പോള്‍ ഈറ്റന്‍ ട്വീറ്റ് ചെയ്തു. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന റിപ്പോര്‍ട്ട് ട്രംപിന് തിരിച്ചടിയായേക്കും.

You might also like

Leave A Reply

Your email address will not be published.