ഓണം എന്ന പേരിനു പിന്നിലെ കഥ

0

ഓണം മലയാളികളുടെ സംസ്ഥാനോല്‍സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച്‌ പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തില്‍ ഓണം തമിഴ്‌നാട്ടില്‍ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം.സംഘകാലത്ത് കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നു. അക്കാലത്ത് മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങള്‍ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീര്‍ന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആണ്. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച്‌ പാലിയുടെ തന്നെ നയമനുസരിച്ച്‌ ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി എത്തുകയായി. അതാണ് പൊന്നിന്‍ ചിങ്ങമാസവും, പൊന്നോണം എന്നീ പേരുകള്‍ക്കും പിന്നില്‍.എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാര്‍ഹികോത്സവമായി മാറി. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും അതിനേക്കാള്‍ വളരെ മുന്‍പേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ വെളിപ്പെടുത്തുന്നു.സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ് ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത്. കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തില്‍ വിളവെടുപ്പിനേക്കാള്‍ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മില്‍ ഉണ്ടായ വ്യത്യാസത്തിനു കാരണം.

You might also like

Leave A Reply

Your email address will not be published.