ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടികട്ട് എന്നിവിടങ്ങളിലെ ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ അസോസിയേഷനുകള്‍ (എഫ്.ഐ.എ) 2020 ആഗസ്റ്റ് 15 ന് ടൈംസില്‍ ആദ്യത്തെ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തി ചരിത്രം സൃഷ്ടിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക പ്രദര്‍ശിപ്പിക്കുന്നത് ഇതാദ്യമായാണെന്നും, ന്യൂയോര്‍ക്കിലെ കോണ്‍സല്‍ ജനറല്‍ ഒഫ് ഇന്ത്യ രണ്‍ദീര്‍ ജയ്സ്വാള്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരിക്കുമെന്നും സംഘടന വ്യക്തമാക്കി. ആഘോഷത്തിന്റെ ഭാഗമായി എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങ് ഓറഞ്ച്, വെള്ള, പച്ച എന്നീ വര്‍ണദീപങ്ങള്‍ കൊണ്ട് അലങ്കരിക്കും.ഇത് ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ രാജ്യസ്നേഹത്തിന്റെ തെളിവാണെന്നും സംഘാടകര്‍ അറിയിച്ചു.അസോസിയേഷന്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് മാസം പരേഡ് സംഘടിപ്പിക്കാറുണ്ട്. മാന്‍ഹട്ടനില്‍ നടക്കുന്ന പരേഡില്‍ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ള പ്രമുഖര്‍ പതിവായി പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇത്തവണ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പരേഡ് ഉപേക്ഷിച്ചിരിക്കുകയാണ്.