‘വിമാനം ആകാശത്ത് പലവട്ടം വട്ടംകറങ്ങി, ലാന്‍ഡിംഗില്‍ വേഗത നിയന്ത്രിക്കാനായില്ല’; അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു
ഇതിനോടകം 19 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 173 യാത്രക്കാര്‍ ഇപ്പോഴും ചികിത്സയിലാണ്. അതില്‍ ചിലര്‍ അത്യാസന്ന നിലയിലാണ്. ലാന്റിങിന് മുന്‍പ് തന്നെ കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് വിമാനം ഒന്നിലേറെ തവണ വട്ടം കറങ്ങിയെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നത്.”വിമാനം ലാന്റ് ചെയ്തതിന് മുന്‍പ് ആകാശത്ത്, നിര്‍ത്താനാവാത്ത രീതിയില്‍ കറങ്ങി കറങ്ങി നില്‍ക്കുകയായിരുന്നു. ഞാന്‍ ബെല്‍റ്റ് ഇട്ടിരുന്നു. എന്നിട്ടും തലയും കണ്ണിന്റെ ഭാഗവും മുന്നിലോട്ട് ആഞ്ഞ് ഇടിച്ചു. എനിക്ക് നല്ല ബോധം ഉണ്ടായിരുന്നു. ഞാന്‍ തന്നെ എമര്‍ജന്‍സി ഡോറില്‍ കൂടി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. വിമാനാപകടം വളരെ അപ്രതീക്ഷിതമായിരുന്നെന്നും മുന്നറിയിപ്പു പോലും ഉണ്ടായിരുന്നില്ലെന്നും സിദ്ധിഖ് മുഹമ്മദ് എന്ന യാത്രകന്‍ പറയുന്നു.”ലാന്റ് ചെയ്തതും മൊത്തം അങ്ങ് ക്രാഷായി. പിന്നെ ഞങ്ങള്‍ അതിന്റെ ഉള്ളില്‍ കുടുങ്ങിപ്പോയി. കുറച്ച് സമയം അതിന്റെ ഉള്ളിലിരുന്നിരുന്നു. വിമാനം ചൂടാകുന്നതൊക്കെ അറിഞ്ഞു. പുറത്തേക്ക് എത്തിയപ്പോഴാണ് ആളുകള്‍ മരിച്ചതൊക്കെ അറിഞ്ഞത്. മറ്റൊന്നും അറിഞ്ഞില്ല. ലാന്റ് ചെയ്യുന്നതിന് മുന്‍പ് തന്നെ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടിരുന്നു. പൊതുവേ വിമാനത്തില്‍ യാത്ര ചെയ്യുമ്ബോഴുള്ള ശബ്ദമായിരുന്നില്ല. ലാന്റ് ചെയ്തപ്പോള്‍ സമാധാനമായി. എന്നാല്‍ ലാന്റ് ചെയ്തപ്പോഴുള്ള വിമാനത്തിന്റെ വേഗം നിയന്ത്രിക്കാനായില്ല. അങ്ങിനേ പോയി അത് ക്രാഷായി. അത്രയേ അറിയൂ. ഏറ്റവും മുന്നിലായിരുന്നു ഞാനും മോളും ഉമ്മയും ഒക്കെയുണ്ടായിരുന്നു.- അപകടത്തില്‍പ്പെട്ട ഫാത്തിമ വ്യക്തമാക്കി.കനത്ത മഴയെത്തുടര്‍ന്നുണ്ടായ കാഴ്ചാ തടസ്സവും റണ്‍വേയിലെ വെള്ളക്കെട്ടുമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ടേബിള്‍ടോപ് മാതൃകയിലുള്ള റണ്‍വേയാണു കോഴിക്കോട്ടേത്. ഇതിന്റെ പടിഞ്ഞാറു ഭാഗത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തെന്നിനീങ്ങി താഴേക്കു പതിക്കുകയായിരുന്നു. നാട്ടുകാരും വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയുമാണ് രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമിട്ടത്.