അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതിന് പിന്നാലെ ഇന്നലെ രാവിലെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ ശക്തമായി
രണ്ട് ദിവസത്തിനുള്ളില്‍ വീണ്ടും മഴ കുറയുമെന്നാണ് നിഗമനം. എന്നാല്‍ ഈ മാസം മൊത്തം ഇടവിട്ടുള്ള മഴ തുടരും.തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ അവസാന മാസത്തിലേക്ക് എത്തി നില്‍ക്കുമ്ബോഴാണ് മഴ തിരിച്ച് വരവ് നടത്തുന്നത്. നീണ്ട 18 ദിവസത്തെ മണ്‍സൂണ്‍ ബ്രേക്കിന് ശേഷം ഈ മാസം ആദ്യമാണ് സംസ്ഥാനത്ത് കാലവര്‍ഷം തിരികെയെത്തിയത്. മഴ തിരിച്ചെത്തുമെന്ന് കാട്ടി ജന്മഭൂമി ആഗസ്റ്റ് 26ന് വാര്‍ത്ത നല്‍കിയിരുന്നു. ഇത് ശരിവെയ്ക്കും തരത്തിലാണ് നിലവിലെ കാലവസ്ഥ മാറ്റം.10 വരെ മദ്ധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും വിവിധയിടങ്ങില്‍ ഐഎംഡി മഴ സാധ്യത പ്രവചിക്കുന്നുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്.ഇന്നലെ രാവിലെയാണ് അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലയിലും കിഴക്കന്‍ മദ്ധ്യമേഖലയിലുമായാണ് (കവരത്തിയ്ക്ക് സമീപം) ന്യൂനമര്‍ദം രൂപമെടുത്തത്. അടുത്ത 24 മണിക്കൂറിനിടെ വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദത്തിന് പിന്നീട് ശക്തി കുറയും. ഇതനുസരിച്ച് തെക്കന്‍ കേരളത്തില്‍ മഴ കുറയും മദ്ധ്യ-വടക്കന്‍ കേരളത്തില്‍ മഴ കൂടും.കേരള തീരത്ത് 45-55 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്. കടലിലും പഞ്ചിമഘട്ടത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ 40 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് അര്‍ദ്ധരാത്രി വരെ തിരമാല ഉയരാന്‍(3.9 മീറ്റര്‍) സാധ്യതയുള്ള കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നു.