ഇന്ന് തിരുവോണം

0

അത്തം 10

കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്.കേരളത്തിലെ ജനങ്ങൾ മലയാള കലണ്ടർ പിന്തുടരുന്നു, കൊല്ലവർഷം എന്നാണിത് അറിയപ്പെടുന്നത്. മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു. അതായത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓണം യഥാക്രമം ആഗസ്ത് – സെപ്തംബർ മാസങ്ങളിൽ ആഘോഷിക്കപ്പെടുന്നു.ആദ്യദിനത്തെ അത്തമെന്നും പത്താം ദിവസത്തെ തിരുവോണമെന്നും പറയുന്നു.മറ്റു ദിവസങ്ങളെ അപേക്ഷിച്ചു ഈ രണ്ടു ദിവസവും ഓണത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ പത്തു ദിവസവും കേരളത്തിലെ ജനങ്ങൾ അവരുടെ സംസ്കാരവും പാരമ്പര്യവും അവതരിപ്പിച്ചത് കണ്ടിട്ടാണ് 1961 ൽ ഓണത്തെ കേരളത്തിലെ ദേശീയഉത്സവമായി പ്രഖ്യാപിച്ചത്.ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. ഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.

ഓണപ്പൂക്കളം.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയായിരുവല്ലൊ! കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമർശങ്ങൾ കാണുന്നത്‌. ഇന്ദ്രവിഴാ എന്ന് മാങ്കുടി തുരനാരുടെ കൃതിയിൽ കാണാം.ഇന്ദ്രന്റെ വിജയം എന്നാണ് ഇതിന് അർത്ഥം. അഥവാ അസുരനായ മഹാബലിയെ ദേവനായ വിഷ്ണു പരാജയപ്പെടുത്തിയതിന്റെ സൂചന ഇതിലുണ്ട്. അസുര ദ്രാവിഡരാണ് ഈ ഓർമ്മ വരുഷാവർഷം അനുസ്മരിച്ചു വന്നത്.പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.

You might also like

Leave A Reply

Your email address will not be published.