വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മുന്നറിയിപ്പ്

0

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ , കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം തൃശൂര്‍, പാലക്കാട്, എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 40 മുതല്‍ 50 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും നാല് മീറ്റര്‍ ഉയരത്തില്‍ തിമരമാല അടിക്കാനും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.ചൊവ്വാഴ്ച രാത്രി മുതല്‍ കനത്ത മഴ ലഭിച്ചതോടെ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. രാത്രി ആരംഭിച്ച മഴ ഉച്ചയായിട്ടും ശക്തമായി തന്നെ തുടരുകയാണ്. ഇതോടെ കൊച്ചി നഗരത്തിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടായി മാറിയതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുള്ളത്. ഇടപ്പള്ളി, പാലാരിവട്ടം, പനമ്ബിള്ളി നഗര്‍ എന്നിവിടങ്ങളില്‍ റോഡുകള്‍ വെള്ളക്കെട്ടില്‍ മുങ്ങിയ നിലയിലാണുള്ളത്. പനമ്ബള്ളി നഗര്‍ ഖോഡിലും വെള്ളം നിറഞ്ഞ് ഒഴുകുന്നതിനൊപ്പം സൌത്ത് കടവന്ത്ര, കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ്, എംജി റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. നഗരത്തിന് പുറത്തെ കുണ്ടന്നൂരിലും പേട്ട ജംങ്ഷനിലും തോപ്പുംപടിയിലും വെള്ളം കയറിയ നിലയിലാണുള്ളത്.കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലാണ് ശക്തമായ മഴ തുടരുന്നുണ്ട്. തൊട്ടില്‍പ്പാലം പുഴ കരകവിഞ്ഞൊഴുകിയതോടെ ഏഴ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മുള്ളന്‍കുന്ന് നിടുവാന്‍ പുഴയും കരകവിഞ്ഞൊഴുകിയിട്ടുണ്ട്. മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ഇതോടെ അന്ധകാരനഴി പൊഴി മുറിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.എറണാകുളം പള്ളുരുത്തിയില്‍ ചില വീടുകളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. പനമ്ബള്ളി നഗറില്‍ കടകളിലേക്ക് വെള്ളം കയറിയതോടെ കടകള്‍ അടച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ജില്ലാ ഭരണകൂടം ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാനകള്‍, കനാലുകള്‍, തോടുകള്‍ എന്നിവ വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ മഴക്കാലത്തിന് മുമ്ബ് തന്നെ ആരംഭിച്ചിരുന്നു. എന്നാല്‍ മഴ കനത്തതോടെ ഈ പ്രവര്‍ത്തനങ്ങളൊന്നും ഫലം കണ്ടില്ലെന്ന് തന്നെയാണ് കണക്കാക്കേണ്ടത്.

You might also like

Leave A Reply

Your email address will not be published.