ടൊവിനോയുടെ നാടന്‍ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിക്ക് സാക്ഷാല്‍ ‘കൃഷിന്റെ’ അഭിനന്ദനം

0
ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ഹീറോ എന്ന താരപരിവേഷം യുവതലമുറയുടെ മനസ്സില്‍ സൃഷ്‌ടിച്ചത്‌ ആരെന്നുള്ള ചോദ്യത്തിന് മറുപടി ഒരു പേരാവും; കൃഷ് അഥവാ ഋതിക് റോഷന്‍. ഇന്നിപ്പോള്‍ സൂപ്പര്‍ ഹീറോ ഇങ്ങു മലയാളത്തില്‍ വരെയെത്തി. മലയാള സിനിമയുടെ നാടന്‍ സൂപ്പര്‍ ഹീറോയായി ടൊവിനോ തോമസ് വേഷമിടുന്ന ചിത്രമാണ് മിന്നല്‍ മുരളി. കഴിഞ്ഞ ദിവസം ഈ സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു.ഒന്നിലധികം ഭാഷകളില്‍ റിലീസാവുന്ന ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തുകൊണ്ട് മിന്നല്‍ മുരളിക്ക് അഭിനന്ദനം അറിയിക്കുകയാണ് സാക്ഷാല്‍ കൃഷ് അഥവാ ഋതിക് റോഷന്‍. ഋതിക്കിന്റെ പോസ്റ്റ് പങ്കിട്ടുകൊണ്ട് ടൊവിനോ തോമസ് തന്റെ സന്തോഷവും നന്ദിയും അറിയിക്കുന്നു.

ഗോദ എന്ന സ്പോര്‍ട്സ് പ്രമേയ ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ്. 2019 ആരംഭത്തില്‍ പ്രഖ്യാപിച്ച ചിത്രം 2019 ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ചു. കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയും ലോക്ക്ഡൗണും കാരണം ഷൂട്ടിംഗ് നിര്‍ത്തി വച്ചിരുന്നു. സിനിമയ്ക്കായി കാലടിയില്‍ ഉയര്‍ന്ന സെറ്റിന് നേരെയുള്ള ആക്രമണം വിവാദമായിരുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

You might also like

Leave A Reply

Your email address will not be published.